Tess J S
മിലിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനിന് ഫലപ്രദമായ ഔഷധമാണ്. ആര്യവേപ്പിന്റെ ഔഷധഗുണം മനസ്സിലാക്കിയ പഴമക്കാര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ആയൂര്‍വ്വേദ മരുന്നുകളില്‍ ഇവയെ ഉപയോഗിച്ചിരുന്നു. അസഡിറാക്ട ഇന്‍ഡിക്ക എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇവയുടെ ജന്മദേശം. ഇന്ത്യയില്‍ അശോക ചക്രവര്‍ത്തിയുടെ കാലത്താണ് വേപ്പ് മരങ്ങള്‍ കൂടുതലായി നട്ടുപിടിപ്പിക്കുന്നത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇവ സുലഭമാണ്. ആര്യവേപ്പിന്റെ മൂല്യം മനസ്സിലാക്കി അവയെ നട്ടു വളര്‍ത്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അമേരിക്ക തുടങ്ങിയവ.
ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ വളരെ വേഗത്തില്‍ വളരുന്ന മരമാണ്. കഠിനമായ വരള്‍ച്ചയെപ്പോലും തരണം ചെയ്യാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അന്തരീക്ഷത്തിലെ ചൂടിനെക്കുറയ്ക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ജലഭൗര്‍ലഭ്യം ഉണ്ടാകുമ്പോള്‍ ഭൂഗര്‍ഭജലത്തെ ഉപയോഗപ്പെടുത്തിയാണ് ഇവ നിലനില്‍ക്കുക. വേപ്പിന്റെ ഇല, തൊലി, വേര്, കായ് തുടങ്ങി എല്ലാ ഭാഗങ്ങളും വിവിധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മരം വളര്‍ന്ന് പത്ത് വര്‍ഷം വരെയാകുന്നതോടെ അതില്‍ നിന്നും കായ്കള്‍ ലഭിച്ചുതുടങ്ങുന്നു. ഒരു മരത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് കിലോഗ്രം വരെ കായ്കള്‍ ലഭിക്കാറുണ്ട്. ഇവയില്‍ നിന്നാണ് വേപ്പെണ്ണ ഉണ്ടാക്കുന്നത്. കീടങ്ങളെ അകറ്റുന്നതിന് വേപ്പെണ്ണ ഉപയോഗിക്കുന്നു. വേപ്പിന്‍പിണ്ണാക്ക് ജൈവവളമായും, കീടനാശിനിയായും ഉപയോഗിക്കാറുണ്ട്. ഇവയുടെ കായ്കളില്‍ നിന്നാണ് പുതിയ വേപ്പിന്‍ തൈകള്‍ ഉണ്ടാകുന്നത്.
ആയൂര്‍വേദത്തില്‍ ചര്‍മ്മരോഗങ്ങള്‍ക്കും, വാതം, കുഷ്ഠം, ദന്തരോഗങ്ങള്‍ എന്നിവയ്ക്കും ആര്യവേപ്പിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പോളീസാക്കറൈഡുകളും, ലിമിനോയ്ഡുകളും അടങ്ങിയ ഇവയുടെ ഭാഗങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രയോജനപ്പെടുത്തിവരുന്നു.