Tess J S/
മണിപ്രാവ്, കുട്ടത്തിപ്രാവ്, ചങ്ങാലം എന്നീപേരുകളില്‍ അറിയപ്പെടുന്നു. പ്രത്യേകതരത്തിലുള്ള കുറുകല്‍ ശബ്ദം പുറപ്പെടുവിക്കുന്നവരാണ് ഇക്കൂട്ടര്‍. കാണാനഴകുള്ള ഇവരുടെ ചിറകുകളുടെ മുന്‍പകുതി വരെ തവിട്ടുനിറമാണ്. ഇതില്‍ ഇളം റോസ് നിറത്തിലുള്ള വട്ടപ്പൊട്ടുകളും കാണപ്പെടുന്നു. ഇവയുടെ തല മുതല്‍ കഴുത്തുവരെയുള്ള ഭാഗം ചുവപ്പ് കലര്‍ന്ന ചാരനിറത്തില്‍ കാണുന്നു. കണ്ണുകള്‍ക്ക് ചുവപ്പ് നിറമാണ്.
അമ്പലപ്രാവുകളെക്കാള് ചെറുതാണ് അരിപ്രാവുകള്‍. മരങ്ങള്‍ ധാരാളമായി തിങ്ങിവളരുന്ന പ്രദേശങ്ങളില്‍ ഇവയെ കൂടുതലായി കണ്ടുവരുന്നു. വിത്തുകളും ധാന്യങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഹാരം തേടി വളരെ ദൂരം പോയാലും ഇവ താമസിക്കുന്ന സ്ഥലത്ത് തന്നെ തിരികെയെത്താറുണ്ട്. ഒരു പ്രാവശ്യം രണ്ട് മുട്ടകള്‍ വരെയിടുന്നു. ശരീരത്തില്‍ അരിവിതറിയപോലെയുള്ള പൊട്ടുകളുള്ളതിനാലാണ് ഇവയ്ക്ക് അരിപ്രാവ് എന്ന പേര് വന്നത്. കൊളംമ്പിടെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം സ്ട്രെപ്ടോപെലിയ ചിനെന്‍സിസ് എന്നതാണ്.
സ്പോട്ടഡ് ഡോവ് എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന ഇവയെ മുട്ടയ്ക്കും മാംസത്തിനുമായി കൊന്നൊടുക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളാണ് ഇവയുടെ ജന്മദേശമായി കരുതപ്പെടുന്നത്.