Arya A J
തെളിനീരിൽ കല്ലെറിഞ്ഞ് ഓളങ്ങൾ നെയ്യവേ,
കൈത്തണ്ടിൽ നിന്ന് അറ്റു വീണ എന്തോ
പതറിയ മനസ്സിന് താങ്ങായി.
മുന്നിൽ കണ്ട ജല നിരപ്പെല്ലാം
ഒരു ഭീമൻ കുമിള കണക്കെ പൊന്തി വന്നതു കാണേ…
കുമിഞ്ഞുകൂടിയൊരാ മീൻ കൂട്ടം പരിഭ്രാന്തിയിൽ കുളിച്ചങ്ങോടി.
കാഴ്ച്ച കണ്ട കണ്ണോ,
ഇമ വെട്ടാൻ മറന്നു;
പിന്നോട്ടൊരടി വച്ചു.
കുന്നുകൂടി ചിതലരിച്ച ഓർമ്മകളിൽ
എങ്ങോ പൊതിഞ്ഞു മറച്ചു വച്ച
ആ വികാരം, ആ വാക്ക് –
”സുഖമല്ലിവിടം”.
തുറന്ന കണ്ണിലൂടെ അടഞ്ഞ മനസ്സിൽ തെളിഞ്ഞ ആ രൂപം, അവൾ –
എങ്ങുനിന്നോ വന്ന് മനസ്സിൽ കൂടുവച്ചവൾ,
നെഞ്ചോടു ചേർത്ത് മനം നിറച്ചൊരാ നിശ
ചൂട്… വിയർപ്പ്… ഭയം
അവിടെ തീർന്നു, ആ കുരിരുട്ടിൽ;
ചായം മങ്ങിയ ചിത്രം കുപ്പതൊട്ടിയിൽ
അതാണത്രേ ശീലം!
മറവിയിൽ കുഴിച്ചിട്ടതായിരുന്നു
ഒന്നല്ല, ഉടലുള്ള രണ്ടു ജീവനുകൾ.
ഓർക്കാപ്പുറത്ത്, ഇന്ന് വീണ്ടും കണ്ടു,
അന്ന് കണ്ടതു തന്നെ;
മാറ്റം ഒന്നു മാത്രം –
ഇന്നാ മുഖത്ത് ചിരിയുണ്ട്,
കടും നീലമിഴിയിൽ വിടർന്ന
കരിമേഘത്തിൻ കീഴിലെ
വെള്ളിക്കിണ്ണത്തെ വെല്ലും പുഞ്ചിരി!
മുന്നോട്ടാഞ്ഞ് കൈത്തലം നീട്ടവെ,
ഓളം മങ്ങിയ വെള്ളത്തിൽ കണ്ട എന്നിലോ,
മരണം മറവിയെന്ന് മൊഴിഞ്ഞൊരാ
ഭയം മാത്രം!