Arya A J
പ്രകൃതി ഗവേഷകന്‍, കടുവ പരിപാലന സംരക്ഷണ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് വാല്മീക് താപര്‍. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം, ഇന്ത്യന്‍ പ്രകൃതി സൗന്ദര്യം വരച്ചുകാട്ടുന്ന ധാരാളം ഡോക്യുമെന്ററികളും ചിത്രീകരിച്ചിട്ടുണ്ട്.
1952ല്‍ ബോംബെയിലാണ് വാല്മീക് താപറിന്റെ ജനനം. പിതാവ് റോമേഷ് താപര്‍ പ്രഗല്ഭ പത്രപ്രവര്‍ത്തകനായിരുന്നു. രാജ് താപറായിരുന്നു മാതാവ്. ചെറുപ്പം മുതല്‍ക്കു തന്നെ കടുവകളെ ഇഷ്ടപ്പെട്ടിരുന്ന വാല്മീക് താപര്‍, അവയെക്കുറിച്ച് പഠിക്കുവാനായി വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം നടത്തി. 2005ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ‘പ്രോജക്ട് ടൈഗര്‍’ ടാസ്‌ക് ഫോഴ്‌സില്‍ അംഗമായി. മനുഷ്യനും കടുവകളും ഒരുമിച്ച് സഹവസിക്കണം എന്ന ടൈഗര്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആശയത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.1973ല്‍ ഇന്ത്യയില്‍ ആരംഭിച്ച പ്രോജക്ട് ടൈഗറിന്റെ പില്‍ക്കാല പരാജയത്തിനു പിന്നിലുള്ള കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി ലേഖനങ്ങളും താപര്‍ എഴുതുകയുണ്ടായി.
ഡോക്യുമെന്ററികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. മാത്രവുമല്ല, ‘ടി24’ എന്ന് അറിയപ്പെട്ടിരുന്ന ‘ഉസ്താദ്’ എന്ന കടുവയുടെ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടും പ്രാധാന്യമര്‍ഹിക്കുന്നു. നാല് മനുഷ്യരെ കൊല്ലുകയും ഉദ്യാന നിവാസികള്‍ക്ക് ഭീഷണിയാകുകയും ചെയ്ത ഉസ്താദിനെ അവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ് ഉത്തമം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് ധാരാളം ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു.
ഇന്ത്യന്‍ പ്രകൃതിയേയും വന്യ ജീവികളെയും അകമഴിഞ്ഞ് സ്‌നേഹിച്ച താപര്‍, അവയെക്കുറിച്ച് നിരവധി ഡോക്യുമെന്ററികളും ടെലിവിഷന്‍ പരിപാടികളും ചെയ്തിട്ടുണ്ട്. ‘ടൈഗര്‍ െ്രെകസിസ്’, ‘ലാന്റ് ഓഫ് ദ ടൈഗര്‍’, ‘ടൈഗേര്‍സ് ഫോര്‍ട്രെസ്’, ‘ഡെയ്ഞ്ചര്‍ ഇന്‍ ടൈഗര്‍ പാരഡൈസ്’, ‘സെര്‍ച്ച് ഫോര്‍ ടൈഗേര്‍സ്’, ഓവര്‍ പോപ്പുലേഷന്‍’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ടെലിവിഷന്‍ പരിപാടികളാണ്. ബി.ബി.സി., അനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജ്യോഗ്രഫിക്ക്, ഡിസ്‌കവറി തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു എഴുത്തുകാരന്‍ എന്ന നിലയിലും പ്രാവീണ്യം തെളിയിച്ച താപര്‍, പതിനാലില്‍ പരം പുസ്തകങ്ങള്‍ രചിച്ചു. ‘വിത് ദ ടൈഗര്‍ ഇന്‍ ദ വൈള്‍ഡ്’, ‘ടൈഗര്‍: പോര്‍ട്രെയറ്റ് ഓഫ് പ്രെഡേറ്റര്‍’, ‘ടൈഗേര്‍സ്: ദ സീക്രട്ട് ലൈഫ്’, ‘ദ ടൈഗേര്‍സ് ഡെസ്റ്റിനി’, ‘ബ്രിഡ്ജ് ഓഫ് ഗോഡ്’ തുടങ്ങിയ പുസ്തകങ്ങളോടൊപ്പം തന്നെ ധാരാളം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഇങ്ങനെ തന്റെ കര്‍മ്മമേഖലയില്‍ അതുല്യ പ്രവര്‍ത്തനം കാഴ്ച്ച വച്ച വാല്മീക് താപര്‍, ഇന്നും നിറസാന്നിധ്യമായി നില കൊള്ളുന്നു.