സ്ത്രീ- ഒരു രത്‌നം

0
1208

‘മലയാളി മങ്ക’ എന്ന ചൊല്ല് കേള്‍ക്കുമ്പോള്‍ തന്നെ ഐശ്വര്യത്തിന്റെ ഒരു പ്രതീതി നമുക്കുണ്ടാകുന്നു. സ്ത്രീകളെ എന്നും ബഹുമാനിച്ചിരുന്ന നാടാണ് നമ്മുടേത്. എങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മറ്റെവിടെയും എന്നപോലെ, ഒരു പക്ഷേ അതിനേക്കാള്‍ ഉപരി, നമ്മുടെ നാട്ടിലും വര്‍ദ്ധിച്ചു വരുന്നുവെന്നത് ഒരു വിരോധാഭാസമായി നിലനില്‍ക്കുന്നു.

‘സ്ത്രീ ഒരു മേധം’ ആണ്. മേധമെന്നാല്‍ വിശുദ്ധമായ യാഗവസ്തു എന്നര്‍ത്ഥം. യാഗവസ്തു നിര്‍മ്മലമാണ്. അതുപോലെതന്നെ സ്ത്രീയും. സ്ത്രീത്വം മാനവരാശിയുടെ മകുടമാണ്. സ്ത്രീയില്ലെങ്കില്‍ അമ്മയില്ല. അമ്മയില്ലെങ്കില്‍ കുഞ്ഞുമില്ല. അങ്ങനെയെങ്കില്‍ മനുഷ്യന്‍ ഒരു മിഥ്യാ സങ്കല്പമായി മാറും.  ആദിയില്‍ സൃഷ്ടിക്കപ്പെട്ട ആദം അനുഭവിച്ച ‘ബോറിംഗ്’ അഥവാ ശൂന്യത നമുക്ക് ചിന്തിക്കാനൊക്കുമോ? ഭൂമിയ്ക്ക് ചെറിയൊരു മാനം ലഭിച്ചത് സ്ത്രീയുടെ വരവോടുകൂടിയാണ്. അപൂര്‍ണ്ണതയില്‍ നിന്നും പൂര്‍ണ്ണതയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നത് നമ്മുടെ ലോകത്തിന്റെ പ്രത്യേകതയാണ്. പണ്ടുകാലങ്ങളില്‍ അമൂല്യ ‘വസ്തു’വിനെ നേടാനായിട്ട് മനുഷ്യന്‍ ഉണ്ടാക്കിയിട്ടുളള പൊല്ലാപ്പുകള്‍ നമുക്ക് ചരിത്രം കാട്ടിത്തരുന്നു. ”കനകം മൂലം കാമനിമൂലം കലഹം ” എന്ന ചൊല്ല് തന്നെ ഇതിനുദാഹരണമാണ്. ക്രമേണ സ്ത്രീയുടെ സ്ഥാനം സമൂഹത്തില്‍ കുറഞ്ഞു വരുകയും, ജീവിക്കാനായി പാടുപെടുന്ന ഒരു വര്‍ഗ്ഗമായി അവര്‍ അവശേഷിക്കുകയും ചെയ്യുന്നു.

ഇന്ന് സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ നാം ചരിത്രം പരിശോധിച്ചേ മതിയാവൂ. ക്രൈസ്തവ വീക്ഷണത്തില്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.

