Heidi (2015)

Bibin, Santhom College
ജോഹന്ന സ്പൈറി 1881 രചിച്ച ഹൈദി എന്ന ബാലസാഹിത്യ കൃതിയെ ആധാരമാക്കി പെട്ര ബയോണ്ടിന വേൾപ്പ് തിരക്കഥ എഴുതി അലൻ ജിസ്പോനറുടെ മികച്ച സംവിധാനത്തിൽ 111 മിനിറ്റ് ദൈർഘ്യത്തിൽ സ്വിസ് – ജർമ്മൻ ഭാഷയിൽ 2015-ൽ പുറത്തിറങ്ങിയ ഫീൽഗുഡ് മൂവീസ് ഗണത്തിലെ ഒരു മനോഹര ചിത്രമാണ് ഹൈദി.

ആശയറ്റ് ഒറ്റപ്പെട്ടു പോയവരുടെ ജീവിതത്തിലേക്ക് അവരുടെ അനുവാദം കൂടാതെ കടന്നുവന്ന് അവരിലേക്ക് പ്രത്യാശയുടെ വർണ്ണങ്ങൾ വാരിവിതറി വീണ്ടും അവരുടെ ജീവിതത്തിന് നിറം പിടിപ്പിക്കുന്ന ചിലരുണ്ട്.

അത്തരത്തിൽ ഒരു നിറഞ്ഞ പുഞ്ചിരിയിലൂടെ തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കുന്ന ഹൈദി എന്ന കൊച്ചുമിടുക്കിയുടെ കഥ പറയുന്ന ജർമ്മൻ ചിത്രം ഹൈദി പ്രേക്ഷകരുടെ കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നു.

ഹൈദിയുടെ വിശേഷങ്ങളാണ് ഇന്ന്.

ചെറുപ്പത്തിലെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് അഞ്ചു കൊല്ലമായി ചെറിയമ്മയുടെ സംരക്ഷണയിലായിരുന്ന ഹൈദി എന്ന എട്ടു വയസ്സുകാരി പെൺകുട്ടിയെ ചെറിയമ്മ ഡേയ്റ്റ അവളുടെ മുത്തച്ഛനായ ആൽപ്സിനെ ഏൽപിക്കാൻ ചെല്ലുന്നിടത്ത് നിന്നാണ് ഹൈദി എന്ന ചിത്രം കഥ പറയുന്നത്.

ഗ്രാമത്തിൽ നിന്നകന്ന് കുന്നിൻ ചെരുവിലെ പഴയ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പരുക്കനായ മുത്തച്ഛൻ ആൽപ്സിന്റെ കടുത്ത എതിർപ്പ് വകവയ്ക്കാതെ ഡേയ്റ്റ കുഞ്ഞു ഹൈദിയെ അവിടെ ഉപേക്ഷിച്ച് കടന്നു കളയുന്നു.

ഗ്രാമവാസികൾ വെറുപ്പോടും ഭയത്തോടും കൂടി മാത്രം നോക്കിക്കാണുന്ന മുത്തച്ഛനോടൊപ്പം താമസം ആരംഭിച്ച ഹൈദി തന്റെ നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയിലൂടെ മുത്തച്ഛന്റെ പരുക്കൻ ആവരണത്തെ വലിച്ച് ദൂരെയെറിയുന്നു. അവളുടെ ചിരിയിൽ, നോട്ടത്തിൽ, സംസാരത്തിൽ ആൽപ്സിൽ മറഞ്ഞുകിടന്ന സ്നേഹം പ്രകടമാക്കപ്പെടുകയാണ്.

അങ്ങനെ ഹൈദിയിലൂടെ
ആൽപ്‌സിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.

മഞ്ഞുമൂടിയ പർവ്വതവും, പച്ചപ്പ് നിറഞ്ഞ താഴ്‌വരയും, മുത്തച്ഛനും, ആടുകളും, മലയടിവാരത്തെ പീറ്റർ എന്ന സ്നേഹിതനും, അവന്റെ മുത്തശ്ശിയും, എല്ലാം വളരെ പെട്ടെന്ന് തന്നെ ഹൈദിയുടെ പ്രീയപ്പെട്ടവരായി.

അങ്ങനെ മുത്തച്ഛനും ഹൈദിയും അവരുടെ കുഞ്ഞു ലോകവുമായി ഒരുപാട് സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോൾ പെട്ടെന്നൊരു ദിവസം ഹൈദി മുത്തച്ഛനിൽ നിന്നും അകറ്റപ്പെടുന്നു.

