പരുന്ത്

0
2230

Tess J S
കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം പരുന്തുകളാണ് കൃഷ്ണപ്പരുന്തും ചക്കിപ്പരുന്തും. 60 ല്‍ അധികം പക്ഷികള്‍ ഉള്‍പ്പെടുന്ന അസിപ്രിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ് ഇവ. വളരെ ഉയരത്തില്‍ വളരുന്ന മരങ്ങളിലാണ് സാധാരണയായി ഇവ കൂടൊരുക്കുക. ഹിന്ദു പുരാണത്തില്‍ വിഷ്ണുവിന്റെ വാഹനം ഗരുഡനായതിനാലാകണം പരുന്തുകളെ വിശ്വാസത്തിന്റെ ഭാഗമായി കരുതി ആരാധിക്കുന്നത്.
ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ അഭാവം നിമിത്തം മൊബൈല്‍ ടവറുകളാണ് അടുത്തകാലത്തായി ഇവര്‍ അന്തിയുറങ്ങാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കൃഷ്ണപരുന്തുകളെ ഓമനിച്ചു വളര്‍ത്തുക പതിവാണ്. 2000 രൂപ വരെയാണ് ഒരു പരുന്തിന്റെ വില. ഭക്ഷ്യശൃംഗലയില്‍ ഏറ്റവും മുകളിലായാണ് ഇവയുടെ സ്ഥാനം. മറ്റു ജീവികള്‍ ഇവയെ ഭക്ഷണമാക്കാറില്ല എന്നാതാണ് ഇതിന് കാരണം.
തലയും കഴുത്തും വെള്ളനിറവും മറ്റു ശരീരഭാഗങ്ങള്‍ കാവിനിറവുമുള്ളവയാണ് കൃഷ്ണപ്പരുന്ത്. കേരളത്തില്‍ സര്‍വ്വവ്യാപിയായി കാണപ്പെടുന്ന ഇവ തുറമുഖങ്ങളില്‍ ധാരാളമായുണ്ട്. മത്സ്യം, തവള, എലി എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവ കൂടൊരുക്കുന്നതും മുട്ടയിടുന്നതും. ഇവയെ ചെമ്പരുന്ത് എന്ന വിളിപ്പേരിലും അറിയപ്പെടുന്നു.
തവിട്ടു നിറത്തില്‍ കാണപ്പെടുന്ന ചക്കിപ്പരുന്തുകളെ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കാണുവാന്‍ കഴിയും. ചൂട് കൂടുതലുള്ള പ്രദേശങ്ങളില്‍ ജീവിക്കുവാനാണ് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുക. 66 സെ. മീ വരെ നീളം ഇവയ്ക്കുണ്ടാകും. ആണ്‍-പെണ്‍ പരുന്തുകള്‍ തമ്മില്‍ സാമ്യത പുലര്‍ത്തുന്നുവെങ്കിലും പെണ്‍പരുന്തുകളുടെ ചിറകുകള്‍ക്കാണ് ആണ്‍പരുന്തിന്റേതിനേക്കാള്‍ വീതി കൂടുതല്‍. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇവര്‍ കൂടൊരുക്കുക. ഭക്ഷ്യശൃംഖലയുടെ സന്തുലനം കാത്തുസൂക്ഷിക്കുന്നതില്‍ പരുന്തുകള്‍ക്ക് വളരെ വലിയ പങ്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here