ദൈവം ഹവ്വായെ സൃഷ്ടിച്ചത് പുരുഷന് താങ്ങും തണലുമായിരിക്കാനാണ്. അവന് അടിമയായിരിക്കാനല്ല. സ്ത്രീയുടെ ജനനം മുതല്‍ക്കുതന്നെ അവള്‍ തന്റെ പ്രത്യേകതകള്‍ പ്രകടിപ്പിച്ചു കൊണ്ടിരിന്നു. സര്‍പ്പത്തിന്റെ വഞ്ചനയില്‍ എളുപ്പം വഴുതി വീഴുക വഴി അവള്‍ ലോലഹൃദയ എന്ന് മുദ്രകുത്തപ്പെട്ടു. ഹവ്വാ എന്ന പദത്തിനെക്കുറിച്ച് രസകരമായ വിശദീകരണങ്ങള്‍ ഉണ്ട്. ഹവ്വായെ ആദ്യം കണ്ടപ്പോള്‍ ആദം ഇംഗ്ലീഷില്‍ വിളിച്ചു പറഞ്ഞു   Woe to Man (വുമണ്‍) അതായത് ”മനുഷ്യന് ദുരിതം” എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് ആദം ആദ്യമായി പറഞ്ഞത് ”ഹാ—–വാ” എന്നെന്നാണ്. ഭൂമിക്ക് കറുപ്പും വെളുപ്പും ചേര്‍ന്ന് നിറച്ചാര്‍ത്തേകുമ്പോള്‍ പകലും രാത്രിയും ചേര്‍ന്ന് മനോഹാരിത നല്‍കുമ്പോള്‍, മനുഷ്യന്‍ സ്ത്രീയും പുരുഷനുമായിരുന്നു കൊണ്ട് ഭൂമിക്ക് തിളക്കമേകുന്നു.
സ്ത്രീ ഒരു രത്‌നമാണ്. രത്‌നം തിളക്കമുള്ളതാണ്.. അത് തിളങ്ങുക തന്നെ വേണം. ചവറ്റു കുട്ടയിലിട്ടാല്‍പ്പോലും രത്‌നം തിളങ്ങും. അതുപ്പോലെ തന്നെയാണ് സ്ത്രീയും. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കഴിവുള്ളവളാണ് സ്ത്രീ. സ്വപരിശ്രമവും,  സഹനശക്തിയും അവളെ അതിന് പ്രാപ്തയാക്കുന്നു. ജീവിത വിജയമാണ് ലക്ഷ്യമെങ്കില്‍ പരിശ്രമശീലവും തളരാത്ത മനസ്സും നമുക്ക് കാവല്‍ ആയി  ഉണ്ടാകണം. എങ്കില്‍ വിജയം സുനിശ്ചിതമാണ്. 
യഹൂദരുടെ ഒരു നിത്യപ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു. ”നീ എന്നെ ഒരു സ്ത്രീയായി സൃഷ്ടിക്കാത്തതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.” എന്തു മനോഹരമായ പ്രാര്‍ത്ഥന, അല്ലേ? സാമൂഹികവും മതപരവുമായ വ്യവസ്തകളില്‍ സ്ത്രീകളേറെക്കുറെ അവമതിക്കപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളില്‍ ശങ്കയില്ലാതെ പ്രത്യക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. പുരുഷനും സ്ത്രീയും ഒരേ കുറ്റം ചെയ്താല്‍ കഠിന ശിക്ഷ ലഭിക്കുക സ്ത്രീക്കായിരുന്നു. ഒരു രണ്ടാം തരം പൗരത്വം ആയിരുന്നു. സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടിരുന്നത്. ആധികാരികമായി ദൈവാരാധനയില്‍ സംബന്ധിക്കാനോ നിയമ ഗ്രന്ഥങ്ങള്‍ (തോറ)വായിക്കാനോ അവര്‍ക്കനുവാദമുണ്ടായിരുന്നു. സ്ത്രീകള്‍ക്കതാവില്ലെന്നും സ്വര്‍ഗ്ഗത്തില്‍ പോകാനാവില്ലെന്നും വരെ അവര്‍ വിശ്വസിച്ചു. നിസ്സാര കാര്യങ്ങളില്‍ പോലും വിവാഹ മോചനം അനുവദിച്ചിരുന്നു. പൊതുവെ പുരുഷ കേന്ദ്രീകൃതമായ ഭരണ വ്യവസ്ഥയായിരുന്നുവെങ്കിലും അപൂര്‍വ്വ സ്ത്രീ രത്‌നങ്ങള്‍ ഈ മണ്ഡലത്തില്‍ ശോഭിച്ചിരുന്നുവെന്നുള്ളത് വാസ്തവമാണ്. പൊതുവെ സ്ത്രീകള്‍ പൂഷിതരും നിന്ദിതരും പീഡിതരുമായിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിലാണ് ചരിത്രത്തിന്റെ നാഥനായി യേശു ക്രിസ്തു ഭൂമിയില്‍ പിറക്കുന്നത്. ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളിലും പഠിപ്പിക്കലുകളിലും നിറഞ്ഞു നില്‍ക്കുന്നത് സ്ത്രീകളോടുള്ള അനുകമ്പയും പരിഗണനയും, സ്‌നേഹവും ആണ്. മാതാപിതാവിനോടുള്ള വിധേയത്വവും ശിഷ്യ ഗണത്തില്‍ സ്ത്രീകളെപ്പോലും പങ്കുചേര്‍ത്തതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. സ്ത്രീകളുടെ സാമൂഹിക സ്ഥാനം ക്രിസ്തുവിലൂടെ എപ്രകാരം ഉയര്‍ത്തപ്പെട്ടുവെന്ന് ആദിമസഭാ ചരിത്രം വരച്ചുകാട്ടുന്നുണ്ട്.

