Tess J S
അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ഇവ ശാന്തസ്വഭാവം കൊണ്ടും, ശരീരസൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ജീവിവര്‍ഗമാണ്. സെര്‍വിഡായ് കുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്തനിയാണ് മാന്‍. മാന്‍ കുടുംബത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഇനമായ പുള്ളിമാനുകള്‍ വനപ്രദേശങ്ങളില്‍ സര്‍വ്വസാധാരണമാണ്. പുള്ളിമാനുകള്‍ക്ക് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേതയില്‍ ഓടുവാന്‍ സാധിക്കും. തവിട്ടു നിറത്തില്‍ വെള്ളപ്പുള്ളിയുള്ളവയാണ് ഇവ.
കേഴമാന്‍, കലമാന്‍, പുള്ളിമാന്‍, കസ്തൂരിമാന്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാനമാനിനങ്ങള്‍. ഉത്തരാഖണ്ഡിന്റെ സംസ്ഥാനമൃഗമായ കസ്തൂരിമാന്‍, മാനിനങ്ങളില്‍ വിശേഷപ്പെട്ടയിനമാണ്. കൊമ്പുകളില്ലാത്ത ഇവയില്‍ ആണ്‍വര്‍ഗം ഉല്പാദിപ്പിക്കുന്ന മണമുള്ള കസ്തൂരി വളരെ വിശേഷപ്പെട്ട പദാര്‍ത്ഥമാണ്. ഇതിനായി ഇവയെ വ്യാപകമായി വേട്ടയാടുക പതിവാണ്. ഇന്ത്യയില്‍ അസാം, കാശ്മീര്‍, സിക്കിം എന്നിവിടങ്ങളില്‍ ഇവയെ കണ്ടുവരുന്നു. കടുത്ത വംശനാശഭീഷണിയുടെ വക്കിലാണ് ഇവയിന്ന്. ബാര്‍ക്കിംഗ് ഡിയര്‍ എന്നറിയപ്പെടുന്ന മാനിനമാണ് കേഴമാന്‍. വെള്ളിമാന്‍ എന്ന കൃഷ്ണമൃഗത്തെക്കുറിച്ച് പുരാണങ്ങളില്‍ പ്രത്യേക പരാമര്‍ശങ്ങളുള്ളതായി കാണാം. ഇരുണ്ട തവിട്ട് നിറത്തില്‍ കാണപ്പെടുന്ന ഇവയുടെ വയര്‍ ഭാഗത്തിന് വെള്ളനിറമാണ്.
സിംഹം, കടുവ, കാട്ടുനായ എന്നിവര്‍ മാനുകളുടെ പ്രധാനശത്രുക്കളാണ്. ഇവയുടെ ശരാശരി ജീവിതകാലം 20 വര്‍ഷമാണ്. കൂട്ടമായി ജീവിക്കാനിഷ്ടപ്പെടുന്ന ഇവയുടെ കൂട്ടത്തെ ഹെര്‍ഡ് എന്നറിയപ്പെടുന്നു. പുല്ല്, പഴം, പൂവ്, ഇല തുടങ്ങിയവയാണ് മാനുകളുടെ ഇഷ്ടാഹാരം.