Tess J S
സലിം അലി വാല്‍ക്കുരുവി എന്നറിയപ്പെടുന്ന നാകമോഹന്‍ പക്ഷി കേരളത്തിലെ കാടുകളിലും കാവുകളിലും ഏറെയുണ്ട്. നാകം എന്ന വാക്കിനര്‍ത്ഥം സ്വര്‍ഗ്ഗം എന്നതാണ്. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ മോഹിച്ച പക്ഷി എന്നര്‍ത്ഥത്തില്‍ ഇവയെ സ്വര്‍ഗ്ഗവാതില്‍ പക്ഷി എന്നും വിളിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കൂടാതെ നിരവധി ദ്വീപുകളിലും പതിനാറ് സ്പീഷീസുകളിലായി ഇവയെ കാണപ്പെടുന്നു. മധ്യപ്രദേശിന്റെ സംസ്ഥാന പക്ഷിയായ ഇവര്‍ കേരളത്തിലെത്തുന്ന ദേശാടനപക്ഷിയാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇവയെ കേരളത്തില്‍ കാണപ്പെടുന്നത്. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പുകാലമാകുമ്പോഴാണ് കേരളത്തിലേക്ക് ഇവ കൂട്ടമായി എത്തുക. ടെര്‍പ്‌സോണ്‍ ജനുസ്സില്‍ ഉള്‍പ്പെടുന്ന പക്ഷികളെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയത് ജര്‍മ്മന്‍ സുവോളജിസ്റ്റായ കോണ്‍സ്റ്റാന്റിന്‍ ഗ്ലോഗര്‍ ആണ്.
ഒരേ സ്ഥലത്ത്, ഒരേ സമയത്ത് എല്ലാദിവസവും കുളിക്കാനും അന്തിയുറങ്ങുവാനുമെത്തുന്നുവെന്നത് ഈ പക്ഷിയുടെ സവിശേഷതയാണ്. 21 സെ. മീ വരെ ശരീരനീളം വയ്ക്കുന്ന ഇവരുടെ ഭാരം 23 ഗ്രാം വരെയാണ്. നീണ്ട വാലുള്ള ഈ പക്ഷികള്‍ക്ക് വളരെ വേഗത്തില്‍ പറക്കുവാന്‍ കഴിയും. ഇവരില്‍ ആണ്‍പക്ഷികളുടെ തലയ്ക്ക് കറുപ്പ് നിറവും ശരീരഭാഗങ്ങള്‍ക്ക് ചാര നിറമോ ആയിരിക്കും. ആണ്‍ പക്ഷികളുടെ കണ്ണിന് ചുറ്റും നീലനിറത്തിലുള്ള വലയം കാണപ്പെടുന്നു. തലയിലെ തൂവലുകള്‍ കൊണ്ടുള്ള കിരീടവും ഇവയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. മുട്ടവിരിഞ്ഞ് മൂന്ന് വര്‍ഷം വരെ പ്രായമാകുമ്പോഴാണ് ആണ്‍ പക്ഷികള്‍ക്ക് നീണ്ട വാലുണ്ടാകുന്നത്. ആണ്‍പക്ഷികളുടെ വാലിന്റെ നീളത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍ പക്ഷികള്‍ ഇണചേരുക. കൂടുതല്‍ നീളമുള്ള വാല് പെണ്‍പക്ഷികളെ ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ കണ്ടുവരുന്ന ആണ്‍പക്ഷികള്‍ക്ക് വാലിന് 18 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. പെണ്‍പക്ഷികള്‍ക്ക് ചെമ്പിച്ച തവിട്ട് നിറമായിരിക്കും. കൊക്കിനു താഴെയും ശരീരത്തിനടിഭാഗവും വെള്ളനിറത്തിലാണ് കാണപ്പെടുക. പെണ്‍പക്ഷികളുടെ വാലും തലയിലെ ശിഖയും ചെറുതായിരിക്കും.
പകല്‍ സമയങ്ങളില്‍ ഇരതേടുന്ന ഇവരുടെ പ്രധാന ആഹാരം പുഴുക്കള്‍, പ്രാണികള്‍, ഷഡ്പദങ്ങള്‍ എന്നിവയാണ്. മരത്തില്‍ നിന്നും താഴെയിറങ്ങാത്ത ഇവര്‍ മരത്തില്‍ കാണുന്ന ഇരകളെയാണ് ആഹാരമാക്കുക. കൂടാതെ പറന്നുനടക്കുന്ന ഇരകളെയും ഇവ ആഹാരമാക്കാറുണ്ട്. പാറ്റപിടിയന്മാര്‍ എന്ന പക്ഷിവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. കേരളത്തില്‍ വിരുന്നെത്തുന്ന ഇവര്‍ ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് കൂടൊരുക്കുന്നതും മുട്ടയിടുന്നതും. കാക്കത്തമ്പുരാട്ടിയുടെ കൂടിന് താഴെയായി കൂടൊരുക്കുന്ന പതിവും ഇവര്‍ക്കുണ്ട്. ശത്രുക്കളില്‍ നന്നും രക്ഷനേടുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഇവര്‍ കൂടൊരുക്കുന്നത്. ചെറുനാര്, പുല്ല്, മറ്റ് പക്ഷികളുടെ മുട്ടത്തോട്, ചിലന്തിവല എന്നിവകൊണ്ടാണ് ഇക്കൂട്ടര്‍ കൂടൊരുക്കുക. ചെറിയൊരു കപ്പിന്റെ ആകൃതിയാണ് ഇവയുടെ കൂടിനുള്ളത്. നവംബര്‍ മാസത്തിലാണ് ഇവര്‍ ഇണചേരുന്നത് മൂന്ന് മുതല്‍ നാല് വരെ മുട്ടകളിടുന്ന ഇവരുടെ മുട്ടകള്‍ 21 മുതല്‍ 23 ദിവസം കൊണ്ട് വിരിയുന്നു. ഇവയുടെ മുട്ടകള്‍ പുള്ളികളോട് കൂടിയ ചാരനിറത്തിലോ ഇളം പിങ്ക് നിറത്തിലോ കാണപ്പെടുന്നു. മുട്ട വിരിഞ്ഞ് പത്ത് മുതല്‍ പതിനൊന്ന് ദിവസം വരെയാകുമ്പോള്‍ പെണ്‍പക്ഷി കൂടുപേക്ഷിച്ച് പോകുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് തൂവലുകളുണ്ടാകില്ല. കുഞ്ഞുങ്ങള്‍ക്ക് പെണ്‍പക്ഷിയുടെ നിറമായിരിക്കും. കാലക്രമേണ ഇവ ആണ്‍പക്ഷിയുടെയും പെണ്‍പക്ഷിയുടെയും സ്വഭാവ സവിശേഷത കൈവരിക്കുന്നു. പലതരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
2004 മുതല്‍ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി ഐ. യു. സി. എന്‍ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കി വരുന്നു. കാടുകളും കാവുകളും ഇല്ലാതാകുന്നത് ഇവയുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു.