Arya A J
‘ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍’ എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്‍വിന്‍, ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം ലോകത്തിനു മുന്‍പില്‍ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും മാസ്മരികത തുറന്നു കാട്ടി.
1962 ഫെബ്രുവരി 22 ന് ഓസ്‌ടേലിയയിലെ വിക്ടോറിയയിലെ അപ്പര്‍ ഫേണ്‍ ട്രീ ഗള്ളിയിലാണ് സ്റ്റീവ് റോബര്‍ട്ട് ഇര്‍വിന്‍ ജനിച്ചത്. ലിന്‍ ഇര്‍വിനും ബോബ് ഇര്‍വിനുമായിരുന്നു മാതാപിതാക്കള്‍. 1970ല്‍ അവര്‍ കുടുംബസമേതം ക്വീന്‍സ് ലാന്റിലേക്ക് കുടിയേറിയത്, സ്റ്റീവിന്റെ ജീവിതത്തില്‍ ഒരു നവീന അദ്ധ്യായത്തിന് തുടക്കം കുറിച്ചു. വന്യജീവി പുനരധിവാസ രപവര്‍ത്തനങ്ങളില്‍ തത്പരയായിരുന്ന സ്റ്റീവിന്റെ മാതാവ് ലിനും , ഹെര്‍പ്പറ്റോളജിയില്‍ പ്രഗല്ഭനായിരുന്ന പിതാവ് ബോബും ചേര്‍ന്ന് ‘ക്വീന്‍സ് ലാന്റ് റെപ്‌ടൈല്‍ ആന്‍ഡ് ഫോണ പാര്‍ക്ക് ‘ എന്ന പേരില്‍ ക്വീന്‍സ് ലാന്റില്‍ ഒരു ചെറിയ പാര്‍ക്ക് സ്ഥാപിച്ചു. ബാല്യകാലം മുതല്‍ക്കു തന്നെ ഇവിടെ വളര്‍ന്നു വന്ന ഇര്‍വിന് പാര്‍ക്കിലെ മുതലകളും മറ്റു ഉരഗങ്ങളുമെല്ലാം പ്രിയപ്പെട്ടതായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. ക്വീന്‍സ് ലാന്റ് പാര്‍ക്കിലെ ദൈനംദിന ജീവിതം, മൃഗപരിപാലന രീതികള്‍, ഭക്ഷണവിതരണം മുതലായവ സ്റ്റീവിനെ ഉരഗങ്ങളുമായി കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിച്ചു. പിതാവില്‍ നിന്നു ലഭിച്ച ശിക്ഷണത്തിന്റെ വെളിച്ചത്തില്‍, 9ാം വയസ്സില്‍ തന്നെ അദ്ദേഹം മുതലകളെ കൈകാര്യം ചെയ്യാന്‍ പഠിച്ചു. ക്വീന്‍സ് ലാന്റിലെ കിഴക്കു തീര മുതല നിയന്ത്രണ പരിപാടിയുടെ ഭാഗമായി, ഇര്‍വിന്‍ 100 മുതലക്കള പിടികൂടിയ സാഹചര്യം ഇത് തെളിയിക്കുന്നു.
1991ല്‍ ക്വീന്‍സ് ലാന്റ് പാര്‍ക്കിന്റെ ഭരണം ഏറ്റെടുത്ത ഇര്‍വിന്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതിന്റെ ഉദ്ധാരണത്തിനായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ടെറി റെയിന്‍സ് എന്ന യുവതി കടന്നു വരുന്നത്. അമേരിക്കന്‍ പ്രകൃതി ശാസ്ത്ര പണ്ഠിതയായ ടെറി, മൃഗശാല സന്ദര്‍ശനാനുസരണം ഇര്‍വിന്റെ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത് ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കം കുറിച്ചു. 1992 ജൂണ്‍ 4 ന് ഇവര്‍ വിവാഹിതരായി. ഇര്‍വിനും ടെറിയും ചേര്‍ന്ന് പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിനോടനുബന്ധിച്ച് 1988 ല്‍ പാര്‍ക്കിനെ ‘ഓസ്‌ട്രേലിയന്‍ സൂ’ എന്ന് പുന: നാമകരണം ചെയ്തു.
