Tess J S
ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ധാരളമായി കണ്ടുവരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. കടത്തിണ്ണകളില്‍ ചുറ്റിക്കറങ്ങുന്ന ഇവ മനുഷ്യര്‍ തിങ്ങി നീങ്ങുന്നിടങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ കൊത്തിപ്പെറുക്കുന്നത് കാണാം. മനുഷ്യരുമായി അടുത്തിടപഴകുന്ന വളരെ ചെറിയ പക്ഷികളാണ് ഇവര്‍. കൂട്ടമായാണ് ഇക്കൂട്ടരെ കാണാന്‍ കഴിയുന്നത്.
റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ മേല്‍ക്കൂരയുടെ അടിവശത്തും, ഇലക്ട്രിക് വയറുകളിലും മറ്റുമാണ് ഇവര്‍ കൂടൊരുക്കുന്നത്. ചാരനിറത്തലുള്ള തലയും മങ്ങിയ തവിട്ട് നിറത്തിലുള്ള വാലും ശരീരവുമാണ് ഇവയ്ക്കുള്ളത്. പ്രതിരോധശക്തി കൂടുതലുള്ള ഇവയെ ലൗവ് ബേര്‍ഡ്‌സിനു പകരമായി കൂടുകളിലടച്ചു വളര്‍ത്തുന്നത്, എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതിന് കാരണമായി. ആവശ്യത്തിന് ധാന്യം ലഭിക്കാതെ വരുന്നതും, പലചരക്ക് കടകള്‍ ഇല്ലാതായതും, ലഭ്യമായ ധാന്യങ്ങളിലെ കീടനാശിനി പ്രയോഗവും ഇവയുടെ എണ്ണത്തെക്കുറയ്ക്കുന്ന മറ്റ് പല കാരണങ്ങളാണ്.
നാരായണപ്പക്ഷി, അരിക്കിളി, വീട്ടുകുരുവി, ഇറക്കിളി, അന്നക്കിളി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. പാസ്സര്‍ ഡൊമസ്റ്റികസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഒരു തവണ നാലു മുട്ടകളിടുന്ന ഇവയുടെ അടയിരിപ്പുകാലം 15 ദിവസം വരെ നീണ്ടുപോകാറുണ്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെല്‍ഹിയുടെ സംസ്ഥാനപക്ഷി കൂടിയാണ് അങ്ങാടിക്കുരുവി.
അങ്ങാടിക്കുരുവിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20 അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നു. അങ്ങാടിക്കുരുവിയുടെ അപ്രത്യക്ഷമാകല്‍ വരുംകാലത്ത് മനുഷ്യന് നേരിടേണ്ടി വരുന്ന അതിരൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന്റെ മുന്നറിയിപ്പ് കൂടിയാണ്.