Tess J S
ദൃശ്യവും അദൃശ്യവുമായ അനേകായിരം ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ തുടങ്ങി ജൈവവൈവിധ്യത്തിന്റെ സമ്പല്‍ സമൃദ്ധിയുടെ കലവറയാണ് വനങ്ങള്‍. കാടിന്റെ മക്കളായി, സംരക്ഷകരായി കാടുകളില്‍ അധിവസിക്കുന്ന നല്ലൊരു വിഭാഗം മനുഷ്യരും, അതിന്റെ ഭാഗം തന്നെയാണ്. കാടിനെ ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍, ഇടതൂര്‍ന്ന് വളരുന്ന വൃക്ഷങ്ങളും, വന്യമൃഗങ്ങളുമുള്ള ഒരു നിയന്ത്രിതയിടമായി അത് മാറുന്നു. ചിത്രകാരന്റെ മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും മനസ്സിലെ ക്യാന്‍വാസുകളില്‍ കാടിന്റെ തനതായ ചിത്രം നമ്മള്‍ വരച്ചിട്ടിട്ടുണ്ട്. അത് കടലിനോളം ആഴത്തില്‍ എത്തിപ്പെടാതെ കരയുടെ വിസ്തൃതിയില്‍ ഒതുങ്ങി നില്‍ക്കുന്നു. കാടുകള്‍ കരയില്‍ മാത്രമല്ല സമുദ്രങ്ങളിലുമുണ്ട് എന്നത് നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത വസ്തുതയാണ്. ജീവവായുവായ ഓക്‌സിജന്റെ 28 ശതമാനം മാത്രമാണ് മഴക്കാടുകളില്‍ നിന്ന് ലഭ്യമാകുന്നത്. ബാക്കിയുള്ളവയില്‍ 70 ശതമാനവും സമുദ്ര സസ്യങ്ങളുടെ സംഭാവനയാണ്. ശേഷിക്കുന്ന 2 ശതമാനം മറ്റുള്ള സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നു.സമുദ്ര ആല്‍ഗകള്‍, കടല്‍പ്പുല്ല്, കെല്‍പ് സസ്യങ്ങള്‍ എന്നിവയാണ് സമുദ്രഭാഗങ്ങളില്‍ പ്രധാനമായും കാണപ്പെടുന്നവ. സമുദ്ര ആല്‍ഗകളില്‍ സീവീട്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സസ്യങ്ങളും, അദൃശ്യവും ഏകകോശകവുമായ ഫൈറ്റോപ്ലാങ്ക്ടണുകളും ഉള്‍പ്പെടുന്നു. ചുവപ്പ്, പച്ച അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള ആല്‍ഗകളാണ് സീവീടുകള്‍. വേരുകളോ, തണ്ടുകളോ, ഇലകളോ, പൂക്കളോ ഇല്ലെങ്കിലും സമാനമായ ഘടനയാണിവയ്ക്കുള്ളത്. ഭക്ഷ്യയോഗ്യവും, വാണിജ്യപ്രാധാന്യമുള്ളവയുമാണ് ഇവ. ആല്‍ഗകളുടെ വേരിനു സമാനമായ ഹോള്‍ഡ്ഫാസ്റ്റ് കടലിന്റെ അടിയിലേക്ക് വളര്‍ന്നിറങ്ങുന്നതിനും, പ്രതലത്തില്‍ പറ്റിപ്പിടിച്ച് വളരുന്നതിനും സഹായിക്കുന്നു.
പോര്‍ട്ട്‌ലാന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിക്കല്‍ ഓഷ്യാനോഗ്രാഫറും (സമുദ്രത്തിലെ ജീവികളെക്കുറിച്ചും, അവയുടെ ആവാസവ്യവസ്ഥയെയും, പരസ്പരമുള്ള ഇടപഴകല്‍, പൊരുത്തപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള പഠനം), റിസര്‍ച്ച് അസിസ്റ്റന്റുമായ ആന്‍ തോംപ്‌സണ്‍ന്റെ, സമുദ്രോപരിതലത്തില്‍ നിന്ന് 200 മീറ്റര്‍ ആഴത്തില്‍ വ്യാപിച്ചുകിടക്കുന്ന അദൃശ്യവനങ്ങളെക്കുറിച്ചുള്ള പഠനം വളരെ ശ്രദ്ധേയമാണ്. സമുദ്ര ആല്‍ഗകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫൈറ്റോപ്ലാങ്ക്ടണുകളെക്കുറിച്ചുള്ളതാണ് പഠനം. സമുദ്രത്തില്‍ അദൃശ്യവനത്തെ സൃഷ്ടിക്കുന്ന കോടിക്കണക്കിന് അതിസൂക്ഷ്മങ്ങളായ സസ്യങ്ങളാണിവ. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുക്കുകയും നമുക്കാവശ്യമായ ഓക്‌സിജന്റെ 50 ശതമാനത്തോളം പുറന്തള്ളുകയും ചെയ്യുന്നു.
