Tess J S
വിഷസസ്യങ്ങളെയും ഔഷധനിര്‍മ്മാണത്തിനായി ആയൂര്‍വേദത്തില്‍ ഉപയോഗപ്പെടുത്തിവരുന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് അരളി. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവ അപ്പോസൈനേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. വെള്ള, ചുവപ്പ്, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരളിയുടെ പൂക്കള്‍ കാണപ്പെടുന്നു. മണമുള്ളതും മണമില്ലാത്തതുമായി രണ്ടിനം അരളികളുണ്ട്.
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇവ എല്ലാത്തരം കാലാവസ്ഥയിലും വളരാന്‍ കഴിവുള്ള സസ്യമാണ്. ഇവയുടെ ഇലകള്‍ നീണ്ടതും വീതികുറഞ്ഞതുമാണ്. അരളിയുടെ പൂക്കാലം വേനല്‍ക്കാലമാണ്. വര്‍ഷം മുഴുവന്‍ പൂക്കുന്ന നിത്യഹരിത സസ്യമാണ് ഇവ. അരളിയുടെ പൂക്കള്‍ നിറത്താലും, മണത്താലും ആരെയും ആകര്‍ഷിക്കുന്നതാതെങ്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ഡ്രിജെനിന്‍ എന്നീ ഘടകങ്ങള്‍ വിഷമുള്ളവയാണ്. സസ്യഭാഗങ്ങള്‍ ഉള്ളില്‍ കഴിക്കുന്നത് മരണത്തിനു തന്നെ കാരണമായേക്കാം. വളര്‍ത്തുമൃഗങ്ങള്‍ ഇത്തരത്തില്‍ അരളിച്ചെടിയുടെ ഭാഗങ്ങള്‍ ഭക്ഷിക്കുകയും മരണപ്പെടുകയും ചെയ്തതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇവ കത്തിയുണ്ടാകുന്ന പുക ശ്വസിക്കുന്നതും ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാല്‍ ഈ വിഷസസ്യത്തില്‍ നിന്ന് തന്നെ ആയൂര്‍വേദ മരുന്നുകളും തയാറാക്കാറുണ്ട് എന്നതാണ് വസ്തുത.