Tess J S
കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന കാസ്സിയ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരമായ ഇവയെ അലങ്കാരവൃക്ഷമായും, തണല്‍ വൃക്ഷമായും വീടുകളില്‍ വളര്‍ത്തുന്നു. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഇവയ്ക്കുള്ളത്. കുലയായി പൂത്ത് ഇവ താഴേക്ക് കിടക്കുന്നു. മാര്‍ച്ച് മാസത്തിന്റെ അവസാനത്തോടെ ഇവ പൂത്തുതുടങ്ങുന്നു. ഇവയുടെ തൊലിക്ക് നല്ല കട്ടിയുണ്ടാകും. മൃഗങ്ങളും, പക്ഷികളും കണിക്കൊന്നയുടെ വിത്ത് ആഹാരമാക്കാറുണ്ട്. മലയാളിയും കണിക്കൊന്നയുമായുള്ള അഭേദ്യമായ ബന്ധമാണ് കാര്‍ഷിക പുതുവര്‍ഷപ്പിറവിയായ വിഷു. വിഷുവിന് കണികണ്ടുണരുന്നതിനാലാണ് ഇവയ്ക്ക് കണിക്കൊന്ന എന്ന പേര് ലഭിച്ചതും.
ഇന്ത്യയിലും അയല്‍ രാജ്യമായ ശ്രീലങ്കയിലും, മ്യാന്‍മാറിലുമാണ് ഇവ അധികമായി കാണപ്പെടുന്നത്. ഇവയുടെ വേര്, പൂവ്, കായ, ഇലകള്‍, തൊലി എന്നിവയ്‌ക്കെല്ലാം നിരവധി ഔഷധഗുണങ്ങളുണ്ട്. ത്വക്ക് രോഗങ്ങള്‍ക്കും, ശരീരപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, വയറുവേദനയ്ക്കും, രക്തശുദ്ധീകരണത്തിനും ഇവയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. ഇരുപത് രൂപയുടെ ഇന്ത്യന്‍ സ്റ്റാമ്പില്‍ കണിക്കൊന്നയുടെ ചിത്രമാണുള്ളത്.