ജീവിതം ഒരു മരീചിക

0
2916

Sheen Thankalayam


രഹസ്യങ്ങളില്ലാത്ത ജീവിതം നമുക്ക് സങ്കല്‍പിക്കാനാവില്ല. എന്നാല്‍ ജീവിതം തന്നെ ഒരു രഹസ്യമായാലോ? ഭൂമിയിലെ രാജാക്കന്മാരായ മനുഷ്യന്റെ ജീവിതത്തെയും ജീവിത സങ്കല്പങ്ങളെയും കുറിച്ച് ചിന്തിക്കുക രസകരമായ ഒരു വസ്തുതയാണ്.

നാം ആരാണ്? എവിടെ നിന്നു വന്നു? എങ്ങനെ ജീവിക്കുന്നു? എങ്ങോട്ട് പോകുന്നു? ഈ ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടോ? അതോ, ഇത് അന്ത്യമില്ലാത്ത ഒരു യാത്രയാണോ? ഉത്തരം കിട്ടാ സമസ്യകളായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കേണ്ടത് നാം ഓരോരുത്തരുമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മഹാരഥന്മാര്‍ ശ്രമിച്ചിട്ടുണ്ട് . മനുഷ്യന്‍ സ്വതന്ത്രമായി ചിന്തിക്കുവാന്‍ തുടങ്ങിയ കാലം മുതല്‍ ജിവിതത്തെ അപഗ്രഥിച്ച് ചിന്തിച്ചും പഠിച്ചും കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും മതവും തത്വചിന്തയുമല്ലാം ജിവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കി.

മനുഷ്യ ജീവിതത്തെക്കുറിച്ച് ആഴമായി പഠിക്കാന്‍ ശ്രമിച്ച പ്രതിഭാശാലികളുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ഭൗതിക ജീവിതത്തിന്റെ നിസ്സാരതയും നശ്വരതയും അനേകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു ശ്രീബുദ്ധന്‍. ലൗകീകസുഖത്തിന്റെ കൊടുമുടിയില്‍ വാണിരുന്ന സിദ്ധാര്‍ത്ഥ രാജകുമാരനെ തപോവനത്തിലേക്ക് പോകുവാന്‍ പ്രേരിപ്പിച്ച ഘടകം ജീവിതത്തിന്റെ നിരര്‍ത്ഥതയാണ്. ബാല്യത്തില്‍ത്തന്നെ കാലോചിതമായ വിദ്യകളെല്ലാം അഭ്യസിച്ച സിദ്ധാര്‍ത്ഥന്‍ 16-ാംമത്തെ വയസ്സില്‍ വിവാഹം കഴിക്കുകയും താമസിയാതെ ഒരു കുഞ്ഞിന്റെ അച്ഛനാവുകയും ചെയ്തു. പൗത്രജനനദിവസം ശുദ്ധോധന രാജാവ് സിദ്ധാര്‍ത്ഥനെ നഗരം കാണാന്‍ പോകുവാന്‍ അനുവദിച്ചു. അതുവരെ ജീവിതത്തിന്റെ ദുഃഖങ്ങളെന്നും കണ്ടിട്ടില്ലാത്ത അദ്ദേഹം രോഗിയെയും വൃദ്ധനെയും കണ്ട് ദുഃഖിതനായി. സൗന്ദര്യത്തെയും ബലത്തേയും സ്മൃതിയെയും നശിപ്പിക്കുന്നതും ഭോഗങ്ങളുടെ വൈരിയുമായ ജര തന്നെയും ബാധിക്കുമെന്ന പുതിയ അറിവ് സിദ്ധാര്‍ത്ഥനെ മാറ്റിമറിച്ചു.