പിന്നീട് അവളെത്തപ്പെട്ട നഗര ജീവിതത്തിലെ സമ്പന്നഗൃഹത്തിൽ ചലന ശേഷിയില്ലാത്ത ക്ലാര എന്ന പുതിയ കൂട്ടുകാരിയുമായി അഗാതമായ ചങ്ങാത്തത്തിലായിരിക്കുമ്പോഴും,ആ കൊട്ടാരവീട്ടിലെ ഒരിക്കലും തുറക്കാത്ത ജനാലകൾ തുറന്ന് മഞ്ഞുമൂടിയ പർവ്വതം തേടുന്ന ഹൈദിയുടെ അസ്വസ്ഥതമായ മനസ്സിൽ അങ്ങകലെ മലഞ്ചെരുവിൽ ഏകനായി കഴിയുന്ന മുത്തച്ഛന്റെ സ്നേഹവും താഴ്‌വാരയിലെ പച്ചപ്പിന്റെ നനവും ആടിന്റെ ചൂരുമെല്ലാം ഒരു വിങ്ങലായി ശേഷിക്കുന്നുണ്ടായിരുന്നു.

ജീവിതത്തിൽ ഒരിക്കലും ലഭിക്കാനിടയില്ലാത്ത സുഖ സൗകര്യങ്ങൾ ഉള്ള നഗരത്തിലെ ആ വലിയ ലോകം അവൾക്ക് ശരിക്കും ചെറിയ ലോകമായാണ് അനുഭവപ്പെട്ടത്.

കൊട്ടാര വീട്ടിലെ തീൻ മേശയിൽ നിന്ന് പീറ്ററിന്റെ മുത്തശ്ശിക്കായി ശേഖരിച്ച ബന്നുകൾ പോലെ മൃദുലമായ
ഹൈദിയുടെ മനസ്സിലൂടെ ചിത്രം യാത്ര ചെയ്യുമ്പോൾ അഭൗമമായ ഒരു അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുന്നത്.

ആൽപ്സ് താഴ്‌വാരങ്ങളിലേക്കും 19-ാം നൂറ്റാണ്ടിന്റെ
നഗര-ഗ്രാമ ജീവിതങ്ങളിലേക്കും നമ്മെ കൂട്ടി കൊണ്ടുപോകുന്ന ഹൈദിയിലെ ഓരോ കഥാപാത്രങ്ങളുടേയും മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടുന്ന ഒന്നാണ്.
ഹൈദിയായി വേഷമിട്ടിരിക്കുന്ന അനുക് സ്‌റ്റെഫാൻ എന്ന കൊച്ചു മിടുക്കിയുടെ പ്രകടനങ്ങൾ വാക്കുകൾക്കതീതമാണ്.

മണ്ണിൽ ഉറച്ചുനില്ക്കാനും അതേ സമയം അതിരുകളില്ലാത്ത ആകാശത്തിന്റെ ഔന്നിത്യങ്ങളിലേക്ക് പറക്കാനും കഴിയുന്ന ഒരു പരുന്താകാൻ ആഗ്രഹിക്കുന്ന ഹൈദി എന്ന കൊച്ചു സുന്ദരി നമ്മുടെ ഹൃദയങ്ങളെ കവർന്നെടുക്കുകയാണ്.
ചിത്രം കണ്ടു കഴിഞ്ഞാലും ഹൈദിയുടെ ആ ചിരിയും നോട്ടവും നിങ്ങളുടെ മനസ്സിൽ മായാതെ കിടക്കും.

ചിത്രത്തിന്റെ ഛായാഗ്രഹണത്തെയും പശ്ചാത്തല സംഗീതത്തെപ്പറ്റിയും പറയാതെ ഹൈദിയെ മുഴുമിപ്പിക്കാനാവില്ല. ആൽപ്സ് മലനിരകളുടെ വശ്യ സൗന്ദര്യം നുകർന്ന് കാഴ്ചയുടെ ദ്യശ്യവിസ്മയം തീർത്ത് ഹൈദിയെ അണിയിച്ചൊരുക്കുന്ന ഛായാഗ്രാഹകൻ മത്തിയാസ് ഫ്ലെഷർനും , മനം കവരുന്ന പശ്ചാത്തലസംഗീതം ഒരുക്കി ഹൈദിയെ ഒന്നുകൂടി മികച്ചതാക്കി മാറ്റിയ നിക്കി റീസറിനും ഒരു നല്ല കൈയ്യടി നല്കാം.

ഹൈദിയുടെ ചെറിയ ലോകത്തിന്റേയും അതിലെ വിശാലമായ ആത്മബന്ധങ്ങളുടേയും കഥ പറയുന്ന ചിത്രം കണ്ടുതന്നെ അനുഭവിക്കേണ്ട ഒരു മനോഹര ചലച്ചിത്രാവിഷ്ക്കാരം.
ഹൈദി. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച ഫീൽ ഗുഡ് ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here