തത്ത

ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ടയിനം തത്തകളാണ് മോതിരത്തത്ത, പൂന്തത്ത, നീലത്തത്ത, ഹിമാലയന്‍ പാരക്കീറ്റ്, ലോങ്ങ് ടെയില്‍ഡ് പാരക്കീറ്റ്, അലക്‌സാണ്ട്രൈന്‍ പാരക്കീറ്റ് തുടങ്ങിയവ. ലോകത്തിലാകെ 370 ല്‍ പരം തത്തയിനങ്ങളെ കാണപ്പെടുന്നു. കൂര്‍ത്ത് വളഞ്ഞ ചുണ്ട്, ത്രികോണാകൃതിയിലുള്ള വാല്‍ എന്നിവ തത്തയുടെ ശരീരസവിശേഷതയാണ്. തത്തയെ നിരന്തരം പരിശീലിപ്പിച്ചെടുക്കുകയാണെങ്കില്‍ ഇവയ്ക്ക് മനുഷ്യരെപ്പോലെ സംസാരിക്കാനാകും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടൊരുക്കുന്നതും മുട്ടയിടുന്നതും. മരപ്പൊത്തുകളിലും ചെറിയ മാളങ്ങളിലുമാണ് ഇവര്‍ മുട്ടയിടുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന തത്തയാണ് നാട്ടുതത്ത. ഇളം പച്ച നിറമാണ് ഇവയുടെ ശരീരത്തിന്. വാലിന്റെ അടിഭാഗം മങ്ങിയ മഞ്ഞ നിറത്തിലും കാണപ്പെടുന്നു. ഇവയുടെ കൊക്കിന് ചുവന്ന നിറമാണ്. കഴുത്തിലെ ചുവന്ന വളയം ആണ്‍പക്ഷിയുടെ ലക്ഷണമാണ്. വിളഞ്ഞു നില്‍ക്കുന്ന പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് ആഹാരം. നാലു മുതല്‍ ഏഴു വരെ മുട്ടകളിടുന്ന ഇവയുടെ അടയിരിപ്പുകാലം ഇരുപത് ദിവസമാണ്.
സിറ്റാക്കുല കൊളുംബോയ്ഡസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നവരാണ് നീലത്തകള്‍. ഇവയുടെ തൂവലുകള്‍ക്ക് ഇരുണ്ട നീലനിറമാണ്. കാടുകളില്‍ ധാരമായി കണ്ടുവരുന്ന ഇവയെ മുളന്തത്ത എന്നും അറിയപ്പെടുന്നു. കൂട്ടമായി സഞ്ചരിക്കുന്ന ഇവയുടെ സംഘത്തില്‍ നാല്പത് വരെ തത്തകളുണ്ടാകും. ഇവയുടെ കൊക്കിന്റെ മുകള്‍വശം ചുവപ്പും അഗ്രഭാഗം ഇളം മഞ്ഞനിറവുമാണ്.
ചുവപ്പ് നിറത്തിലുള്ള തലയോട് കൂടിയവരാണ് പൂന്തത്തകള്‍. ശരീരം മുഴുവന്‍ മഞ്ഞനിറവും, ചിറകുകള്‍ക്ക് പച്ചയും മഞ്ഞയും കലര്‍ന്ന നിറവുമാണ്.സിറ്റാസിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന തത്തകളെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here