ശാന്തിമന്ത്രങ്ങളുരിവിട്ട് സുസ്‌മേര വദനനായി നടന്നകലുന്ന ഒരു വ്യദ്ധനെയാണ് പിന്നീട് അദ്ദേഹം കണ്ടത്. ഭോഗങ്ങളുടെ അര്‍ത്ഥശൂന്യതയില്‍ മനംമടുത്ത സിദ്ധാര്‍ത്ഥന്‍ ആ ദിവസംതന്നെ സകലവിധസുഖ സൗകര്യങ്ങളും വലിച്ചെറിഞ്ഞിട്ട് സന്യാസത്തിന് പുറപ്പെട്ടു. ജ്ഞാനോദയമുണ്ടായി സിദ്ധാര്‍ത്ഥന്‍ വൃദ്ധനായിമാറി. ഈ ലോകജീവിതം ദുഃഖദുരിതം നിറഞ്ഞതാണെന്നും അമിത തൃഷ്ണയാണ് ഈ ദുഃഖങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം പഠിച്ചു. കൂടാതെ മോക്ഷപ്രാപ്തിയ്ക്കുള്ള മാര്‍ഗ്ഗവും ഉപദേശിച്ചു. എല്ലാ അസ്തിത്വങ്ങളെയും നിഷേധിച്ചുകൊണ്ടുള്ള ഒരുതരം ശൂന്യവാദമാണ് അവയില്‍ പ്രതിഫലിക്കുന്നത്. രോഗത്തിനും മരണത്തിനും പരിഹാരം കണ്ടെത്താന്‍ പുറപ്പെട്ട ബുദ്ധന്‍ അവസാനം 80-ാം വയസ്സില്‍ രോഗബാധിതനായിത്തന്നെ മരണത്തിനു മുന്നില്‍ മുട്ടുകുത്തി. ഇതൊരു വിരോധാഭാസമല്ലേ?

ക്രിസ്തുവിന് ആറ് ശതകങ്ങള്‍ക്കു മുന്നില്‍ എഫേസോസില്‍ ജീവിച്ചിരുന്ന ഒരു തത്വ ചിന്തകനാണ് ഹെറാക്ലീറ്റസ്. അദ്ദേഹം പറയുന്നു: ”പ്രപഞ്ചം അനസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. അത് നിത്യമോ ശാശ്വതമോ അല്ല, ക്ഷണികമാണ്. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്റെ സ്ഥിതിയും വ്യത്യസ്തമല്ല.” യാതൊരുവനും ഒരേ പുഴയില്‍ രണ്ടുപ്രാവശ്യം ഇറങ്ങാന്‍ സാദ്ധ്യമല്ല. ഒഴുകുന്ന പുഴയില്‍ വെള്ളം ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്നു. ഈ ഒഴുക്കില്‍ തട്ടിയും മുട്ടിയും ഒഴുകികൊണ്ടിരിക്കുന്ന കേവലം ഒരു തടിക്കഷണമാണോ മനുഷ്യന്‍? അതോ സ്വര്‍ഗ്ഗീയ പറുദീസയില്‍ അമര്‍ത്യജീവിതം പ്രതീക്ഷിച്ച് അവനിയിലല്‍പം വിശ്രമിക്കുന്ന പഥികനോ?

ഭൗതികനേട്ടങ്ങളുടെ പിന്നാലെ പരക്കം പായുന്ന ആധുനിക മനുഷ്യന് ജീവിതത്തെകുറിച്ച് ചിന്തിക്കുവാന്‍ എവിടെയാണ് സമയം. സമ്പത്ത്, സൗന്ദര്യം, ആരോഗ്യം, അധികാരം തുടങ്ങിയ ലൗകികസൗഭാഗ്യങ്ങളുടെ മണിത്തേരിലേറി ജീവിതയാത്ര ചെയ്യുന്നവരിലധികംപേരും,  ലക്ഷ്യമില്ലാതെ കാലത്തിനൊത്ത് ആടിത്തിമിര്‍ക്കുന്നവരാണ്. മഞ്ഞുകട്ട തണുത്ത ജലത്തിലായിരുക്കുമ്പോള്‍ കട്ട പിടിച്ചിരിക്കുന്നു. എന്നാല്‍ വെള്ളത്തിന് താപവ്യതിയാനം സംഭവിക്കുമ്പോള്‍ ഉരുകിപ്പോകുന്നു.  ഇതുപ്പോലെ ജീവിതം തകര്‍ന്നു പോയവര്‍ അനവധിയാണ്.

ഉയര്‍ച്ചയില്‍നിന്ന് താഴ്ചയിലേയ്ക്കാണ് ഒഴുക്കിന്റെ ഗതി. ഒഴുകുന്നവന്റെ ഗതി ഇതുതന്നെ. താഴ്ചയിലേക്കുള്ള യാത്ര. മരിച്ച മനുസ്സുമായി ശവം കണക്കെ അവര്‍ ഒഴുകി നടക്കുന്നു. മലകയറുന്ന കഠിനാദ്ധ്വാനിയായ ഒരു പര്‍വ്വതാരോഹകന്റെ ചിന്തയാണ് മനുഷ്യനുവേണ്ടത്. അത് അവനെ ഉന്നതങ്ങളില്‍ എത്തിക്കും.