സപുഷ്പികളായ സസ്യങ്ങളാണ് കടല്‍പ്പുല്ലുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. ആഴം കുറഞ്ഞ പ്രദേശങ്ങളിലാണ് വ്യാപകമായി കാണപ്പെടുന്നത്. ഇലകള്‍, പൂക്കള്‍, കായ്കള്‍, വേരുകള്‍ തുടങ്ങി കരയിലെ സസ്യങ്ങളുടേതിന് സമാനമായ ഘടനയാണിവയ്ക്കുള്ളത്. സമുദ്ര ജീവജാലങ്ങളുടെ വളരെ പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സാണ് കടല്‍പ്പുല്ലുകള്‍. പ്രകാശസംശ്ലേഷണം വഴിയാണ് ആഹാരനിര്‍മ്മാണവും. കട്ടിയുള്ള പാളികള്‍ പോലെ കാണപ്പെടുന്ന ഇവ സമുദ്ര താപനില നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നിരവധി ജീവജാലങ്ങളുടെ വാസസ്ഥലം കൂടിയാണിത്. വൃക്ഷങ്ങളേക്കാള്‍ വേഗത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആകിരണം ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇവയ്ക്കു കഴിയുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
തവിട്ട് ആല്‍ഗകളുടെ ഒരു വലിയ ഇനമായ കെല്‍പ് സസ്യങ്ങള്‍ 125 അടി വരെ ഉയരത്തില്‍ വളരുന്നവയാണ്. ആല്‍ഗകളെപ്പോലെ തന്നെ ഹോള്‍ഡ് ഫാസ്റ്റ് ഉപയോഗിച്ചാണ് ഇവ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്നത്. മിതശീതോഷ്ണ സമുദ്രങ്ങളിലാണ് ഇവയെ കാണപ്പെടുക. വായു നിറഞ്ഞ ന്യൂമാറ്റോസിസ്റ്റുകള്‍ ദളങ്ങളുടേതിന് സമാനമായവയ്ക്കടിയില്‍ കെല്‍പ് സസ്യങ്ങളില്‍ കാണപ്പെടുന്നു. ഇത് ഉപരിതലത്തില്‍ ഒഴുകി നടക്കുന്നതിനും തല്‍ഫലമായി പ്രകാശസംശ്ലേഷണത്തിന് കൂടുതല്‍ സൂര്യപ്രകാശം ആകിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
സമുദ്ര വനങ്ങളിലെ പ്രധാനികളാണ് ഇവരൊക്കെ. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് വലിയ പങ്കു വഹിക്കുന്നതും സമുദ്ര സസ്യങ്ങള്‍ തന്നെയാണ്. രഹസ്യ സ്വഭാവമുള്ള പ്രകൃതി എത്രയോ കാഴ്ച്ചകള്‍ നമ്മില്‍ നിന്ന് മറയ്ക്കുന്നുണ്ടാകും. കാണപ്പെടാത്തതും, എണ്ണപ്പെടാത്തതുമായി അനേകം ജീവജാലങ്ങളും, സസ്യങ്ങളും ഇനിയും അവശേഷിക്കുന്നുണ്ട് എന്നത് തര്‍ക്കമില്ലാത്ത് സത്യമാണ്. കടലിനെ അറിയുക, ജീവനുള്ളതും, ജീവനില്ലാത്തനുമായയെക്കറിച്ച് മനസ്സിലാക്കുക. കരയോളം അറിയുക പോലെ തന്നെ കടലോളം അറിയുകയും പ്രധാനമാണ്.
Nice information 🥰
കടലിലെ കാടിനെ കരയോളം അറിയാൻ പാകത്തിന് വിജ്ഞാനപ്രദം ആണ് ഈ article….keep going