Tess J S


ഉരഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുതലകള്‍ 19 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയിലുണ്ട്. ഇത്രയും നീണ്ട വര്‍ഷക്കാലം ശാരീരികമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാത്ത അപൂര്‍വ്വം ജീവിവര്‍ഗങ്ങളില്‍ ഒന്ന് മുതല തന്നെയായിരിക്കും. മിസോസോയിക് യുഗത്തില്‍ നിന്ന് തുടങ്ങുന്നു ഇവരുടെ ജീവിത കഥ. ഇന്നുള്ള ഉരഗങ്ങളില്‍ വച്ച് വലുപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതും മുതലകളാണ്.
ഇന്ത്യയില്‍ മൂന്ന് സ്പീഷീസുകളിലായി പതിനായിരത്തിനും, പതിനയ്യായിരത്തിനുമിടയില്‍ മുതലകള്‍ കാണപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന മൂന്നിനം മുതലകളാണ് മഗ്ഗര്‍, ഘരിയല്‍, ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന ക്രോകോഡൈലസ് പോറോസസ് എന്നിവ. ഘരിയല്‍ മുതലകളെ ഗാവിയല്‍ എന്നും അറിയപ്പെടുന്നു.
വെള്ളത്തില്‍ വളരെവേഗം നീന്താന്‍ കഴിയുന്ന മുതലകള്‍ക്ക് കരയിലും സാമാന്യം വേഗതയില്‍ ഇഴഞ്ഞു നീങ്ങാനാകും. മാംസാഹാരികളാണ് ഇവ.
എണ്ണത്തില്‍ വളരെക്കുറച്ച് മാത്രം കാണപ്പെടുന്ന മഗ്ഗര്‍ മുതലകളെ പുഴകളിലും തടാകങ്ങളിലും കണ്ടുവരുന്നു. തമിഴ്‌നാട്ടിലെ അമരാവതി റിസര്‍വോയറിലാണ് മഗ്ഗര്‍ മുതലകളെ ധാരാളമായി കാണാന്‍ കഴിയുക. ഉപ്പുവെള്ളത്തില്‍ കാണപ്പെടുന്ന ക്രോക്കഡൈലസ് പോറോസസ് എന്ന മുതലകളെ സോള്‍ട്ട് വാട്ടര്‍ ക്രോക്കഡൈല്‍ എന്നും അറിയപ്പെടുന്നു. ഏഴു മീറ്ററോളം വളരുന്ന ഇവയ്ക്ക് ആയിരം കിലോ ഗ്രാം വരെ ഭാരമുണ്ടാകും. ഇന്ത്യയില്‍ ഗംഗാനദിയുടെ അഴിമുഖത്ത് കണ്ടുവരുന്ന ഇവയെ ഒറീസ്സയില്‍ ഭിത്താര്‍കാനിയ വന്യജീവിസങ്കേതത്തില്‍ സംരക്ഷിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഘരിയല്‍ എന്നയിനത്തെ ഗംഗ, യമുന, ബ്രഹ്മപുത്ര എന്നീ നദികളില്‍ മാത്രമെ കാണാന്‍ കഴിയൂ. മത്സ്യങ്ങളാണ് ഇഷ്ടഭക്ഷണം. ഇവയുടെ തലയുടെ മുന്‍ഭാഗം നീണ്ടു മെലിഞ്ഞ് കാണപ്പെടുന്നു.
ശക്തിയായി കടിയേല്‍പ്പിക്കാന്‍ കഴിയുന്ന ജീവിയായ മുതലകളുടെ വായ വളരെ വേഗത്തില്‍ അടയുമെങ്കിലും തുറക്കുന്ന പേശികള്‍ക്ക് ശക്തി കുറവായതിനാല്‍ സാവകാശമെ തുറക്കാന്‍ കഴിയുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here