Tess J S
ലോകത്ത് ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഉറുമ്പുകളെ കാണാന്‍ കഴിയും. ഉറുമ്പുകളുടെ കൂട്ടത്തെ നയിക്കുന്നത് കൂട്ടിലെ റാണിയാണ്. റാണിയുറുമ്പിന്റെ മക്കളാണ് ഉറുമ്പിന്‍ കൂട്ടിലെ മറ്റ് ഉറുമ്പുകളെല്ലാം. ഉറുമ്പുകളുടെ കൂടൊരുക്കല്‍ വളരെ രസകരമാണ്. റാണി ആദ്യം മുട്ടയിട്ട് വിരിയിക്കുന്ന ഉറുമ്പുകളെല്ലാം പെണ്‍ ഉറുമ്പുകളായിരിക്കും. എന്നാല്‍ അവര്‍ക്ക് മുട്ടയിടാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല. നാളുകള്‍ പിന്നിടുമ്പോള്‍ ഈ കൂട് ഒരു കോളനിയാകുകയും മുട്ടയിടാന്‍ പ്രാപ്തമായ പെണ്‍ ഉറുമ്പുകളും പിന്നീട് ആണ്‍ ഉറുമ്പുകളും ഉണ്ടാവുകയും ചെയ്യും.
മരപ്പൊത്തുകളിലോ മണ്ണിനടിയിലോ ആണ് ഉറുമ്പുകള്‍ കൂടൊരുക്കുക. അനുയോജ്യമായ സ്ഥലലഭ്യതയനുസരിച്ചായിരിക്കും ഇവരുടെ കൂടൊരുക്കല്‍. തന്റെ ഭാരത്തേക്കള്‍ വളരെ കൂടുതല്‍ ഭാരം ചുമന്നു കൊണ്ടുപോകുന്ന അദ്ധ്വാനശീലര്‍ കൂടിയാണ് ഉറുമ്പുകള്‍. രണ്ടരലക്ഷം കോശങ്ങള്‍ വരെ ഒരു ഉറുമ്പിന്റെ തലച്ചോറിലുണ്ട്. സ്വന്തം ശരീരത്തെക്കാള്‍ ഭാരമേറിയ തലച്ചോറാണ് ഇവയ്ക്കുള്ളത്.
ഫെറമോണ്‍ എന്ന രാസപദാര്‍ത്ഥം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ഇവയ്ക്ക് ആഹാരം കണ്ടുപിടിക്കാനും കൂട്ടത്തിലുള്ളവരെ തിരിച്ചറിയാനും കഴിയുന്നത് ഈ രാസപദാര്‍ത്ഥത്തിന്റെ സഹായത്താലാണ്. ട്രോഫോലാക്‌സിസ് എന്നാണ് ഫെറമോണ്‍ ഉപയോഗിച്ചുള്ള ഉറുമ്പുകളുടെ ആശയവിനിമയത്തെ അറിയപ്പെടുന്നത്.
എല്ലില്ലാത്ത ഉറുമ്പുകളുടെ ശരീരത്തിന് ഉറപ്പ് നല്‍കുന്നത് ക്യൂട്ടിക്കിള്‍ എന്ന ചര്‍മ്മമാണ്. ശ്വാസകോശങ്ങള്‍ ഇല്ലാത്ത ജീവിയാണ് ഉറുമ്പുകള്‍. ആറു കാലുകളാണ് ഇവയ്ക്കുള്ളത്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നതും രസകരമായ വസ്തുതയാണ്. 15 വര്‍ഷം വരെയാണ് ഉറുമ്പിന്‍ കൂട്ടിലെ റാണിയുറുമ്പിന്റെ ആയുസ്സ്. ഉറുമ്പുകള്‍ കൂട്ടില്‍ ആഫിഡുകളെ വളര്‍ത്തുക പതിവാണ്. ഒരു തരത്തിലുള്ള പ്രാണിയായ ഇവ മധുരനീര് ഉണ്ടാക്കുന്നു. ഉറുമ്പിന്‍ കൂടുകളിലെ ആണ്‍ ഉറുമ്പുകളെല്ലാം ഒരു പണിയും ചെയ്യാത്ത മടിയന്മാരാണ്.