മാധ്യമ സംസ്‌ക്കാരം

മാധ്യമം എന്നാല്‍ മദ്ധ്യത്തില്‍ നില്‍ക്കുന്നത്, അഥവാ മദ്ധ്യസ്ഥം വഹിക്കുന്നത് എന്നര്‍ത്ഥം.  ഒരുവനിലുള്ള ആശയങ്ങള്‍, ലഭ്യമായ മാര്‍ഗ്ഗങ്ങളിലൂടെ മറ്റൊരുവനിലേക്ക് പകര്‍ത്താനുതകുന്ന  സങ്കേതങ്ങളാണ് മാദ്ധ്യമങ്ങള്‍.  ദൃശ്യ, സ്പര്‍ശ്യ, ശ്രവണ മാധ്യമങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

ഒരു സംസ്‌ക്കാരത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങള്‍.  അതിനാല്‍ത്തന്നെ ഒരു സംസ്‌ക്കാരവും മാധ്യമങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.  മാധ്യമങ്ങള്‍ മാനുഷിക സംസ്‌ക്കാരത്തിന്റെ പരിണാമ വാഹകരാണ് എന്നതാണിതിനു കാരണം.  മാനുഷിക വികാസവും, അതിനൊപ്പമുള്ള മാധ്യമ വളര്‍ച്ചയും പരിശോധിച്ചാല്‍ ഇക്കാര്യത്തിന്റെ നിജസ്ഥിതി നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

മാധ്യമങ്ങള്‍ മനുഷ്യന്റെ മാത്രം കുത്തകയല്ല.  മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കുപോലും മാധ്യമങ്ങള്‍ ഉണ്ടെന്ന് ആധ്യന്തിക പഠനങ്ങള്‍ തെളിയിക്കുന്നു.  ഉദാ:- സംഗീതം കേള്‍പ്പിച്ച  ചെടികള്‍ നന്നായി വളര്‍ന്നു.  മൃഗങ്ങളുടേതില്‍ നിന്നു ഉരിത്തിരിഞ്ഞു വന്ന ബൗ ബൗ സിദ്ധാന്തവും, മണിനാദത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡിംഗ് ഡോം സിദ്ധാന്തവുമൊക്കെ ഈ വസ്തുത തെളിയിക്കാന്‍ പര്യാപ്തമാണ്.

മനുഷ്യനില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.  അവന്റെ അനുദിനജീവിതവുമായി മാധ്യമങ്ങള്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു.  അതിനാലാണ് ”ജനാധിപത്യവ്യവസ്ഥിതിയുടെ കാവല്‍ഭടന്മാരാണ് മാധ്യമങ്ങള്‍” എന്ന് പറയപ്പെടുന്നത്.  മാധ്യമങ്ങള്‍ കാലങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയാണ്.  അവ സംസ്‌ക്കാരത്തിന്റെ പ്രതിഛായയാണ്.  കുടുംബബന്ധങ്ങളുടെ മദ്ധ്യവര്‍ത്തികളാണ്.  മാധ്യമങ്ങള്‍ മനുഷ്യന്റെ വ്യക്തിത്വരൂപീകരണത്തിലെ ഒരു പ്രധാന ഘടകമാണ്… ഇങ്ങനെ പോകുന്നു മാധ്യമത്തിനുള്ള നിര്‍വചനങ്ങള്‍.

മാധ്യമങ്ങളുടെ ആരംഭവും വികാസവും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതാണ്.  ആംഗ്യഭാഷയില്‍ നിന്നും അഭനയ കലയും, ചുവരെഴുത്തുകളില്‍നിന്നും ചിത്രകലയും, ശബ്ദക്രമീകരണങ്ങളില്‍ നിന്നും അനുകരണകലയും ഉടലെടുത്തു എന്ന് അനുമാനിക്കാം.

ഇത് വേഗത്തിന്റെ കാലഘട്ടം.  ദൂരവും സമയവും ചുരുങ്ങിച്ചുരുങ്ങി ഈ വലിയ ലോകം ചെറിയ മനുഷ്യരുടെ കൈപ്പിടിയിലൊതുക്കുന്നു.  പഴയ സങ്കേതങ്ങള്‍ വിട്ടൊഴിഞ്ഞ് പുതിയതിലേക്ക് ചേക്കേറാനുള്ള പരക്കം പാച്ചില്‍ എവിടെയും ദൃശ്യമാണ്.  ഈ പ്രത്യേകത മാധ്യമ രംഗത്തും വിഭിന്നമല്ല.