ലോക ശ്രദ്ധയാര്‍ഷിച്ച വിശ്വവിഖ്യാത കവി ഷേകേസ്പിയര്‍ തന്റെ പ്രസിദ്ധ കൃതിയായ മാക്ബത്തില്‍ ജീവിതത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്: ”ജീവിതം സഞ്ചരിക്കുന്ന ഒരു നിഴലാണ്. ഒരു മരത്തലയന്‍ ആഖ്യാനം ചെയ്ത അര്‍ത്ഥമില്ലാത്ത ശബ്ദവും ക്ഷോഭവും നിറഞ്ഞ ഒരു കെട്ടുകഥയാണ്.”

ഭാരതത്തിന്റെ ആദ്ധ്യാത്മിക അന്തസ്സ് ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ച, തന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിലൂടെ ആദ്ധ്യാത്മീക രംഗത്ത് കോളിളക്കം സൃഷ്ടിച്ച സ്വാമി വിവേകാനന്ദന്‍ പറയുന്നത് ഇപ്രകാരമാണ് ”മനുഷ്യനെ മനസ്സിലാക്കൂ, അവന്‍ ജീവനുള്ള ഒരു കവിതയാണ്.”

വിശ്വസാഹിത്യകാരന്‍ ഖലിന്‍ ജിബ്രാന്റെ വാക്കുകളില്‍ ”ജീവിതം കണ്ണീരും പുഞ്ചിരിയുമാണ്.” ജീവിതം മായയാണ്, ക്ഷണികമാണ്, സുഖ ദുഃഖജ്വാലമാണ്, ഒരു കിനാവാണ്…തുടങ്ങി എണ്ണമറ്റ മറ്റനേകം നിര്‍വചനങ്ങളും ജീവിതത്തെക്കുറിച്ചുണ്ട്.

ഒരു നാസ്തികന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിലെ വിവിധ വസ്തുക്കള്‍ ചേര്‍ന്നതാണ് ഒരു മനുഷ്യന്‍; ഒരു രാസജൈവസഞ്ചയം. ’75 കിലോ ഭാരമുള്ള ഒരു മനുഷ്യനില്‍ 10 ഗ്യാലന്‍ വെള്ളവും, ഒരു കോഴിക്കൂട് വെള്ളപൂശാനുള്ള കുമ്മായം, 8 കട്ട സോപ്പുണ്ടാക്കാനുള്ള കൊഴുപ്പും, ഒരു കെട്ട് പെന്‍സിലുണ്ടാക്കാനുളള കറുത്തീയവും, ഒരു പായ്കറ്റ് സള്‍ഫര്‍ ഗുളികയ്ക്കുള്ള ഗന്ധകവും, 15 കൂട്ട് തീപ്പെട്ടിക്കാവശ്യമായ ഫോസ്ഫറസ്സും, 2 ഇഞ്ച് നീളമുള്ള ഒരു ആണി ഉണ്ടാക്കാനുള്ള ഇരുമ്പും, ഒരു പ്രാവശ്യം വയറിളക്കാന്‍ ആവശ്യമായ മഗ്നീഷ്യം-സള്‍ഫേറ്റും അടങ്ങിയിട്ടുണ്ടെന്ന് കാണാം.’ (ഒ. ജെ. ജോണ്‍, ആധുനിക മനുഷ്യന്‍)

എന്നാല്‍ നമ്മുടെ സ്വകാര്യതയില്‍ നിന്ന് ജീവിതത്തിന് നിര്‍വചനം കൊടുക്കുന്നതിന്റെ സുഖം ഇതു കേള്‍ക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്നുണ്ടോ? മനുഷ്യന്റെ മസ്തിഷ്‌ക പ്രഭയാല്‍ എത്തിപ്പിടിക്കാനാവാത്തവിധം ഒരു അത്ഭുതപ്രതിഭാസമാണ് ജീവിതം. ജീവിതത്തോട് അടുക്കും തോറും അത് അകലുന്നു, അകലും തോറും അടുക്കുന്നുവെന്ന് തോന്നുന്നു. ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു മരീചികതന്നെയല്ലേ? സ്വന്തം മടിത്തട്ടില്‍ സീമാതീതമായ രഹസ്യങ്ങള്‍ മറച്ചുവച്ചു കൊണ്ട് ജീവിതമെന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ‘ഉയരങ്ങള്‍’തേടിപ്പോകാന്‍ നമുക്ക് പരിശ്രമിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here