Tess J S
ഒസിമം സാങ്റ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന തുളസി ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഈ സസ്യത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ശാപമോക്ഷം ലഭിച്ച ലക്ഷിമീദേവി വൈകുണ്ഠത്തിലേക്ക് മടങ്ങിയപ്പോള്‍ ദേവിയുടെ മുടി തുളസിച്ചെടിയായി മാറി എന്നാണ് ഹിന്ദുമത വിശ്വാസം. ചരകന്‍ തന്റെ ഗ്രന്ഥമായ ചരകസംഹിതയില്‍ തുളസിച്ചെടിയുടെ ആയൂര്‍വ്വേദമൂല്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. പ്രധാനമായും രണ്ട് തരത്തിലുള്ള തുളസിച്ചെടിയാണുള്ളത്. കടുംനീലനിറത്തില്‍ പച്ച ഇലകളോട് കൂടി കാണപ്പെടുന്നത് കൃഷ്ണതുളസിയും, വെള്ളകലര്‍ന്ന പച്ചനിറത്തില്‍ കാണപ്പെടുന്നത് രാമതുളസിയുമാണ്. ഇവയില്‍ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതല്‍. ആന്റീബാക്ടീരിയല്‍, ആന്റീഫംഗല്‍, ആന്റീഓക്‌സിഡന്റ് എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. അഞ്ച് സെമീ വരെ നീളത്തില്‍ ഇവയുടെ ഇലകള്‍ വളരുന്നു. ചെടിക്ക് അര മീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആയൂര്‍വ്വേദ ആചാര്യന്മാര്‍ തുളസിച്ചെടിയുടെ ഗുണങ്ങള്‍ മനസ്സിലാക്കിയെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ഇവയെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ചുമ, ജലദോഷം, ത്വക്ക്‌രോഗങ്ങള്‍, ചിലന്തിവിഷം, തേള്‍വിഷം, പാമ്പ്‌വിഷം ശമിപ്പിക്കാന്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നായി ഇവയെ ഉപയോഗിക്കുന്നു. ക്ഷേത്രപരിസരത്തും, വീട്ടുവളപ്പിലും ഇവയെ വളര്‍ത്തിവരുന്നു.