മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തിൽ അവൻ ആരുതന്നെ ആയാലും സ്വന്തം നിലൻപ്പിനും പുരോഗതിയ്ക്കും വേണ്ടി പ്രായലിംഗഭേദമന്യേ മറ്റു വ്യക്തികളെ ആശ്രയിക്കുന്നു. നമ്മുടെ പ്രധാനാഹാരമായ നെല്ലരിയുടെ കാര്യം തന്നെ എടുക്കാം. വളരെ ലളിതമെന്ന് നമുക്ക് തോന്നുമെങ്കിലും, തെല്ലൊന്നു ചിന്തിച്ചാൽ അതിന്റെ പിന്നിലിൽ പ്രവർത്തിച്ച അനേകം കരങ്ങൾ തെളിഞ്ഞുവരും. പാടം ഉഴുന്ന കർഷകൻ, വിതക്കാരൻ, വളം വിതറിയവൻ, കൊയ്തവൻ, …അങ്ങനെ പോകുന്നു ആ നീണ്ടനിര. ഇതുപ്പോലെ തന്നെ വസ്ത്രം, പാർപ്പിടം, വിദ്യഭ്യാസം, ഗതാഗതം, വിനോദം തുടങ്ങിയ എല്ലാ ആവശ്യങ്ങളുടെയും പൂർത്തീകരണത്തിന് സാമൂഹിക- പരസ്പരധാരണാ ബന്ധം കൂടിയേ തീരൂ.
മനുഷ്യന്റെ പരസ്പരബന്ധങ്ങളും പരസ്പരാശ്രയവുമാണ് കുടുംബം, സമുദായം, രാഷ്ട്രം, ഗവൺമെന്റ് തുടങ്ങിയവയുടെ രൂപീകരണത്തിനും പുരോഗതിയ്ക്കും വഴിതെളിക്കുന്നത്.
സാമൂഹ്യ ജീവിതത്തെ വിഭിന്നമുഖങ്ങളായി നമുക്ക് കാണാൻ കഴിയും. പക്ഷിമൃഗാദികളായ തേനീച്ചകളും, ഉറുമ്പും ഒക്കെ ഭക്ഷണം ശേഖരിക്കുകയും, ഭക്ഷണം പങ്കുവച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. ഇവയ്ക്ക് സ്ഥിരമായ ആവാസകേന്ദ്രങ്ങളോ ശക്തമായ പരസ്പരബന്ധങ്ങളോ ഇല്ല. ഇതിൽ നിന്ന് വിഭിന്നമായി മനുഷ്യൻ ജീവിക്കുന്നത് സംഘം ചേർന്നാണ്. അതായത് അവൻ സമൂഹത്തിൽ ജീവിക്കുന്നു. ഇതുതന്നെയാണ് ജന്തുജീവികളിൽ നിന്നും മനുഷ്യജീവിതത്തെ വേർപ്പെടുത്തുന്ന കണ്ണി.
സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് കുടുംബം. ഏറ്റവും പുരാതനമായ ഒരു സമൂഹ്യസ്ഥാപനമാണ് കുടുംബം. കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് താങ്ങും, തണലും ആയി വർത്തിക്കുന്നത്, ശക്തമായ ബന്ധങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട കുടുംബങ്ങളിലാണ്. കുടുംബം ഒരു സ്ഥാപനമാണ്. മനുഷ്യന്റെ ആവശ്യങ്ങൾ നിറനേറ്റുന്ന ഒരു സ്ഥാപനം. ഗ്രാമം, പട്ടണം, എന്നിവയുടെയും അന്തിമമായി രാഷ്ട്രത്തിന്റെയും രൂപീകരണത്തിന് വഴിതെളിച്ചത് ഈ കുടുംബ സമൂഹങ്ങളാണ്. സമൂഹത്തിന്റെ ഏറ്റവും ചെറിയ രൂപമാണ് കുടുംബം. സമൂഹ്യവത്കരണത്തിന്റെ കേന്ദ്രം കുടുംബമാണ്.
