കല്ലേന്‍ പൊക്കുടന്‍

0
1601

Arya A J


കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിനു വേണ്ടി സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞുവച്ച വ്യക്തിയാണ് ‘കണ്ടല്‍ പൊക്കുടന്‍’ എന്ന പേരില്‍ പ്രശസ്തനായ കല്ലേന്‍ പൊക്കുടന്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഇദ്ദേഹം, കണ്ടല്‍ വനങ്ങളുടെ പ്രാധാന്യവും അനിവാര്യതയും കേരളീയ ജനതയെ ബോധ്യപ്പെടുത്തി.
1937ല്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീല്‍ തറയിലാണ് കല്ലേന്‍ പൊക്കുടന്റെ ജനനം. പുലയ സമുധായത്തില്‍പ്പെട്ട അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം. ജനിച്ചപ്പോള്‍ തന്റെ പൊക്കിള്‍ ബലൂണ്‍ പോലെ വീര്‍ത്തിരുന്നതിനാലാണ് തനിക്ക് ‘പൊക്കുടന്‍’ എന്ന പേര് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. താഴ്ന്ന ജാതിയില്‍ ജനിച്ചതിനാല്‍ തന്നെ അവഗണനയും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു പൊക്കുടന്റേത്. അദ്ദേഹം രണ്ടാം ക്ലാസ് വരെ മാത്രമെ വിദ്യാഭ്യാസം ചെയ്തിട്ടുള്ളു.
1940കളില്‍ കേരളത്തില്‍ രൂക്ഷമായിരുന്ന ജാതിവിവേചനത്തിന്റെയും ജന്മി വ്യവസ്ഥിതിയുടെയും കയ്പ്പു നിറഞ്ഞ ജീവിതാനുഭവങ്ങള്‍ പൊക്കുടനെ പല പാഠങ്ങളും പഠിപ്പിച്ചു. തന്നെ പോലുള്ള ദരിദ്രര്‍ക്കു വേണ്ടി നിലകൊള്ളുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം, തന്റെ 18ാം വയസ്സില്‍ കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സമരങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലുമെല്ലാം സജീവമായി പങ്കെടുത്തു. 1964ല്‍ പാര്‍ട്ടി വിഭജിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്‌നൊപ്പം പക്ഷം ചേര്‍ന്നു. 196869ലെ ഏഴോം കര്‍ഷക തൊഴിലാളി സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, ഒരു ജന്മിയുടെ വാടക കൊലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പൊക്കുടന്‍, ജയില്‍വാസം അനുഭവിക്കുകയുമുണ്ടായി. ഇങ്ങനെ രാഷ്ട്രീയ മേഖലയില്‍ സജീവ പങ്കാളിയായിരുന്ന അദ്ദേഹം, പിന്നീട് പല കാരണങ്ങളാലും പാര്‍ട്ടിയില്‍ നിന്നകന്നു. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.
രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയ പൊക്കുടന്‍, പ്രകൃതിയേയും ചുറ്റുപാടിനേയും ശ്രദ്ധിക്കാന്‍ ആരംഭിച്ചു. പരിസ്ഥിതി പരിചരണവും കണ്ടല്‍വനങ്ങളുടെ സംരക്ഷണവും അദ്ദേഹം തന്റെ ജീവിതലക്ഷ്യമായി തിരഞ്ഞെടുത്തു. തീരപ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളായ കണ്ടല്‍കാടുകളുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം, ഒരു ലക്ഷത്തോളം കണ്ടല്‍ചെടികള്‍ വച്ചു പിടിപ്പിച്ചു. തീരപ്രദേശ സംരക്ഷണത്തിനും കൊടുങ്കാറ്റിന്റെ വേഗതയെ നിയന്ത്രിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനുമെല്ലാം കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സമൂഹത്തെ ബോധവത്കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
സഫലീകരിച്ചു കൊണ്ടിരുന്ന കണ്ടല്‍ കൃഷിയുടെ രണ്ടാം ഘട്ടത്തില്‍, ഏതാണ്ട് 1000 ചെടികള്‍ നട്ടു വളര്‍ത്തിയപ്പോഴാണ് പയ്യന്നൂര്‍ കോളേജിലെ അധ്യാപകനായിരുന്ന ടി. പവിത്രന്‍ ഇത് കാണാനിടയായത്. അദ്ദേഹം അറിയിച്ചതനുസരിച്ച് ‘മാതൃഭുമി’യുടെ ഫോട്ടോഗ്രാഫര്‍ മധുരാജ് ഇതെ കുറിച്ച് ‘മാതൃഭൂമി’ ദിനപത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതോടെയാണ് പൊക്കുടനെ ലോകം തിരിച്ചറിയുന്നത്. പൊക്കുടന്റെ കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശിക്കാനെത്തിയ ഹംഗാറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍നിത്തോളജി ഡൈറക്ടറായ അറ്റീലിയ ബന്‍കോവിച്ച്, ‘ഇത്രയും ജൈവ വൈവിധ്യം ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയില്ല’ എന്ന് അഭിപ്രായപ്പെട്ടത് പൊക്കുടന്റെ പ്രവര്‍ത്തികളുടെ പ്രാധാന്യം വിളിച്ചോതുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശോഭിച്ച പൊക്കുടന്‍ തന്റെ അടിസ്ഥാന സാക്ഷരതയുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ ഒന്നിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം , ‘ചൂട്ടച്ചി’, ‘കണ്ടല്‍ ഇനങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ കണ്ടലിനെക്കുറിച്ചും കണ്ടല്‍ പൊക്കുടന്റെ ജീവിതത്തെക്കുറിച്ചുമുള്ള ഒരു വ്യക്തമായ ചിത്രം വായനക്കാര്‍ക്ക് നല്‍കുന്നു. ‘പൊക്കുടന്‍ എഴുതാത്ത ആത്മകഥ’ എന്ന പേരില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് താഹാ മാടായി എഴുതിയ ഗ്രന്ഥവും പൊക്കുടന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നു. മാത്രവുമല്ല, അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2011ല്‍ കവിയൂര്‍ ശിവപ്രസാദ്, ‘സ്ഥലം’ എന്ന പേരില്‍ ഒരു സിനിമയും ചിത്രീകരിച്ചിട്ടുണ്ട്.
കണ്ടല്‍ക്കാടുകളെ അത്രമേല്‍ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും അവയുടെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്ത ഈ പ്രകൃതി സ്‌നേഹി, 2015 സെപ്റ്റംബര്‍ 27ന്, തന്റെ 78മത്തെ വയസ്സില്‍, വാര്‍ധ്യക സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. അസാധാരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച ഈ സാധാരണക്കാരന്‍, വനമിത്ര പുരസ്‌കാരം, ഹരിതമിത്ര പുരസ്‌കാരം, ഭൂമി മിത്ര പുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here