ജിം കോര്‍ബെറ്റ്

0
1516

Arya A J
ഒരു വേട്ടക്കാരന്‍ എന്ന വിശേഷണത്തിന് ഉടമയായിരിക്കെ തന്നെ, കറയറ്റ പ്രകൃതി സ്‌നേഹി എന്ന നിലയിലും പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ബ്രിട്ടീഷുകാരനായ ജിം കോര്‍ബെറ്റ്. പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം, മനുഷ്യഭോജികളായ മൃഗങ്ങളെ മാത്രമെ വേട്ടയാടിയിരുന്നുള്ളൂ. ബ്രിട്ടീഷ് ഇന്ത്യന്‍ സേനയില്‍ കേണല്‍ പദവിയിലിരിക്കെ, ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം നിരവധി കടുവകളെയും പുള്ളിപുലികളെയും ജിം വേട്ടയാടിയിട്ടുണ്ട്.

1875 ജൂലായ് 25ന് ബ്രിട്ടനിലെ വടക്ക്‌തെക്കന്‍ പ്രവിശ്യയിലെ നൈനിറ്റാളിലാണ് എഡ്വാര്‍ഡ് ജയിംസ് കോര്‍ബെറ്റ് എന്ന ജിം കോര്‍ബെറ്റ് ജനിച്ചത്. ക്രിസ്റ്റഫര്‍ വില്യം കോര്‍ബെറ്റ് മേരി ജെയ്ന്‍ ദമ്പതികളുടെ എട്ടാമത്തെ മകനായിരുന്നു ജിം. അദ്ദേഹത്തിന്റെ നാലാം വയസ്സില്‍ പിതാവ് മരിച്ചതോടെ മാതാവിന് ലഭിച്ചിരുന്ന വിധവാ പെന്‍ഷനായിരുന്ന് കുടുംബത്തിന്റ ഏക വരുമാനം. നൈനിറ്റാളിലെ ഓക്ക് ഓപ്പണിങ്‌സ് സ്‌കൂളിലാണ് ജിം പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. 19ാം വയസ്സില്‍ സ്‌കുള്‍ പഠനം ഉപേക്ഷിച്ച അദ്ദേഹം ബെംഗാള്‍ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു.
ബാല്യകാലം മുതല്‍ക്കു തന്നെ വനത്തെയും വന്യജീവികളെയും ഇഷ്ടപ്പെട്ടിരുന്ന ജിമ്മിന് ശൈത്യകാലങ്ങളില്‍ കുടുംബസമേതം താമസിച്ചിരുന്ന കലാദുംഗി എന്ന ഗ്രാമത്തിലെ വീട് പ്രിയങ്കരമായിരുന്നു. വീടിനു ചുറ്റുമുള്ള വനാന്തരീക്ഷം ജിമ്മിനെ പ്രകൃതിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. കാട്ടില്‍ നിരന്തരം നടത്തിയിരുന്ന യാത്രകളിലൂടെ, വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും അവയുടെ ശബ്ദത്തിലൂടെ തിരിച്ചറിയുവാന്‍ അദ്ദേഹം പഠിച്ചു. അപാരമായ നിരീക്ഷണപാടവവും ബുദ്ധിയും ഊര്‍ജസ്വലതയുമുള്ള വ്യക്തിയായിരുന്നു ജിം.
തികഞ്ഞ ഒരു പ്രകൃതി സ്‌നേഹിയായിരുന്നെങ്കിലും അതിനൊപ്പം തന്നെ പ്രഗല്ഭനായ ഒരു വേട്ടക്കാരനുമായിരുന്നു ജിം കോര്‍ബെറ്റ്. മൃഗങ്ങളെ ബഹുമാനിച്ചിരുന്ന അദ്ദേഹം നരഭോജികളായ മൃഗങ്ങളെ ( പ്രധാനമായും കടുവ, പുള്ളിപ്പുലി ) മാത്രമാണ് വേട്ടയാടിയിരുന്നത്. ചമ്പാവത് കടുവ, പനാര്‍ പള്ളിപ്പുലി, രുദ്രപ്രയാഗിലെ പുള്ളിപ്പുലി, താക് കടുവ എന്നിങ്ങനെ നരഭോജികളായ നിരവധി മൃഗങ്ങളെ അദ്ദേഹം കൊന്നിട്ടുണ്ട്.
വേട്ടയാടല്‍ അനുഭവങ്ങള്‍ വിശദീകരിച്ചു നിരവധി പുസ്തകങ്ങളും ജിം രചിച്ചിട്ടുണ്ട്. ‘മാന്‍ ഈറ്റേര്‍സ് ഓഫ് കുമവൂണ്‍’, ‘ദ ടെമ്പിള്‍ ടൈഗര്‍’, ‘മാന്‍ ഈറ്റിംഗ് ലെപ്പേര്‍ഡ് ഓഫ് രുദ്രപ്രയാഗ്’ തുടങ്ങിയവ അദേഹത്തിന്റെ പ്രശസ്ത രചനകളാണ്. ഇവയില്‍ ‘മാന്‍ ഈറ്റേര്‍സ് ഓഫ് കുമവൂണ്‍’ എന്ന പുസ്തകം, ഇന്ത്യയിലും യു.എസിലും യു.കെയിലും മികച്ച വിജയം കൈവരിച്ചു. 27 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി നിരവധി സിനിമകളും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ജിമ്മിന്റെ നാലാമത്തെ പുസ്തകമായ ‘ജംഗിള്‍ ലോറാ’ണ് അദ്ദേഹത്തിന്റെ ആത്മകഥയായി കണക്കാക്കപ്പെടുന്നത്.
ഇത്തരത്തില്‍ എഴുത്തിലൂടെ വായനക്കാരെ സ്വാധീനിച്ച ജിം, തന്റെ ആറാമത്തെ പുസ്തകമായ ‘ട്രീ ടോപ്‌സ് ‘ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം, 1955 ഏപ്രില്‍ 19ന്, 79ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1957ല്‍ ഉത്തരാഖണ്ഡിലെ ദേശീയ ഉദ്യാനം, ‘ജിം കോര്‍ബെറ്റ് ദേശീയ ഉദ്യാനം’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here