Tess J S
ഓര്‍ക്കിഡേസ്യെ സസ്യകുടുംബത്തല്‍ ഉള്‍പ്പെടുന്ന അലങ്കാര ചെടിയാണ് കുറുനരിവാലന്‍ എന്നറിയപ്പെടുന്ന ഫോക്‌സ് ടെയില്‍. റിങ്കോസ്റ്റൈലസ് റെട്ടുസ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. കുറുനരിയുടെ വാല് പോലെ ഇവയുടെ പൂക്കള്‍ താഴേക്ക് നീണ്ടു കിടക്കുന്നതിനാലാണ് ഇവയ്ക്ക് കുറുനരിവാലന്‍ എന്ന പേര് ലഭിച്ചത്. ഓര്‍ക്കിഡ് ചെടിയായ ഇവയെ മരങ്ങളില്‍ വളരുന്നവ എന്നര്‍ത്ഥമുള്ള എപ്പിഫൈറ്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുറുനരിവാലന്റെ പൂങ്കുലയ്ക്ക് അറുപത് സെന്റീമീറ്റര്‍ നീളമുണ്ടാകും. ഒരു കുലയില്‍ തന്നെ നൂറിലധികം പൂക്കള്‍ കാണപ്പടുന്നു. വെള്ളയില്‍ ഇളം റോസ് നിറത്തിലുള്ള പൂക്കള്‍ക്ക് രണ്ട് സെന്റീമീറ്റര്‍ വരെ വലിപ്പമുണ്ടാകും. മെയ് – ജൂണ്‍ ആകുന്നതോടെ പുക്കാന്‍ തുടങ്ങുന്നു. ആസ്സാമിന്റെയും, അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാനപുഷ്പമാണ് ഇവ. ആസ്സാമിലെ സ്ത്രീകള്‍ അവരുടെ പ്രാദേശിക പരിപാടികള്‍ക്ക് ഇവയുടെ പൂവ് തലയില്‍ ചൂടാറുണ്ട്.
വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, എന്നീ രാജ്യങ്ങളില്‍ കുറുനരിവാലന്‍ ഓര്‍ക്കിഡ് ധാരാളമായി കാണപ്പെടുന്നു.