ആന

0
5092

Tess J S
ലൊക്‌സോഡോന്റാ ആഫ്രിക്കാനാ, ലൊക്‌സോഡോന്റാ സൈക്ലോട്ടിസ്, എലിഫസ് മാക്‌സിമസ് എന്നീ സ്പീഷിസുകളിലായി കരയിലെ ഏറ്റവും വലിയ ജീവിയായ ആന കാണപ്പെടുന്നു. ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ മാത്രമാണ് ആനയെ സ്വാഭാവിക പരിസ്ഥിതിയില്‍ കാണാനാവുക. അതനുസരിച്ച് ആഫ്രിക്കന്‍ ആന, ഏഷ്യന്‍ ആന എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ ആനകള്‍ക്കാണ് വലിപ്പക്കൂടുതല്‍. കൊമ്പനാനകള്‍ക്കും പിടിയാനകള്‍ക്കും കൊമ്പുകളുണ്ടാകും എന്നതും ആഫ്രിക്കന്‍ ആനകളുടെ പ്രത്യേകതയാണ്. ആഫ്രിക്കന്‍ ആനകളെത്തന്നെ ആഫ്രിക്കന്‍ ബുഷ് എലിഫന്റ് എന്നും, ആഫ്രിക്കന്‍ ഫോറസ്റ്റ് എലിഫന്റ് എന്നും തരം തിരിച്ചിരിക്കുന്നു. ആറായിരം കിലോഗ്രാം വരെ ഭാരം വയ്ക്കുന്നവയാണ് ആഫ്രിക്കന്‍ സാവന്നാ ആനകള്‍ (ബുഷ് എലിഫന്റ്). കുഞ്ഞന്‍ ആനകളായ ആഫ്രിക്കന്‍ കാട്ടാനകളുടെ (ഫോറസ്റ്റ് എലിഫന്റ്) ഭാരം രണ്ടായിരത്തിയെഴുന്നൂറ് കിലോഗ്രാം വരെയാണ്. ഇവയെ പിഗ്മി ആനകളെന്നും അറിയപ്പെടുന്നു. പ്രധാനമായും നാല് തരത്തിലുള്ള ഏഷ്യന്‍ ആനകളാണുള്ളത്. ശ്രീലങ്കന്‍ ആന, ഇന്ത്യന്‍ ആന, സുമാത്രന്‍ ഏഷ്യന്‍ ആന, ബോര്‍ണിയോ പിഗ്മി ആന എന്നിവയാണ് പ്രധാന ഏഷ്യന്‍ ഇനങ്ങള്‍.
ആനയുടെ മൂക്കും മേല്‍ച്ചുണ്ടും ചേര്‍ന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായും രൂപാന്തരപ്പെട്ടിരിക്കുന്നു. 282 അസ്ഥികളാണ് ഇവയുടെ ശരീരത്തിലുള്ളത്. സസ്തനികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലവും ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം (ഇരുപത്തിയൊന്ന് മാസം മുതല്‍ ഇരുപത്തിരണ്ട് മാസം വരെ). ആനകളുടെ മേല്‍ച്ചുണ്ടാണ് തുമ്പിക്കൈയായി രൂപപ്പെട്ടിരിക്കുന്നത്. ഒരു വശത്തെ കാലുകള്‍ ഒരേ സമയം മുമ്പോട്ട് വച്ചുനടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളില്‍ നിന്നും ഇവയെ വ്യത്യസ്ഥമാക്കുന്നു. ആനകളുടെ മുന്‍കാലുകളെ നടയെന്നും പിന്‍കാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റര്‍ വരെ വെള്ളവും അകത്താക്കാറുണ്ട്. ആനക്കൊമ്പിനു വേണ്ടി ഇവയെ നിരന്തരം വേട്ടയാടുക പതിവാണ്. കണ്ണുകള്‍ക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീര്‍ത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂര്‍ വരെ ഇവ വിശ്രമത്തിനായി ചിലവഴിക്കുന്നു. ആഫ്രിക്കന്‍ ആനകള്‍ വിശ്രമത്തിനായി കിടക്കുക പതിവില്ല.
കാട്ടാനകള്‍ കൂട്ടത്തോടെയാണ് വിഹരിക്കുക. മുപ്പത് വരെ ആനകള്‍ ഈ കൂട്ടത്തിലുണ്ടാകും. ഒറ്റയ്ക്കുന്ന നടക്കുന്ന ആനകളെ ഒറ്റയാന്‍ എന്നറിയപ്പെടുന്നു. മറ്റ് ആനകളെക്കാള്‍ ആക്രമണകാരികളാണ് ഇവ. ആനകള്‍ സ്ഥിരം നടക്കുന്ന കാട്ടുവഴികളെ ആനത്തേരി, ആനച്ചാല്‍ എന്നിങ്ങനെ അറിയപ്പെടുന്നു. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ ആനകള്‍ക്ക് ഓടാന്‍ കഴിയും. ഇന്‍ഫ്രാസോണിക് ശബ്ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരാണ് ആനകള്‍. ആനകള്‍ക്ക് കാഴ്ച്ചശക്തി കുറവാണ് കേള്‍വിശക്തിയാണ് കൂടുതലായുള്ളത്. ശരാശരി എഴുപത് വര്‍ഷം വരെയാണ് ആനകളുടെ ജീവിതകാലം. പിടിയാനയെ കൗ എലിഫന്റ് എന്നും കൊമ്പനാനയെ ബുള്‍ എലിഫന്റ് എന്നുമാണ് ഇംഗ്ലീഷില്‍ അറിയപ്പെടുക.
കേരളത്തിന്റെ സംസ്ഥാന മൃഗമാണ് ആന. ആനകളില്ലാത്ത ഒരേയൊരു ഏഷ്യന്‍ രാജ്യം പാക്കിസ്ഥാനാണ്. മനുഷ്യന്‍ പിടികൂടിയതില്‍ വച്ച് ആസാമാന്യ കഴിവുകളുള്ള ഒരു ആനയായിരുന്നു മൂന്നു ഭൂഖണ്ഡങ്ങള്‍ താണ്ടിയ ജംബോ. യൂറോപ്പിലേക്ക് ജീവനോടുകൂടിയെത്തുന്ന ആദ്യ ആനയും ജംബോയാണ്. പ്രശസ്തിക്കുവേണ്ടി പ്രദര്‍ശിപ്പിച്ച് പണമുണ്ടാക്കിയവരുടെ അശ്രദ്ധ 1885 ല്‍ ജംബോയുടെ ദാരുണാന്ത്യത്തിനിടയാക്കി. ഹിമയുഗത്തിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന മാമത്തുകളാണ് ഇന്നുകാണുന്ന ആനകളോട് സാദൃശ്യം പുലര്‍ത്തുന്നവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here