Tess J S
പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ്. കീടങ്ങളെയും ചെറു പ്രാണികളെയും ചിലയിനങ്ങള്‍ അകത്താക്കാറുണ്ട്. പകല്‍ സമയം കണ്ണുകാണാനാവാത്ത ഇവ രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്ന ഇവയുടെ ശബ്ദതരംഗങ്ങള്‍ ഇരയിലും വഴിയിലുള്ള തടസ്സങ്ങളിലും തട്ടി തിരിച്ചു വരുന്നു. ഇത്തരത്തില്‍ അള്‍ട്രാസോണിക് ശബ്ദമുപയോഗിച്ചാണ് വവ്വാലുകള്‍ ഇരയെ കണ്ടെത്തുന്നത്. ഇതിനെ എക്കോലൊക്കേഷന്‍ എന്നറിയപ്പെടുന്നു. ആളൊഴിഞ്ഞ പ്രദേശത്തെ വന്‍മരങ്ങളും, ഗുഹകളുമാണ് ഇവയുടെ വാസസ്ഥലം. 1200 ല്‍ പരം വ്യത്യസ്ഥയിനം വവ്വാലുകള്‍ ലോകത്തിലാകെയുണ്ട്.
കഥകളിലും, ചലച്ചിത്രങ്ങളിലും പ്രത്യേകസ്ഥാനമുള്ള ജീവിവര്‍ഗമാണ് ഇവ. അമേരിക്കയില്‍ കണ്ടുവരുന്ന വാമ്പെയര്‍ എന്ന വവ്വാലിനം, സസ്തനികളുടെ രക്തമാണ് ആഹാരമാക്കുന്നത്. അതിനാല്‍ വവ്വാലുകളെ രക്തദാഹികളായി നിരവധി സാഹിത്യസൃഷ്ടികളില്‍ കാണാന്‍ കഴിയും.
വലിയ ചെവികള്‍, തവിട്ട് നിറം, ചര്‍മ്മനിര്‍മ്മിതമായ ചിറകുകള്‍ എന്നിവയാണ് ഇവയുടെ ശാരീരികസവിശേഷത. ദീര്‍ഘദൂരം പറക്കാന്‍ കഴിയുന്ന ഇവയ്ക്ക് മണം പിടിച്ച് മുന്നേറാനുള്ള ശേഷിയും വളരെ കൂടുതലാണ്. 500 ല്‍ പരം സസ്യങ്ങളുടെ പരാഗണത്തിന് വവ്വാലുകള്‍ വഹിക്കുനന് പങ്ക് ചെറുതല്ല. ഇത്തരത്തില്‍ നടക്കുന്ന പരാഗണത്തെ ചിറോപ്റ്ററോഫിലി എന്നറിയപ്പെടുന്നു. ചിറകുകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരാണ് വവ്വാലുകള്‍. സ്വന്തമായി കൂടൊരുക്കാത്ത ഇവ മരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നു. പറന്നുപൊങ്ങാനുള്ള എളുപ്പത്തിനാണ് ഇവ മരങ്ങളില്‍ തൂങ്ങിക്കിടക്കുക. പ്രധാനപ്പെട്ട വവ്വാല്‍ ഇനങ്ങളാണ് ടൂംബ് ബാറ്റ്, ബുള്‍ ഡോഗ് ബാറ്റ്, വാമ്പെയറുകള്‍ തുടങ്ങിയവ.