Tess J S
സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമ ലോംഗ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുവായും, അണുനാശിനിയായും ഇവയെ ഉപയോഗിക്കുന്നു. മഞ്ഞളിന്റെ ഇലകള്‍ക്ക് ഇളം മഞ്ഞ കലര്‍ന്ന പച്ച നിറമാണ്. കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥമാണ് മഞ്ഞളിന് മഞ്ഞ നിറം നല്‍കുന്നത്.
മഞ്ഞള്‍ വിഭാഗത്തില്‍ പെട്ട മറ്റ് പ്രധാനപ്പെട്ടയിനങ്ങളാണ് കസ്തൂരി മഞ്ഞള്‍, കരിമഞ്ഞള്‍, വെള്ളക്കൂവ, മഞ്ഞക്കൂവ എന്നിവ.
കസ്തൂരിയുടെ ഗന്ധമുള്ള ഇവയുടെ ശാസ്ത്രീയനാമം കുര്‍ക്കുമ അരോമാറ്റിക്ക എന്നതാണ്. ഇവയുടെ ഭൂകാണ്ഡത്തിന് ഇളം ക്രീം നിറമാണ്. മുഖസൗന്ദര്യം വര്‍ദ്ധിപ്പക്കുന്നതിന് ഔഷധമായി ഉപയോഗിക്കുന്നു.
കുര്‍ക്കുമ കേഷ്യ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കരിമഞ്ഞള്‍ നാട്ടു ചികിത്സയിലെ പ്രധാനിയാണ്. കറുപ്പ് നിറത്തിലേ, കടും നീല നിറത്തിലോ ഇവയുടെ ഭൂകാണ്ഡം കാണപ്പെടുന്നു. ഗോത്രവര്‍ഗക്കാര്‍ക്കിടയിലാണ് ഇവയുടെ ഉപയോഗം കൂടുതല്‍.
കുര്‍ക്കുമ നീല്‍ഗെറന്‍സിസ് എന്ന് ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വെള്ളക്കൂവ, കാട്ടുമഞ്ഞള്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകള്‍ക്ക് വയലറ്റ് കലര്‍ന്ന നിറമാണ്. ഭൂകാണ്ഡം ക്രീം നിറത്തില്‍ കാണപ്പെടുന്നു. ഇവയില്‍ അന്നജം ധാരാളമായി അടങ്ങിയിട്ടുണ്ട്.
മഞ്ഞക്കൂവ എന്നറിയപ്പെടുന്ന കുര്‍ക്കുമ അഗസ്റ്റിഫോളിയയുടെ പൊടിയാണ് കൂവപ്പൊടി. മഞ്ഞളിനെക്കാള്‍ വലിപ്പം കൂടിയ സസ്യമാണ് ഇവ. ഇവയുടെ കിഴങ്ങിന് ഇളം മഞ്ഞ നിറമാണ്. ഇവയുടെ പൊടി ആരോറൂട്ട് ബിസ്‌കറ്റിന്റെ നിര്‍മ്മാണത്തിന് ഉപയാഗിക്കുന്നു. ഉദര രോഗങ്ങള്‍ക്കുള്ള ഔഷധമാണ് ഇവയുടെ പൊടി.