ഉപാധികളില്ലാത്ത സ്നേഹം!

0
1596

Fr Sheen Palakkuzhy

സുഭാഷ് ചന്ദ്രനെന്ന എഴുത്തുകാരൻ ‘സമുദ്രശില’ എന്ന തന്റെ ബൃഹദ് നോവലിന്റെ ‘അഭയം’ എന്നു പേരിട്ട ഒന്നാമധ്യായത്തിൽ അംബയെന്ന കഥാപാത്രത്തിന്റെ നാവിലൂടെ വ്യാസനെന്ന ഇതിഹാസ കർത്താവിനോടു ചോദിച്ചു:

‘എല്ലാമുണ്ടെന്ന ഗർവിൽ അങ്ങ് എഴുതാനിരിക്കുന്ന ആ മഹാഗ്രന്ഥത്തിൽ ഇടംപിടിക്കാത്ത ഒരു വിഷയമുണ്ടെന്ന് ഞാൻ പറഞ്ഞാൽ?’

‘പറയൂ, എന്താണ് ഇതിഹാസത്തിൽ ഇല്ലാതെ പോയേക്കുമെന്നു നീ വൃഥാ ഭയക്കുന്ന വിഷയം?’

‘ഉപാധികളില്ലാത്ത സ്നേഹം!’

മഹർഷി ഒരിക്കൽ കൂടി കണ്ണുകൾ പൂട്ടി. ഇല്ല. അക്കൂട്ടത്തിലെവിടെയും ആ പച്ചമരത്തണലില്ല- ഉപാധികളില്ലാത്ത സ്നേഹം!

‘നീ പറഞ്ഞതു ശരിയാണ്.’ വ്യാസൻ അവളോടു യോജിച്ചു.

■ പാലോടായിരുന്നു അയാളുടെ സ്വദേശം. ഈറ്റ കൊണ്ടു വട്ടിയും കുട്ടയും നെയ്തു ജീവിക്കുന്ന മധ്യവയസ്സു പിന്നിട്ട സാമുവൽ! ഒപ്പം രണ്ടാം ഭാര്യ, പെൺമക്കൾ അങ്ങനെ. സ്വന്തമായി വീടുണ്ടായിരുന്നോ എന്നു സംശയമാണ്. വല്ലപ്പോഴുമൊക്കെ വണ്ടിയും വള്ളവും കയറി നെയ്തുണ്ടാക്കിയ വട്ടിയും കുട്ടയുമൊക്കെയായി സെമിനാരിയിൽ വരും. അത്തരം വീട്ടുസാധനങ്ങളൊക്കെ പുത്തൻ തലമുറയുടെ ജീവിതത്തിൽ നിന്നു പടികടന്നു പോയതറിയാതെ അയാൾ നിഷ്കളങ്കമായി അവയുടെ ഉപയോഗത്തെക്കുറിച്ചു വാചാലനാവും. വെറ്റിലക്കറ പിടിച്ച പല്ലുകൾ ഇളകിയാടും. ഒട്ടിയ കവിളുകൾ മൂടിക്കിടക്കുന്ന ഇരുണ്ട ചർമ്മത്തിൽ വാർദ്ധക്യം ചുളുങ്ങിച്ചിരിക്കും. ആവശ്യമില്ലെങ്കിൽ കൂടി, അയാളുടെ സന്തോഷത്തിനായി എന്തെങ്കിലുമൊക്കെ വാങ്ങും. ചോദിച്ചതിൽ കൂടുതൽ നോട്ടുകൾ ആ വരണ്ട കയ്യിൽ പിടിപ്പിക്കും. വരണ്ടുണങ്ങിയ കണ്ണുകളിൽ നിന്ന് തിളക്കമുള്ള ഒരു നോട്ടമയച്ച് മെല്ലിച്ച കാലുകൾ വലിച്ചു വച്ച് അയാൾ മടങ്ങും. അങ്ങനെ നാലു വർഷം കഴിഞ്ഞു സെമിനാരി വിട്ടു മടങ്ങുമ്പോഴേയ്ക്കും ഒരു പെട്ടിഓട്ടോയിൽ കയറ്റാനുള്ള കുട്ടയും വട്ടിയും അടുക്കള മൂലയിൽ കുന്നുകൂടിക്കിടന്നു. ഉപാധികളില്ലാത്ത സ്നേഹം!

