Tess J S
ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന വിടര്‍ന്ന പീലികള്‍ ആണ്‍ മയിലുകളുടെ പ്രത്യേകതയാണ്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ കോഴി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പീഫൗള്‍ എന്ന് വിളിക്കുന്നതാണ് ശരിയെന്ന് പക്ഷിഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കേരളം കൂടാതെ രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മയിലുകള്‍ വ്യാപകമായി കാണപ്പെടുന്നു. ഉയര്‍ന്ന മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വനങ്ങളാണ് മയിലുകളുടെ വാസസ്ഥലം. ആണ്‍ മയിലുകളെ പീക്കോക്ക് എന്നും പെണ്‍മയിലുകളെ പീഹെന്‍ എന്നും അറിയപ്പെടുന്നു. പെണ്‍മയിലുകളെ അപേക്ഷിച്ച് ആണ്‍മയിലുകള്‍ക്ക് തലയില്‍ പൂവും കഴുത്തില്‍ നീലനിറവും ഉണ്ടാവും.
ചെറുപ്രാണികള്‍, സസ്യഭാഗങ്ങള്‍, ഉരഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇവയുടെ ആഹാരത്തില്‍ ഉള്‍പ്പെടുന്നു. വളരെക്കുറച്ച് ദൂരം മാത്രമെ ഇവര്‍ക്കു പറക്കുവാന്‍ കഴിയൂ. ഒരു മയിലില്‍ നിന്ന് ശരാശരി 200 പീലികള്‍ വരെ ലഭിക്കുന്നു. ഒരാണ്‍മയില്‍ അടങ്ങുന്ന കുടുംബത്തില്‍ നാല് മുതല്‍ അഞ്ച് വരെ പിടകളുണ്ടാവും. ഏഴു മുട്ടകള്‍ വരെ പിടകള്‍ ഇടാറുണ്ട്. മുപ്പത് ദിവസമാണ് മുട്ടകള്‍ വിരിയാനെടുക്കുന്ന കാലയളവ്.
ഇന്ത്യന്‍ മയില്‍, കോംഗോ മയില്‍, പച്ചമയില്‍ എന്നിങ്ങനെ മൂന്ന് വിഭാഗം മയിലുകളാണ് ലോകത്തുള്ളത്. ഇവരുടെ ശരാശരി ആയുസ്സ് 20 വര്‍ഷമാണ്. ഇന്ത്യയില്‍ മയിലുകളെ കൊല്ലുന്നത് വന്യജീവിനിയമപ്രകാരം കുറ്റകരമാണ്. മാംസത്തിനും, മയിലെണ്ണയ്ക്കും, വര്‍ണ്ണാഭമായ പീലികള്‍ക്കും വേണ്ടി മനുഷ്യന്‍ ധാരളമായി മയിലുകളെ വേട്ടയാടുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here