സാവധാനത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കാലചക്രത്തിന്റെ വേഗത വര്‍ദ്ധിച്ചതോടുകൂടി മാധ്യമങ്ങളുടെ വേഗതയും അനിവാര്യമായിത്തീര്‍ന്നു.  ആശയസംവേദനത്തിനും, ലോകവിജ്ഞാന സമ്പാദനത്തിനുമൊക്കെ മാധ്യമങ്ങള്‍ ഉത്തമസുഹൃത്തായി വര്‍ത്തിക്കുന്നു.  അനുദിന ജീവിതത്തില്‍ നാം നിരവധി മാധ്യമങ്ങളിലൂടെ  കടന്നു പോകാറുണ്ട്.  സൗകര്യപ്രദമായവയും, ബുദ്ധിമുട്ടുളവാക്കുന്നയും അവയില്‍ കണ്ടെന്നു വരാം.

മാധ്യമത്തിന്റെ വളര്‍ച്ചയ്ക്ക് വിഭിന്ന ഭാവവും, രൂപവും ഉണ്ട്.  അത് സ്ഥല-കാലങ്ങള്‍ക്കനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു.  കാലത്തിനൊപ്പം ചലിക്കുന്ന മാധ്യമ സംസ്‌ക്കാരത്തിന്റെ ചില സങ്കേതങ്ങള്‍ നമുക്ക് പരിശോധിക്കാം.

  1. വര്‍ത്തമാനപ്പത്രങ്ങള്‍

ലോകവിവരം അതിരാവിലെ കണ്‍മുമ്പിലെത്തിക്കുന്ന ഒരു വിശ്വസ്ത മാധ്യമം 16 ഉം 17 ഉം  നൂറ്റാണ്ടോടുകൂടിത്തന്നെ ദിനപ്പത്രങ്ങള്‍ നിലവില്‍ വന്നു.  ഏറ്റവും ജനപ്രീതിയുള്ള ഒരു മാധ്യമമാണ് പത്രങ്ങള്‍.  ഇത് രാഷ്ട്രീയവും, സാമ്പത്തീകവും, സാമൂഹികവുമായ എല്ലാ മേഖലകളെക്കുറിച്ചുള്ള അറിവ് നല്‍കുന്നതിനൊപ്പം അവയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും ഉപകരിക്കുന്നു.

2. പുസ്തകങ്ങള്‍

അച്ചടി യന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് പുസ്തകങ്ങളുടെ ജനനം.  ഒരു അനശ്വര മാധ്യമമായി പുസ്തകങ്ങള്‍ തുടരുന്നു.  ഇവയ്ക്ക് മരണമില്ല.  മിനിമയം ആവര്‍ത്തനത്തിലൂടെ നിലനില്ക്കുന്നു.

3. റേഡിയോ

  ഏവരെയും ആകര്‍ഷിക്കുന്ന ഒരു ശ്രവണ മാധ്യമമാണ് റേഡിയോ.  പാര്‍പ്പിടത്തോ,  വേണമെങ്കില്‍ പാടത്തോ പറമ്പത്തോ വച്ച്തന്നെ ഉപയോഗിക്കാമെന്നതിനാല്‍ ഈ ശ്രവണമാധ്യമം വളരെവേഗം പ്രചാരത്തിലായി.

4. ടെലിവിഷന്‍

ശ്രവണ-ദൃശ്യ സമ്മിശ്രമായ ടെലിവിഷന്‍ എന്ന മാധ്യമത്തിന് സംവേദനക്ഷമത കൂടുതലാണ്.  സ്വീകരണമുറിയിലോ, വാഹനത്തിലോ പോലുമിരുന്ന് ഈ വലിയ ലോകത്തെ, മുന്നിലുള്ള ചെറിയ ടി. വി. യിലൂടെ നോക്കിക്കാണാകുന്നു.  മനുഷ്യനെ തന്റെ സ്വാധീന വലയത്തിലെത്തിക്കാനുള്ള മാസ്മര ശക്തിയുള്ള ഈ മാധ്യമത്തിന് ‘വിഡ്ഢിപ്പെട്ടി’ എന്ന ഓമനപ്പേരും ഉണ്ട്.

