യുവത്വം – സമൂഹത്തിന്റെ തീക്കനല്‍

Sheen Thankalayam


യുവത്വം ബാല്യത്തിന്റെ വെറും എരിഞ്ഞടങ്ങലല്ല. മറിച്ച് ഒരു ആളിക്കത്തലാണ്. ജീവിതത്തില്‍ നാം ബാല്യവും കൗമാരവും പിന്നിട്ട് യുവത്വത്തിലേക്ക് കടന്നിരിക്കുകയാണ്.

മടിപിടിച്ച് കൈയും കെട്ടിയിരുന്ന് ഉറങ്ങി ജീവിക്കുക മനുഷ്യന്റെ ഒരു തരം സ്വഭാവമാണ്. യുവത്വം ആസ്വദിക്കേണ്ട സമയത്ത് ബാല്യ ചാപല്യങ്ങളോര്‍ത്ത് ജീവിതം പാഴാക്കാനോ, ഭാവിയുടെ കണക്കു പുസ്തകം കുത്തിതുറന്ന് വായിക്കാനോ അല്ല നാം ശ്രമിക്കേണ്ടത്. നാം വിചാരിക്കാത്ത അപകട സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം. ശരിയായ അടിസ്ഥാനത്തില്‍ ഉറച്ച ഇരുത്തം വന്ന ചിന്തകളാണ് നമ്മെ നയിക്കുന്നതെങ്കില്‍ ഏതു പ്രതിസന്ധിയേയും എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നതില്‍ സംശയമില്ല.

ഉത്തരവാദിത്വങ്ങള്‍ ഏറെ നല്‍കപ്പെടുന്ന ജീവിത കാലഘട്ടമാണ് യുവത്വം. നീതിബോധവും, നിശാബോധവും യുവത്വത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കും. യുവാക്കള്‍ ഏറ്റെടുക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളും സാമൂഹ്യ നന്മ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കും. പലപ്പോഴും സമൂഹത്തെ ഒറ്റയടിക്ക്  നേരെയാക്കാം എന്ന മനോഭാവമാകാം അവര്‍ക്കണ്ടാകുന്നത്. ഇത് സ്വപ്ന ജീവിയുടെ വ്യാമോഹം മാത്രമാണെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാവൂ. അപക്വമായ ചിന്തകളും വൈകാരിക ശിശുത്വവും ഒക്കെയാണ് യുവാക്കളെ ഇപ്രകാരമുള്ള തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. കാപട്യത്തിന്റെയും പൊയ്മുഖങ്ങളുടെയും ലോകത്തിന് അന്ത്യം കുറിക്കാന്‍ സനാതന മൂല്യങ്ങളായ സത്യവും നീതിയും അഹിംസയും ഒക്കെ നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നെഴുന്നേല്‍ക്കണം. തിളയ്ക്കുന്ന രക്തത്തില്‍ നിന്നുയരുന്ന പ്രവര്‍ത്തനത്വരയുടെ അലകള്‍ക്കല്ലാതെ ആര്‍ക്കാണ് ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കാന്‍ സാധിക്കുക?

അലസത വെടിഞ്ഞ് സമൂഹ നന്മയ്ക്കായി നിലകൊള്ളുന്ന ‘ബിംബങ്ങളും’ മാതൃകകളുമായി മാറ്റണം നമ്മുടെ യുവത്വം. വി. ഗ്രന്ഥം പറയുന്നു ”വിനാഗിരി പല്ലിനും, പുക കണ്ണിനും എന്നപോലെയാണ് അലസര്‍ തന്നെ നിയോഗിക്കുന്നവര്‍ക്കും” (സുഭാ 10/26)

യുവാക്കള്‍ സമൂഹത്തിന് ഒരു ഭാരമാകരുത്. മറിച്ച് ആവശ്യങ്ങളില്‍ ഉതകുന്ന സമൂഹ നന്മയില്‍ സന്തോഷിക്കുന്ന, മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുരോഗതിയ്ക്കായ് യത്‌നിക്കുന്ന തിരുത്തപ്പെടാന്‍ സന്മനസ് കാണിക്കുന്ന ഒരു നല്ല വിഭാഗമായി യുവാക്കള്‍ മാറണം.

