‘അനിമൽ ഫാം: എ ഫെയറി സ്റ്റോറി’ – ജോർജ് ഓർവെൽ

0
1255

Animal Farm: A Fairy story – George Orwell
Arya A J

       ജോർജ് ഓർവെൽ എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ ഇംഗ്ലീഷ് നോവലിസ്റ്റ് എറിക് അർതർ ബ്ലയറിന്റെ 1945-ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ‘അനിമൽ ഫാം: എ ഫെയറി സ്റ്റോറി’. ആക്ഷേപഹാസ്യം, കല്പിതകഥ, ഉപമ എന്നീ വിഭാഗങ്ങളിൽപ്പെടുത്താവുന്ന ഈ നോവൽ, രാഷ്ട്രീയം, അഴിമതി, നിയമ വ്യവസ്ഥിതി മുതലായ വിഷയങ്ങളുടെ ഉൾത്തലങ്ങളിലൂടെ സഞ്ചരിക്കുന്നു.
       പത്ത് അധ്യായയങ്ങളുള്ള ‘അനിമൽ ഫാമി’ന്റെ പശ്ചാത്തലം ‘മേനർ ഫാം’ എന്ന് പേരായ ഒരു മൃഗഫാമാണ്. ഫാമിന്റെ ഉടമസ്ഥനായ മിസ്റ്റർ ജോൺസ്, ഫാമിലെ മൃഗങ്ങളായ പന്നികൾ, കുതിരകൾ, പട്ടികൾ, കഴുതകൾ, കോഴികൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിന്താശേഷി ഇല്ലാത്തവർ എന്ന് മനുഷ്യർ മുദ്രകുത്തുന്ന മൃഗങ്ങൾ, മനുഷ്യനുമേൽ ആധിപത്യം നേടുന്ന അവസ്ഥ; ഇതാണ് പ്രമേയം.
       മടിയനും മദ്യപാനിയുമായ തങ്ങളുടെ യജമാനന്റെ ചൂഷണത്തിൽ നിന്ന് രക്ഷ നേടാനായി വിപ്ലവത്തിനൊരുങ്ങുന്ന മൃഗങ്ങളെയാണ് ഓർവൽ കഥാരംഭത്തിൽ പരിചയപ്പെടുത്തുന്നത്. ഓൾഡ് മേജർ എന്ന പന്നിയുടെ ആഹ്വാന പ്രകാരം മൃഗങ്ങൾ മേനർ ഫാം കൈയ്യടക്കുന്നു. ശേഷം, ‘അനിമൽ ഫാം’ എന്ന് പുന:നാമകരണം ചെയ്യുന്നു. തുടർന്നങ്ങോട്ട് അധികാര വികേന്ദ്രീകരണത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും തെളിഞ്ഞ ചിത്രമാണ് നോവൽ മുൻപോട്ടു വെയ്ക്കുന്നത്.
      പൊതു ഗുണങ്ങൾക്കായി നിർമ്മിച്ച നിയമാവലികൾ സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി മാറ്റപ്പെടുമ്പോൾ, അത് തിരിച്ചറിയൻ പോലും സാധിക്കാതെ വിഢ്ഡികളായി നിൽക്കുന്ന ഒരു ജനത, അവരെ മുതലെടുക്കുന്ന സ്വയം പ്രഖ്യാപിത അധികാര വർഗ്ഗം, കാപട്യങ്ങളുടെ നീണ്ട നിര; ഇങ്ങനെ നീളുന്നു കഥയിലെ പ്രതിപാദ്യ വിഷയങ്ങൾ. ആക്ഷേപഹാസ്യമെങ്കിലും കഥാതുടർച്ച ഒട്ടും തന്നെ ചോർന്നു പോകാതെയുള്ള രചനാരീതി, മൃഗങ്ങളെ പ്രതീകങ്ങളായി തിരഞ്ഞെടുത്തുള്ള ഉപമ സ്വഭാവം, സരളമായ ഭാഷ തുടങ്ങിയവയെല്ലാം നോവലിനെ ആകർഷണീയമാക്കുന്നു. മാത്രവുമല്ല,1984-ലെ ഭരണത്തെക്കുറിച്ച് പറയുന്ന ഓർവലിന്റെ ‘1984’ എന്ന നോവലിലേതുപോലെ പല വെല്ലുവിളികളും കഥ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
       “എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവയെക്കാൾ തുല്യരാണ്” (All animals are equal. But some animals are more equal than others) – കഥയിലെ ഏറെ പ്രശസ്തമായ ഈ വരികൾ ഇന്നത്തെ സമകാലിക സമൂഹത്തോടൊപ്പം കൂട്ടി വായിക്കാം. പ്രസിദ്ധീകരിച്ച് അൻപത് വർഷം പിന്നിടുമ്പോഴും ഈ വരികളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല; എഴുത്തുകാരന്റെ ദീർഘവീക്ഷണം ഇവിടെ പ്രശംസയർഹിക്കുന്നു.
ആദർശങ്ങളുടെ പുറത്ത് കെട്ടിപ്പടുക്കുന്ന വിപ്ലവങ്ങൾ ഒടുവിൽ, ആശയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീഴും എന്ന യാഥാർത്ഥ്യത്തെ മറയേതും കൂടാതെ വരച്ചുകാട്ടുകയാണ് ഓർവലിന്റെ ഈ കഥാസൃഷ്ടി.       

LEAVE A REPLY

Please enter your comment!
Please enter your name here