സമൂഹത്തിൽ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് ഒരു വ്യക്തി പഠിക്കുന്നത് കുടുംബങ്ങളിൽ നിന്നുമാണ്. മറ്റു വ്യക്തികളോടുള്ള അവന്റെ പെരുമാറ്റവും, ഇടപ്പെടലും രൂപപ്പെട്ട് വരുന്നത് അവന്റെ കുടുംബത്തിൽ നിന്നുമാണ്. പുതിയ തലമുറയ്ക്ക് സംസാക്കാരം പകർന്നു നൽകുന്നതുവഴി കുടുംബങ്ങൾ സംസ്‌ക്കാര സംരക്ഷകരായി മാറുന്നു. അതിനാൽ കുടുംബത്തെ ”സാമൂഹിക ജീവിതത്തിന്റെ കളിതൊട്ടിൽ” അഥവാ ”വിളനിലം” എന്നു വിശേഷിപ്പിക്കുന്നത്. ഒരു നല്ല പൗരന് തീർച്ചയായും ചില പ്രത്യേക ഗുണങ്ങൾ ഉണ്ടായിരിക്കണം. സത്യസന്ധത, സഹാനുഭൂതി, സഹിഷ്ണുത, വിശ്വസ്തത തുടങ്ങിയ മൂല്യങ്ങൾ അഭ്യസിക്കുന്നത് കുടുംബങ്ങളിൽ നിന്നുമാണ്.
ഒരു കുഞ്ഞായിരിക്കുമ്പോൾ തന്നെ അനുസരണം , അച്ചടക്കം, സ്‌നേഹം, ദാനധർമ്മങ്ങൾ തുടങ്ങിയവ കുടുംബത്തിൽ നിന്നും അഭ്യസിക്കുമ്പോൾ അത് സമൂഹത്തിന് ഒരു മുതൽ കൂട്ടാകുന്നു. ഒരു കുടുംബത്തിന്റെ കാര്യങ്ങൾ എങ്ങനെ തീരുമാനിക്കപ്പെടുന്നു എന്നതും ഒരു സുപ്രധാന വസ്തുതയാണ് കാരണം ജനാധിപത്യത്തിന്റെ അടിസ്ഥാന ആശ്രയങ്ങൾ പകർന്നു നൽകാൻ ഒരു മാതൃകാ കുടുംബത്തിനു കഴിയും. കുടുംബത്തെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് അച്ഛനമ്മമാരാണ്. എന്നാൽ കുട്ടികളുടെ കാര്യങ്ങളിൽ അതായത് വസ്ത്രം, വിദ്യാലയം, വിനോദം തുടങ്ങിയവയിൽ അവരുടെ ആഗ്രഹങ്ങൾ പരിഗണിക്കുകയാണെങ്കിൽ മാതൃകാ പൗരന്മാരെകൊണ്ട് നിറഞ്ഞ ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടുമെന്നതിൽ സംശയം വേണ്ട.
സമൂഹജീവിയായ മനുഷ്യന്റെ നിലനിൽപിനും, സുസ്ഥിതിയിക്കും വേണ്ടി, ചില സംഘടിത പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇങ്ങനെ രൂപപ്പെടുന്ന സംഘടനകളിലൂടെയാണ് സമൂഹബന്ധശ്യംഖലകൾ, സ്ഥാപനങ്ങൾ, ആചാരങ്ങൾ മനുഷ്യന്റെ സ്വഭാവവും, സാമൂഹിക സ്ഥാപനത്തിൽ മനുഷ്യൻ വഹിക്കുന്ന പങ്കും നിർണ്ണയിക്കുന്നത്. നമ്മുടെ ആവശ്യങ്ങൾ മിക്കതും നിറവേറ്റുന്നത് കുടുംബം, വിദ്യാലയം, ഗ്രാമം, പട്ടണം, രാഷ്ട്രം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിലൂടെയാണ്.
ഉത്തമ കുടുംബങ്ങളിലൂടെ വളർന്നുവന്ന് സമൂഹത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സങ്കുചിതങ്ങളായ സ്വാർത്ഥതാത്പര്യങ്ങൾ ബലികഴിപ്പിക്കാൻ സന്നദ്ധതയുള്ള മാതൃകാ പൗരന്മാരെക്കൊണ്ട് നമ്മുടെ സമൂഹം നിറയട്ടെ എന്ന് നമുക്ക് ആശംസിക്കാം.