ഒരു പ്രകൃതി ശാസ്ത്രജ്ഞനും ഹെര്‍പ്പെറ്റോളജിസ്റ്റുമായിരുന്ന സ്റ്റീവ് ഇര്‍വിനെ ലോക ശ്രദ്ധയിലേക്ക് ഉയര്‍ത്തിയത് ‘ദ കോക്കോഡൈല്‍ ഹണ്ടര്‍’ എന്ന ടെലിവിഷന്‍ പരമ്പരയാണ്. 1996ല്‍ ഓസ്‌ട്രേലിയന്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ പരമ്പര, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ 130ഓളം രാജ്യങ്ങളില്‍ പ്രേക്ഷകപ്രീതി നേടി. ഇര്‍വിന്റെ വ്യത്യസ്തമായ ഉച്ചാരണ ശൈലിയും അവതരണ രീതിയും കാക്കി വസ്ത്രവുമെല്ലാം വളരെ വേഗം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. ‘ക്രോക്കൊഡൈല്‍ ഹണ്ടര്‍’ കൂടാതെ ‘ദ ടുനൈറ്റ് ഷോ വിത്ത് ജെയ് ലെയ്ന്‍’, ‘ദ ടെന്‍ ഡെഡ്‌ലിയസ്റ്റ് സ്‌നേക്ക്‌സ് ഇന്‍ ദ വേള്‍ഡ്’, ‘ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍ : കൊളിഷന്‍ കോഴ്‌സ് (ഫീച്ചര്‍ ഫിലിം)’ തുടങ്ങിയ ഷോകളിലും ഇര്‍വിന്‍ സജീവ സാന്നിധ്യമായിരുന്നു. തന്റെ പരിപാടികളിലൂടെ പ്രകൃതിയുടെയും ലോകത്തിന്റെയും വിസ്മയങ്ങളെ ഇര്‍വിന്‍ ലോക ജനതയ്ക്കു മുന്‍പില്‍ തുറന്നു കാട്ടി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാചാലനാകാതെ പ്രകൃതി വിസ്മയങ്ങളെ കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. അതിനുള്ള ഒരു ഉപാധിയായി ദൃശ്യ മാധ്യമത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഇപ്രകാരം ലോകജനതയെ സ്വാധീനിച്ച ഈ മനുഷ്യന്റെ അന്ത്യം തികച്ചും അപ്രതീക്ഷിതമായിരുന്നു. 2006 സെപ്റ്റംബര്‍ 4ന് ക്വീന്‍സ് ലാന്റിലെ ഡഗ്‌ളസ് തുറമുഖത്തില്‍ വച്ചു നടന്ന ‘ ഓഷ്യന്‍സ് ഡെഡ്‌ലിയസ്റ്റ് ‘ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി ജലത്തിനടിയില്‍ ഇറങ്ങിയ ഇര്‍വിന്‍, ഒരു തിരണ്ടിയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടു. അങ്ങനെ തന്റെ 44ാമത്തെ വയസ്സില്‍ സ്റ്റീവ് റോബര്‍ട്ട് ഇര്‍വിന്‍ ഈ ലോകത്തോട് വിട പറഞ്ഞു. അദേഹത്തിന്റെ മരണശേഷം പത്‌നി ടെറിയും മക്കള്‍ ബിന്ദി സൂ ഇര്‍വിനും റോബര്‍ട്ട് ക്ലാറന്‍സ് ഇര്‍വിനും ചേര്‍ന്ന് സ്റ്റീവിന്റെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചു പോരുന്നു. ഇര്‍വിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 15 ‘സ്റ്റീവ് ഇര്‍വിന്‍ ദിനം’ ആയി അന്താരാഷ്ട്ര തലത്തില്‍ ആചരിച്ചു വരുന്നു.