5. ടെലിഫോണ്‍

ഗ്രാമങ്ങളില്‍പ്പോലും സാധാരണമായ ഒരു ജനപ്രീയ മാധ്യമമാണ് ടെലിഫോണ്‍ അഥവാ ‘ദൂരശ്രാവി’  ഒരു ശ്രവണമാധ്യമമായി  തുടങ്ങി, ദൃശ്യ-ശ്രവണ മാധ്യമമായി ഇന്ന് ഇത് ഉയര്‍ന്നിരിക്കുന്നു.  ഫോണുപയോഗിച്ച് രണ്ടുപേര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും വിനിമയം സാധ്യമാക്കുന്നു.  ഇതാണ് ഇതിന്റെ എടുത്തുപറയത്തക്ക നേട്ടം.

6. കമ്പ്യൂട്ടര്‍

‘കണക്കുകൂട്ടല്‍’ ജോലിയുമായി രംഗത്തെത്തിയ കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തലവന്‍, ഇന്ന് മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒരു മാധ്യമമായി മാറിയിരിക്കയാണ്.  കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തിനും              അവയുടെ പ്രവര്‍ത്തനത്തിനും പിന്നിലുള്ള ഘടകം കമ്പ്യൂട്ടറല്ലാതെ മറ്റൊന്നുമല്ല.  ഇന്റര്‍നെറ്റിന്റെയും, ഇ-മെയിലിന്റെയും ഒക്കെ കണ്ടുപിടിത്തങ്ങള്‍ ഈ പഴഞ്ചന്‍ ഭൂമിയെ ഒരു ദേവലോകമാക്കി മാറ്റിയിരിക്കുന്നു.

7. സിനിമ

മനുഷ്യന്റെ ജീവിതം തന്നെ വരച്ചുകാട്ടുന്ന ഒരു ‘ജീവിക്കുന്ന മാധ്യമം’ ആണ് സിനിമ.  ഇവയ്ക്ക് മനുഷ്യന്റെ ജീവിതത്തെത്തന്നെ സ്വാധീക്കാനാവും.

8. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍

വേഗത്തിന്റേതായ ഈ കാലഘട്ടത്തിന്റെ അനിവാര്യതയായി ഇന്ന് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മാറിയിരിക്കുന്നു.  മാധ്യമങ്ങളുടെ സ്വഭാവ വ്യതിയാനങ്ങളനുസരിച്ച്, അവ മൂലം ഉണ്ടാകുന്ന കോട്ടവും നേട്ടവും വ്യത്യസ്തമാണ്.  തുച്ഛമായ ഒരു തുക കൊടുത്ത് സ്വന്തമാക്കാവുന്ന ഉപകരണങ്ങള്‍ മുതല്‍ കോടിക്കണക്കിന് വിലമതിക്കുന്ന ഉപകരണങ്ങള്‍  വരെ ഇന്ന് ഇലക്‌ട്രോണിക് രംഗത്തുണ്ട്.  ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന മാധ്യമമാണ് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍.  ഒഴിച്ചുകൂടാനാവാത്ത ഒരു മാധ്യമമായി ഇതിനെ കണക്കാക്കാം.  വിജ്ഞാനം മുതല്‍ വിനോദം വരെ ഏതാവശ്യകാര്യത്തിനും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ലഭ്യമാണ്.  ഒരുദാഹരണം പരിശോധിക്കാം: മുന്‍കാലങ്ങളില്‍ ഒരു ചായയുണ്ടാക്കണമെങ്കില്‍ സങ്കീര്‍ണ്ണമായ നിരവധി ഘട്ടങ്ങള്‍ കൂടിച്ചേരണമായിരുന്നു.  അടുപ്പ്, വിറക്, തീ, … അങ്ങനെ നിരവധി ഘടകങ്ങള്‍.  അവയ്‌ക്കൊപ്പം തന്നെ സമയത്തിന്റെ കാര്യവും.  ഇന്ന് ഒരു ഇലക്ട്രിക് ഹീറ്ററുണ്ടെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ചായ റെഡി.  പാലനു പകരം പാല്‍പൊടിയുണ്ട്.  വെള്ളം തിളയ്ക്കാന്‍ തീ വേണ്ടാ; കറന്റ് മതി.  ഇങ്ങനെ പോകുന്നു ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗം.

പുത്തന്‍ മാധ്യമ സംസ്‌ക്കാരം മനുഷ്യന് ആനന്ദപ്രദവും, പ്രത്യാശ ഉളവാക്കുന്നതുമാകുന്നു.  എന്നാല്‍ അവയ്‌ക്കൊപ്പം മുളച്ചുപൊന്തുന്ന ആശങ്കയുടെ ഭീതി നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.  ഏറ്റവും വലിയ പരാന്നജീവിയായ മനുഷ്യന്‍ ഇന്നേറ്റവുമധികം ആശ്രയിക്കുന്ന ഘടകങ്ങളില്‍ ഒന്ന് മാധ്യമങ്ങളാണ്.  മാധ്യമങ്ങള്‍ പ്രയോജനപ്രദമായ ഒട്ടനവധി മേഖലകളില്‍ മനുഷ്യനെ സഹായിക്കുന്നുണ്ടെങ്കിലും, അവ കൊണ്ടുള്ള ദുഷ്ഫലങ്ങളും വിരളമല്ല.

