നീര്‍ക്കുതിര

0
1797

Tess J S
ആഫ്രിക്കന്‍ വന്‍കരയില്‍ മാത്രം കണ്ടുവരുന്ന ജീവിവര്‍ഗമാണ് നീര്‍ക്കുതിര. ജലാശയങ്ങളിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ഇഴഞ്ഞു നടക്കാനും, അതില്‍ വിശ്രമിക്കാനുമാണ് ഇവയ്ക്ക് താല്പര്യം. അതിനാലാണ് ഇവയ്ക്ക് നീര്‍ക്കുതിര എന്ന പേരു ലഭിച്ചത്. കുതിരയുമായി ജീവശാസ്ത്രപരമായി ഇതിന് യാതൊരുവിധ ബന്ധവുമില്ലെന്നുള്ളതാണ് വസ്തുത. ചാരനിറത്തലുള്ള ഇവയുടെ ശരീരം രോമങ്ങളില്ലാതെ കാണപ്പെടുന്നു. 3000 കിലോ വരെ ഭാരം വയ്ക്കുന്ന ഇവയ്ക്ക് 1.5 മീറ്റര്‍ ഉയരവും, 4.5 മീറ്റര്‍ നീളവുമുണ്ടാകും. ശരീരോഷ്മാവിനെ കുറയ്ക്കാനും, ശരീരഭാരം സന്തുലിതമായി നിലനിര്‍ത്താനുമാണ് ഇവ കൂടുതല്‍ സമയവും വെള്ളത്തില്‍ കഴിഞ്ഞുകൂടുന്നത്. പകല്‍ സമയങ്ങളില്‍ വെള്ളത്തില്‍ കഴിയുന്ന ഇവ ഇരുട്ട് പരക്കുമ്പോള്‍ ഭക്ഷണം തേടിയുള്ള യാത്രകള്‍ നടത്തുന്നു.
സംഘമായി ജീവിക്കുന്ന ഇവരുടെ കൂട്ടത്തില്‍ 15 അംഗങ്ങള്‍ വരെ കാണപ്പെടുന്നു. വലിയ തോതില്‍ ജലാശയത്തില്‍ ഇവ ചാണകം നിക്ഷേപിക്കുന്നത് ആല്‍ഗകളുടെ വളര്‍ച്ച കൂടുതലാക്കുന്നതിന് കാരണമായിട്ടുണ്ട്. ആഫ്രിക്കന്‍ ജലാശയങ്ങളിലെ മത്സ്യങ്ങളുടെ പ്രധാനാഹാരം ഇത്തരത്തില്‍ വളരുന്ന ആല്‍ഗകളാണ്. 240 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ഒരു കുഞ്ഞാണ് ഒറ്റ പ്രസവത്തില്‍ ഉണ്ടാവുക. മാംസത്തിനായി ഇവയെ വലിയതോതില്‍ കൊന്നൊടുക്കിയത് എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതിന് കാരണമായി. വന്യജീവി സങ്കേതങ്ങളില്‍ മാത്രം സംരക്ഷിച്ചുവരുന്ന ഇവയെ സ്വാഭാവിക പരിസ്ഥിതിയില്‍ കണ്ടുകിട്ടുക പ്രയാസകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here