തിരുവനന്തപുരം വിട്ടു ബാലരാമപുരത്തേക്കു പോയപ്പോൾ പിന്നീടയാൾ വരില്ലെന്നു കരുതി. പക്ഷെ കുറേ നാളുകൾ കഴിഞ്ഞ് എങ്ങനെയോ സ്ഥലം തേടിപ്പിടിച്ചു വന്നു. മകളുടെ വിവാഹമാണ്. ഒറ്റപ്പൈസ കയ്യിലില്ല. തന്നെക്കൊണ്ടു കൂട്ടിയാൽ കൂടാത്ത ഒരു സ്വപ്നത്തിന്റെ ഭാരം നെഞ്ചിൽ തിങ്ങി അയാൾ മുറിയിലിരുന്നു കരഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞ് അയാളെ മടക്കിയയച്ചു. അയാൾ പോയിക്കഴിഞ്ഞ് കുറേ സുഹൃത്തുക്കളെ വിളിച്ചു. കയ്യും കാലും പിടിച്ചിട്ടാണെങ്കിലും കുറെ പണം കിട്ടി. ഒന്നു രണ്ടു പള്ളികളിൽ നിന്നു സഹായം കിട്ടി. കാശല്ലേ…! ചിലർ മുഖം കറുപ്പിച്ചു. ചിലർ പ്രതികരിച്ചില്ല. ഒടുവിൽ രണ്ടാഴ്ച കഴിഞ്ഞ് അയാൾ വന്നപ്പോൾ കയ്യിലിരുന്നതും ഇരന്നു വാങ്ങിയതുമെല്ലാം കൂടി അയാൾ പ്രതീക്ഷിച്ചതിലധികം നൽകി യാത്രയാക്കി. വിവാഹം മംഗളമായി നടന്നു. ഉപാധികളില്ലാത്ത സ്നേഹം!

പിന്നീടു കുറേ നാളത്തേക്ക് അയാൾ വന്നില്ല. വരണമെന്ന് ഒരിക്കലും ആഗ്രഹിക്കാതെ തിരക്കുകളിൽ ഞാനും അയാളെ മറന്നു. ഒരിക്കൽ ഒരു മുഴുവൻ ദിവസം നീണ്ട അധ്വാനം കഴിഞ്ഞു വിശന്നും തളർന്നും സന്ധ്യയ്ക്കു മടങ്ങിയെത്തിയപ്പോൾ പള്ളിമുറ്റത്ത് അയാളുണ്ട്. നന്നേ ക്ഷീണിതനായിരുന്നതു കൊണ്ട് അയാളെ കണ്ടപ്പോഴേ ഉള്ളിൽ എനിക്ക് അയാളോട് കടുത്ത ഈർഷ്യ തോന്നി. ഇനിയൊരാളെക്കൂടി കാണാനോ കേൾക്കാനോ കഴിയാത്ത അസഹ്യതയിൽ കാർ നിർത്തി ഞാൻ ഗ്ലാസ് താഴ്ത്തി. അയാൾ ഓടിവന്നു. അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഞാൻ കാര്യം തിരക്കി. അയാൾ മടിച്ചു മടിച്ചു കാര്യം പറഞ്ഞു. ‘വീടു പണിയാണ്. സഹായിക്കണം’.