ചിലര്‍ സ്വന്തം മക്കളെ ‘റോക്കറ്റ്’ പോലെ വളര്‍ത്തിവിടാറുണ്ട്. ‘ദിശ’ നോക്കാറില്ല. ദിശ തെറ്റി സഞ്ചരിച്ചാല്‍ നമ്മുടെ മുമ്പില്‍ ഒരു പിടിചാരക്കൂമ്പാരമയി വീഴുന്ന ജീവിതങ്ങളാകും യുവത്വങ്ങള്‍. ഇങ്ങനെ അഴിയാക്കുടുക്കുകളില്‍പെട്ട് ജീവിതങ്ങള്‍ തുലച്ച എത്ര യുവത്വങ്ങളാണ് ദൃഷ്ടാന്തങ്ങളായി നമ്മുടെ മുമ്പിലുള്ളത്. സമൂഹത്തിലേക്ക് തിരിച്ചു വന്ന ധൂര്‍ത്ത പുത്രന്മാരും വിരളമല്ല. വി. അഗസ്റ്റിന്റെ ജീവിതം യുവാക്കള്‍ക്ക് ഒരു പാഠമാണ്.

ഭൗതിക വസ്തുക്കള്‍ സ്വന്തമാക്കാനുള്ള അത്യാര്‍ത്ഥി പ്രകടമാക്കുന്ന കാലഘട്ടമാണ് യുവത്വം. ‘അത്തറു പൂശി നടക്കുന്നവരില്‍, അത്തറിന്റെ മണം അത് പൂശുമ്പോള്‍ ലഭിക്കുമെങ്കിലും അവന്റെ മണം പഴയതു തന്നെയായിരിക്കും’. അതിനാല്‍ ദൈവത്തിന്റെ ആലയമായ ആത്മാവിലാണ് നാം ശ്രദ്ധിക്കേണ്ടത്. പിശാചിന്റെ ശവകുടീരമായ ജഡത്തിലല്ല എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. രോഗാവസ്ഥയിലായിരുന്ന, മൃതപ്രായമായ സമൂഹങ്ങല്‍ ആരോഗ്യ ദൃഢഗാത്രരായ യുവാക്കളുടെ തോളിലേറ്റി പുതു ജീവനിലേക്ക് പ്രവേശിക്കണം. ശിശുക്കളുടെ നൈര്‍മ്മല്ല്യവും,യുവാക്കളുടെ ശക്തിയും, അനുഭവസമ്പന്നരുടെ ബുദ്ധിയും കൂടിച്ചേരുമ്പോള്‍ മാറ്റത്തിന്റെ മാറ്റൊലി നമുക്ക് ശ്രവിക്കാനാവും. പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ പാതയിലേക്ക് കടന്നു വന്ന് സ്വാര്‍ത്ഥത ബലി കഴിച്ച് ഒരു യുവാവ് സമൂഹ മദ്ധ്യത്തില്‍ നില്‍ക്കുകയാണെങ്കില്‍ മറ്റൊരു ക്രിസ്തുവിനു വേണ്ടിയുള്ള അലച്ചില്‍ നമുക്ക് അവസാനിപ്പിക്കാം. ഇങ്ങനെ പ്രതീക്ഷയുടെ നങ്കൂരമിട്ട് സ്‌നേഹത്തിന്റെ തിരകളില്‍ ഓരോ യുവത്വവും കപ്പലിറങ്ങുകയാണെങ്കില്‍ സാവകാശം നമ്മുടെ മുന്നില്‍ തെളിഞ്ഞുവരും ”പുതിയൊരാകാശവും പുതിയൊരു ഭൂമിയും”- പാലും തേനും ഒഴുകുന്ന നമ്മുടെ സ്വന്തം ‘കാനാന്‍ ദേശം’

LEAVE A REPLY

Please enter your comment!
Please enter your name here