Tess J S/
ഇന്ത്യയില്‍ തന്നെ ആറിലധികം ഇനം മരംകൊത്തികളെ കണ്ടുവരുന്നു. പിസിഫോര്‍മിസ് എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവരാണ് മരംകൊത്തികള്‍. ഇന്ത്യയില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്ന മരംകൊത്തിയാണ് നാട്ടുമരംകൊത്തി. ഇവയുടെ പിന്‍ഭാഗത്തിന് മഞ്ഞ നിറവും കഴുത്തിന് കറുപ്പ് നിറവുമാണുള്ളത്. ചെറുപ്രാണികളാണ് ഇവയുടെ ഇഷ്ടാഹാരം. കാലിലെ രണ്ട് നഖങ്ങള്‍ മുമ്പോട്ടും രണ്ട് നഖങ്ങള്‍ പിന്നോട്ടും ചൂണ്ടിയാണ് ഇവര്‍ മരക്കൊമ്പുകളില്‍ ഇരിക്കുക.
നാട്ടുമരംകൊത്തികളോട് സാമ്യത പുലര്‍ത്തുന്നവരാണ് പാണ്ടന്‍ മരംകൊത്തികള്‍. മുതുകിലെ തൂവെള്ള നിറത്തിലുള്ള ത്രികോണവും കഴുത്തിന്റെ മുന്‍ഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകളും മാത്രമാണ് നാട്ടുമരംകൊത്തികളില്‍ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത്.
ശരീരത്തിന്റെ മുകള്‍ഭാഗം ഇരുണ്ട പച്ചനിറത്തില്‍ കാണപ്പെടുന്നവരാണ് മഞ്ഞപ്പിടലി മരംകൊത്തികള്‍. ചിറകുകളിലെ വലിയ തൂവലുകളും വെള്ളപ്പൊട്ടുകളും ഇവയുടെ സവിശേഷതയാണ്. ഉറുമ്പുകളാണ് ഇഷ്ടഭക്ഷണം.
ചെമ്പന്‍ മരംകൊത്തികളുടെ പേര് പോലെ കടുത്ത ചെമ്പിച്ച ശരീരമാണ് ഇവയ്ക്കുള്ളത്. ഉറുമ്പിന്‍ കൂടുകളിലാണ് ഇവ മുട്ടയിടുന്നത്.
മുളങ്കാടുകളില്‍ ധാരാളമായി കണ്ടുവരുന്ന മരംകൊത്തി വിഭാഗമാണ് ചിത്രാംഗദന്‍. ശരീരഭാഗം കൂടുതലും കറുപ്പ് നിറത്തിലാണ് കാണാന്‍ കഴിയുക. പശ്ചിമഘട്ട മലനിരകളിലും മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവയുടെ സാമീപ്യമുണ്ട്. നീളം കുറഞ്ഞ വാലുകളാണ് ഇവയ്ക്കുള്ളത്.
ഇന്ത്യയുടെ വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ മറാട്ടാ മരംകൊത്തികള്‍ ധാരാളമായി കണ്ടുവരുന്നു. ശരീരമാസകലമുള്ള വെള്ളക്കുത്തുകള്‍ ഇവയെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
10 മുതല്‍ 14 ദിവസം വരെയാണ് മരംകൊത്തികളുടെ മുട്ട വിരിയാനെടുക്കുന്ന സമയം.