‘ദ ടൈം മെഷീൻ’ – എച്ച്. ജി. വെൽസ് (The Time Machine – H.G. Wells)

0
1075

Arya A J
ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസിന്റെ ഏറെ പ്രശസ്തമായ നൊവെല്ലയാണ് 1895-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ ടൈം മെഷീൻ’. സമയത്തിലൂടെ സഞ്ചരിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു യന്ത്രം ഉപയോഗിച്ച് ഭാവിയിലേക്ക് പോകുന്ന സമയസഞ്ചാരിയുടെ കഥ പറയുന്ന ഈ ശാസ്ത്രകഥാസാഹിത്യം, എല്ലാതരം വായനക്കാരെയും ഉൾക്കൊള്ളുന്നു.
ഒരു കഥയ്ക്കുളളിൽ മറ്റൊരു കഥ പറയുന്ന ആഖ്യാനരീതിയായ ഫ്രൈയിം നരേട്ടീവാണ് (Frame Narrative) കഥ പിന്തുടരുന്നത്. പന്ത്രണ്ട് അധ്യായയങ്ങളുള്ള ഈ പുസ്തം, മനുഷ്യസങ്കല്പത്തിനതീതമായ ഒരു ഭാവി ലോകത്തിലേക്ക് വായനക്കാരെ എത്തിക്കുന്നു. സമയസഞ്ചാരി, വീണ, ആഖ്യാതാവ് എന്നിവരാണ് ഈ നൊവെല്ലയിലെ പ്രധാന കഥാപാത്രങ്ങൾ.
19-ാം നൂറ്റാണ്ടിൽ, യു.കെ.യിലെ റിച്ച്മണ്ട് നഗരത്തിൽ, ശാസ്ത്രപണ്ഡിതനായ സമയസഞ്ചാരി, തന്റെ പുതിയ കണ്ടുപിടുത്തമായ ടൈം മെഷീൻ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു. ഇങ്ങനെ തുടങ്ങുന്ന കഥ, ശേഷം എത്തി നിൽക്കുന്നത് എ.ഡി. 802701ലാണ്; നൂറായിരം കോടി വർഷങ്ങൾക്കപ്പുറമുള്ള ആരും ദർശിക്കാത്ത ഭാവിലോകം. വിചിത്രവും വിരുദ്ധവുമായ പലതും അരങ്ങേറുന്ന അവിടം, സമയസഞ്ചാരിയിലും വായനക്കാരിലും ഒരുപോലെ കൗതുകവും ഭീതിയും ജനിപ്പിക്കുന്നു.
രണ്ട് തരം ജീവികളെയാണ് വെൽസ് ഭാവി ലോകത്തിൽ പരിചയപ്പെടുത്തുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ വസിക്കുന്ന ചെറിയ രൂപങ്ങളായ ഇലോയ്കളും (Eloi) ഭൂഗർഭത്തിൽ വസിക്കുന്ന കുരങ്ങു പോലുള്ള മോർലോക്സും (Morlocks). തന്റെ ടൈം മെഷീൻ കാണാതാകുന്നതോടെ ഇവയുടെ ഇടയിൽ അകപ്പെട്ടു പോകുന്ന സമയസഞ്ചാരിയുടെ അവസ്ഥയും തുടർന്നുള്ള സാഹസങ്ങൾ നിറഞ്ഞ ജീവിതവുമാണ് കഥാതന്തു.
19-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന തൊഴിലാളി – മുതലാളി വ്യവസ്ഥിതിയുടെ ഒരു പകർപ്പാണ് ഇലോയ് – മോർലോക് വംശത്തിലൂടെ വെൽസ് വരച്ചുകാട്ടുന്നത്. വികസന സ്വപ്നങ്ങൾ തേടി പുതു നിർമ്മിതികൾ നടത്തുന്ന മനുഷ്യർ, തങ്ങൾക്കായി സൃഷ്ടിക്കുന്ന ഭാവി എത്രമാത്രം ഭീതിജനകമാണെന്ന യാഥാർഥ്യത്തിലേക്ക് കഥ വെളിച്ചം തൂകുന്നു. ബുദ്ധിശക്തിയിൽ അഹങ്കരിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്ന ബുദ്ധിശൂന്യരായ ഭാവി ജനതയാണ് ഈ കഥയിലെ വെല്ലുവിളി. ശാസ്ത്രകഥാസാഹിത്യമെങ്കിലും ആവേശവും ആകാംഷയും ജ്വലിപ്പിക്കും വിധമാണ് രചനാശൈലി. ”അടുത്തെത്?” എന്ന് സ്വയം ചോദിച്ചു പോകുന്ന നിരവധി മുഹൂർത്തങ്ങൾ, വ്യക്തമായ വിശദീകരണങ്ങൾ, ലളിതമായ ഭാഷാശൈലി എന്നിങ്ങനെ നീളുന്നു കഥയുടെ സവിശേഷതകൾ.
കാലത്തെ പിന്നിലാക്കാൻ ദിനംതോറും പരിശ്രമിക്കുന്ന ഓരോ മനുഷ്യനും കാലം കരുതിവച്ചിരിക്കുന്ന ദുസ്വപ്നങ്ങളിലേക്കുള്ള ഒരു തുറന്ന യാത്രയാണ് വെൽസിന്റെ ‘ദ ടൈം മെഷീൻ’. നൂറ്റാണ്ടുകൾക്കിപ്പുറവും ഈ കൃതിയുടെ ആനുകാലിക പ്രസക്തി ചോർന്നു പോകാത്തതും ഈ കാരണത്താൽ തന്നെ.

 

LEAVE A REPLY

Please enter your comment!
Please enter your name here