യഹൂദ, ഗ്രീക്കോ, റോമന്‍ സമൂഹങ്ങളെക്കാള്‍ പരിതാപകരമായിരുന്നു അപ്പോളത്തെ ഭാരതത്തിന്റെ സ്ഥിതി. പലപ്പോഴും സ്ത്രീകള്‍ക്ക് വേലക്കാരിയുടെ സ്ഥാനംമാത്രമാണ് ലഭിച്ചിരുന്നത്. ബഹുഭാര്യത്വം സര്‍വ്വ സാധാരണമായിരുന്നു. സതി, പെണ്‍ ഭ്രൂണഹത്യ തുടങ്ങിയ അനാചാര്യങ്ങള്‍ നിലനിന്നിരുന്നു. സ്ത്രീകള്‍ക്കഭിമാനിക്കാവുന്നതരത്തിലുള്ള സാമൂഹ്യനിലയുടെ ഉയര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലുണ്ടായിരുന്ന ചിലഭരണഘടനാഭേദഗതികള്‍ ഇതിനുസഹായകമായിട്ടുണ്ട്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ശുഭകരമായ വ്യതിയാനങ്ങള്‍ കാണുന്നുണ്ട്. എങ്കിലും ഒരുതരം സ്ത്രീവിരുദ്ധ അടിയൊഴുക്കിന്റെ ദൃശ്യങ്ങള്‍ സമൂഹത്തില്‍ അങ്ങിങ്ങായെങ്കിലും കാണുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനക്കഥകള്‍ കൊട്ടിഘോഷിക്കാന്‍ വെമ്പുന്ന മാധ്യമങ്ങള്‍ വ്യാജം പൊതിഞ്ഞ സഹായഹസ്തങ്ങള്‍ അങ്ങിങ്ങായെങ്കിലും കാണുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനക്കഥകള്‍ കൊട്ടിഘോഷിക്കാന്‍ വെമ്പുന്ന മാധ്യമങ്ങള്‍ വ്യാജം പൊതിഞ്ഞ സഹായഹസ്തങ്ങള്‍ നീട്ടി നമ്മെ ചതിക്കുഴിയിലേക്ക് തള്ളിയിടുന്നു. സെന്‍സേഷണല്‍ ന്യൂസിനും വലിയ കവറേജിനും അപ്പുറം ചിന്തിക്കാനിന്നത്തെ കച്ചവട സംസ്‌കാരത്തിനാവില്ല. സ്ത്രീപക്ഷവാദം എന്ന വ്യാജേന സ്ത്രീയുടെ മാനം വിറ്റ് കാശാക്കാന്‍ തിടുക്കം കൂട്ടുന്ന ഒരു ദുഷിച്ച തലമുറ വളര്‍ന്നു വരുന്നതിനെതിരെ നാം പ്രതികരിക്കുക തന്നെ വേണം.

സ്ഥാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി പെണ്‍ഭ്രൂണഹത്യനടത്തുമ്പോള്‍ ഓര്‍മ്മിക്കുക, നിങ്ങളെയും നിങ്ങളുടെ അമ്മമാര്‍ നശിപ്പിച്ചിരുന്നെങ്കില്‍ നിങ്ങള്‍ നിങ്ങളാകുമോ? ദാനമായി കിട്ടിയത് ദാനമായി കൊടുക്കാന്‍ നാം പഠിക്കണം. സ്ത്രീ ഒരു ‘കമ്പോളച്ചരക്കല്ല.’ മറിച്ച് ഒരു ‘വ്യക്തിയാണ്’.- പൂര്‍ണ്ണമായി പരിഗണിക്കപ്പെടേണ്ട, വികാരവും വിചാരവുമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ. ‘സ്ത്രീ വിമോചന’ത്തിനായി മുറവിളികൂട്ടുന്ന കൊച്ചമ്മമാര്‍ ചെയ്തു തീര്‍ക്കേണ്ട ഒന്നുണ്ട്. സമൂഹത്തോടും കുടുംബത്തോടുള്ള ‘കടമ’ കുടുംബത്തില്‍ ഉത്തമ ഭാര്യയും, മാതാവും, മകളും ഒക്കെ ആയിരിക്കുമ്പോള്‍ സമൂഹത്തിനൊരു മാതൃകാ വ്യക്തിയെ ലഭിക്കുന്നു. 
2000 വര്‍ഷങ്ങള്‍ക്കപ്പുറം ക്രസ്തുനാഥന്‍ സ്ത്രീകളെക്കുറിച്ച് കൈകൊണ്ട നിലപാട് സമകാലിത ജീവിതത്തിലേറ്റം ശ്രദ്ധയാകര്‍ഷിക്കപ്പെടേണ്ടയൊന്നാണ്. ദൈവം ഒന്നിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്തരുതെന്ന ശാസനയും പാപിനിയെപ്പോലും പരിഗണിക്കുന്ന സ്‌നേഹവും, വിധവകളോടുള്ള അനുകമ്പയുമൊക്കെ ലോകത്തിനു മുമ്പില്‍, അനുകരണീയ മാതൃകകളായി നിത്യം നിലകൊള്ളുന്നു.
പൂര്‍ണ്ണതയിലേക്കുള്ള വളര്‍ച്ചയില്‍ പഴയതെറ്റുകള്‍ തിരുത്താന്‍ നമുക്ക് ശ്രമിക്കാം സ്ത്രീത്വത്തിന്റെ പുനരുദ്ധാരണം സഭയുടെ പ്രേക്ഷിതപ്രവര്‍ത്തനങ്ങളിലൊന്നാണ്. അത് നാം തുടരുക തന്നെ വേണം. സ്ത്രീ പുരുഷസമത്വം വിളയാടുന്ന ഒരു സമൂഹം നമുക്ക് സ്വപ്നം കാണാം. അതിനായി പ്രയത്‌നിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here