Tess J S
ഉപ്പന്‍, ചെമ്പോത്ത്, ചകോരം എന്നിങ്ങനെ നിരവധി വിളിപ്പേരുകളില്‍ ഈ പക്ഷി അറിയപ്പെടുന്നു. ചെമ്പിച്ച നിറത്തിലുള്ള ചിറകുകളും കറുത്ത നീണ്ട വാലും ചുവന്ന കണ്ണുകളും ഇവയെ തിരിച്ചറിയുവാന്‍ സഹായിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇവ വളരെയധികമായി കാണപ്പെടുന്നു.
ചെറിയ ഉരഗങ്ങള്‍, ചെറിയ പ്രാണികള്‍ എന്നിവയാണ് ഇക്കൂട്ടരുടെ പ്രധാന ഭക്ഷണം. സെന്‍ട്രോപസ് സിനെന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ കുയില്‍ വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ്. ജീവിത രീതി, ശബ്ദം, സ്വഭാവം എന്നിവയില്‍ ഇവര്‍ സാമ്യത പുലര്‍ത്തുന്നില്ല. ഒരേ വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളാണെങ്കിലും കുയിലും ഉപ്പനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
കുറ്റിക്കാടുകളിലെ ഇലച്ചില്ലകള്‍ തിങ്ങിനിറഞ്ഞ മരത്തിലാണ് ഇവ കൂടൊരുക്കുക. ഒരു കൂട്ടില്‍ നാലുവരെ മുട്ടകള്‍ ഉണ്ടാകും.
ഉപ്പനെ ശകുനം കാണുന്നത് നല്ലതാണെന്ന് കരുതപ്പെടുന്നു. ഉപ്പനെ ശകുനം കണ്ട കുചേലന് കൃഷ്ണന്‍ ധാരാളം സമ്പത്ത് നല്‍കി എന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു. പോത്തിന്റെ നിറമുള്ള ദേഹവും ചെമ്പുപോലുള്ള ചിറകുകളുമുള്ളതിനാലാണിവയെ ചെമ്പോത്ത് എന്നറിയപ്പെടുന്നതെന്ന് ഇന്ദുചൂഡന്‍ കേരളത്തിലെ പക്ഷികളില്‍ പറയുന്നു. 50 സെ. മീ വരെ നീളമുള്ള ഇവ ഇണചേരുന്നത് ജൂണ്‍ – ജൂലൈ മാസങ്ങളിലാണ്.