മാധ്യമങ്ങള്‍ വരദാനവും ഒപ്പം ഒരു ശാപവുമാണ്.  നാട്ടിന്‍പുറത്തെ സംസ്‌ക്കാരമല്ല പട്ടണത്തിലേത്. പട്ടണത്തിലെ സംസ്‌ക്കാരമല്ല ഒരു രാജ്യം മുഴുവന്റേയും സംസ്‌ക്കാരം.  ഇതുതന്നെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യസവും.  ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം സംസ്‌ക്കാരങ്ങളെ സാരമായി ബാധിക്കുന്നു.  സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള  കൂട്ടിച്ചേരല്‍ മാധ്യമങ്ങളുടെ സംഭാവനയാണ്.  ഇതിലൂടെ ഒരിക്കലും യോജിക്കാനാവാത്ത രണ്ട് സംസ്‌ക്കാരങ്ങള്‍ തമ്മിലടുക്കുന്നു.  അങ്ങനെ തനതു സംസ്‌ക്കാരം നശിക്കപ്പെടുന്നു.  വിവേചനത്തെ മറികടന്നുകൊണ്ടുള്ള ഈ മാധ്യമ സംസ്‌ക്കാരം ഹാനികരമാണ്.  ഇവിടെ മനുഷ്യന്‍ നല്ലതു തെരഞ്ഞെടുക്കാന്‍ അവന്റെ വിവേചനശക്തി ഉപയോഗിക്കേണ്ടതാണ്.

മാധ്യമങ്ങള്‍ അറിവിന്റെ വക്താക്കളായി പ്രവര്‍ത്തിക്കുന്നു.  ലോകവിവരങ്ങള്‍ വീടിന്റെ ഉള്ളിലിരുന്ന് ഇന്റര്‍നെറ്റിലൂടെ അറിയാനാകുന്നു.  അതിനൊപ്പമുള്ള ഒരു ദോഷമാണ്, സിനമ പോലുള്ള മാധ്യമങ്ങളെ അന്ധമായി അനുകരിക്കാനുള്ള ശ്രമത്തിലൂടെ ധാര്‍മ്മിക ജീര്‍ണ്ണത സമൂഹത്തിലുണ്ടാകുന്നത്.

ഉപഭോഗ സംസ്‌ക്കാരവും, കച്ചവടോദ്ദേശ്യവുമാണ് പുത്തന്‍ മാധ്യമ സംസ്‌ക്കാരത്തിന്റെ മറ്റൊരു ഫലം.  മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടയും, പ്രലോഭനങ്ങളിലൂടെയും മനുഷ്യന്റെ ഉപഭോഗമനസ്സ് മാധ്യമങ്ങള്‍ കീഴടക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു.

മാധ്യമങ്ങളിലൂടെ നാനാവിഷയങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു.  എന്നാല്‍ ഇതിന് ഒരു പരിഹാരമുണ്ടാകുന്നുണ്ടോ?  സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് കുടുംബങ്ങള്‍.  പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് പുത്തന്‍ മാധ്യമ സംസ്‌ക്കാരം വളര്‍ന്നുകൊണ്ടിക്കുമ്പോള്‍, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കു മുന്നില്‍ പകച്ചുനില്ക്കാനേ നമുക്കാകുന്നുള്ളു.  മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ കഴിവില്ലാത്ത ഒരു സംസ്‌ക്കാരം നമുക്കാവശ്യമുണ്ടോ?  ചര്‍ച്ചകളേറെ നടന്നാലും, പ്രബന്ധങ്ങളനവധി അവതരിപ്പിക്കപ്പെട്ടാലും, ഈ പ്രശ്‌നത്തിന് ഒരു പരിഹാരം അടുത്തെങ്ങാനും ഉണ്ടാകുമോ എന്നത് സംശയമാണ്.  എങ്കിലും മാധ്യമ സംസ്‌ക്കാരം മുന്നോട്ടുതന്നെ പായുന്നു; പുതുപുത്തന്‍ സങ്കേതങ്ങള്‍ തേടി ….

LEAVE A REPLY

Please enter your comment!
Please enter your name here