നിയന്ത്രിക്കാൻ കഴിയാത്ത കോപം എന്നിലേക്കിരച്ചു കയറി. കാറിലിരുന്നു കൊണ്ടു തന്നെ ഞാനയാളെ നാവു കൊണ്ടരിഞ്ഞു. മുമ്പു കൈ നിറയെ സഹായിച്ചതല്ലേ! എപ്പോഴും ഇങ്ങനെ വന്നു സഹായം ചോദിച്ചാൽ എടുത്തു കൊടുക്കാൻ കാശെവിടെ! പണ്ടു വട്ടിയും കുട്ടയും വാങ്ങിയതു മുതൽ മകളുടെ കല്യാണത്തിനു സഹായിച്ചതടക്കം എല്ലാം അക്കമിട്ട് ഉൻമാദം ബാധിച്ചവനേപ്പോലെ ഞാൻ ഉച്ചത്തിൽ വിളമ്പി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ എനിക്കാവേശമായി. വഴക്കു പറഞ്ഞിട്ടാണെങ്കിലും അവസാനം എന്തെങ്കിലും തരുമെന്ന് ഉള്ളിൽ അയാൾക്കൊരു നേരിയ പ്രതീക്ഷയുണ്ടായിരുന്ന പോലെ. ആ കച്ചിത്തുരുമ്പിൽ പിടിച്ച് അയാൾ കുറേനേരം വിഷണ്ണനായി നിന്നു. ‘പൊയ്ക്കോ എന്റെ കയ്യിലൊന്നുമില്ല തരാൻ! പോകാൻ!’ പിന്നെയും എന്തൊക്കെയോ ആക്രോശിച്ച ശേഷമാണ് എന്റെ കോപം ശമിച്ചത്.

ഇരുളു വീണ പള്ളിമുറ്റത്ത് അയാളുടെ ആത്മാഭിമാനം ഉരുകിവീണു. ഒരക്ഷരം മിണ്ടാതെ മുഖത്തടിയേറ്റ പോലെ അയാൾ തിരിഞ്ഞു നടന്നു. ഇരുട്ടിലും തിരക്കിലും അയാൾ മറഞ്ഞു. അതയാളുടെ അവസാനത്തെ വരവായിരുന്നു.

കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ അടുത്തു വന്നു. ‘രാവിലെ അച്ചൻ പോയയുടൻ വന്നതാണയാൾ. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചിട്ടില്ല. ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഇന്നത്തെ ദിവസം മുഴുവൻ അച്ചനെക്കുറിച്ചു മാത്രം പറയുകയായിരുന്നു! അച്ചനില്ലായിരുന്നെങ്കിൽ മകളുടെ കല്യാണം മുടങ്ങിപ്പോകുമായിരുന്നു എന്നൊക്കെ. ‘അച്ചനെന്നെ വല്യ കാര്യമാണ്, അച്ചൻ വന്നു കണ്ടിട്ടേ പോകൂ’ എന്നു വാശി പിടിച്ചിരിക്കുകയായിരുന്നു!’

ഉപാധികളുള്ള സ്നേഹത്തിന്റെ പുറങ്കുപ്പായമിട്ട്, നാവിറങ്ങിപ്പോയി മുറ്റത്തു നിന്ന ഒരു ഭ്രാന്തന്റെ കവിളിൽ അപ്പോൾ പാലോടുകാരൻ സാമുവൽ ആഞ്ഞടിച്ചു!

■ അപ്പോൾ വ്യാസൻ അംബയോടു പറഞ്ഞു: ‘പക്ഷെ എനിക്കു വേറെ നിവൃത്തിയില്ല. മനുഷ്യജീവിതത്തിന്റെ പരമമായ സത്തയാണ് ഞാൻ അക്ഷരങ്ങളിലാക്കാൻ ശ്രമിക്കുന്നത്. അറിയാമോ, ഉപാധികളില്ലാത്ത സ്നേഹം എന്നതു പോലും സ്വയമൊരുപാധിയായി പരിണമിക്കുന്ന വിഷമവൃത്തത്തിലാണ് മനുഷ്യജീവിതം എന്ന കാവ്യം എഴുതപ്പെട്ടിരിക്കുന്നത്. അതിൽ എന്റെ വക ഒരു തിരുത്തു വയ്യ!’

■ ഈ ചിത്രം കണ്ടിട്ടു സഹിക്കാൻ പറ്റണില്ല! നന്ദി! ഭൂമിയിൽ സ്നേഹിക്കാനറിയാവുന്ന നല്ല മനുഷ്യർ ഇപ്പോഴുമുണ്ടല്ലോ!

LEAVE A REPLY

Please enter your comment!
Please enter your name here