Tess J S
സാപിന്‍സേസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ലിച്ചിയുടെ ജന്മദേശം ചൈനയാണെന്ന് കരുതപ്പെടുന്നു. ലിച്ചി ചിനെന്‍സിസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. പത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരമാണ് ഇവ. ഇടതൂര്‍ന്ന് വളരുന്ന ലിച്ചിമരത്തിന്റെ കായ്കള്‍ ചുവപ്പ്, റോസ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. മുപ്പത് പഴങ്ങള്‍ വീതമുള്ള കുലകളായാണ് ഇവ മരത്തില്‍ കാണപ്പെടുക. പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്ണിലധികം ലിച്ചി ഇന്ത്യയില്‍ ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ ബീഹാറാണ് ഇവയുടെ ഉല്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഉത്തരേന്ത്യയില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഇവ ജനുവരി – ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് പൂവിടുന്നത്. ഏപ്രില്‍ – മെയ് ആകുന്നതോടെ ഫലം തന്നുതുടങ്ങുന്നു. ഇവയുടെ പഴങ്ങള്‍ പാകമാകാന്‍ എണ്‍പത് മുതല്‍ നൂറ്റിപ്പത്രണ്ട് ദിവസം വരെ സമയമെടുക്കും. ഇരുപത്തിയഞ്ച് ഗ്രാം വരെ പഴങ്ങള്‍ക്ക് തൂക്കമുണ്ടാകും. നിത്യഹരിത മരമായ ഇവയ്ക്ക് മിതോഷ്ണമായ കാലാവസ്ഥയാണ് അനുയോജ്യം. പത്ത് ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയുള്ള തണുപ്പും, മുപ്പത്തിയെട്ട് ഡിഗ്രി സെന്റിഗ്രേഡില്‍ കൂടിയ ചൂടും ലിച്ചിക്ക് അനുയോജ്യമല്ല.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള പഴവര്‍ഗമാണ് ഇവ. കൂടാതെ പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, ജീവകം ബി 6 എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പോളിഫിനോളുകള്‍ ലിച്ചിപ്പഴത്തില്‍ ധാരാളമായുണ്ട്. ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനയിനങ്ങളാണ് ചൈന, പര്‍ബി, സ്വര്‍ണ്ണരൂപ, ഷാഹി തുടങ്ങിയവ. ഇവയില്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തയിനമാണ് സ്വര്‍ണ്ണരൂപ. അഞ്ച് വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം വരെയാകുന്നതോടെ ഇവ ഫലം തന്നുതുടങ്ങുന്നു. വളരെ കുറഞ്ഞ പരിചരണവും, രോഗബാധ കുറഞ്ഞതുമായ പഴമാണ് ലിച്ചി. നാല് ആഴ്ച്ച വരെ ശീതീകരിച്ച് ഇവയെ സൂക്ഷിക്കാനാകും. ലിച്ചി പഴങ്ങളിലെ ജലാംശം വളരെവേഗം നഷ്ടപ്പെടുന്നതിനാല്‍ പെട്ടെന്ന് ഇവ ചീത്തയാകാറുണ്ട്. വിവിധയിനം പാനീയങ്ങള്‍, വൈന്‍, ജെല്ലി എന്നിവ ലിച്ചിയില്‍ നിന്നും ഉണ്ടാക്കാറുണ്ട്.