Tess J S
ഇത്രയേറെ വൈദ്യശാസ്ത്ര പ്രാധാന്യമുള്ള വിഭവം പ്രകൃതിയില്‍ മറ്റൊന്നില്ല എന്നു തന്നെ പറയാം. തേന്‍ ആണ് ആ വിഭവം. പൂക്കളില്‍ മധു നുകര്‍ന്ന് അത് തേനായി രൂപപ്പെടുത്തിയെടുക്കുന്നവരാണ് തേനീച്ചകള്‍. കോളനികള്‍ സ്ഥാപിച്ച് സാമൂഹിക ജീവിതം നയിക്കുന്ന ഇവരുടെ കൂട്ടിലെ നേതാവ് റാണി തേനീച്ചയാണ്. ഇന്ന് തേനിനായി വ്യാപകമായി തേനീച്ചകളെ വളര്‍ത്തിവരുന്നു. തേനീച്ച വളര്‍ത്തല്‍ എപ്പികള്‍ച്ചര്‍ എന്നറിയപ്പെടുന്നു.
ദിവസേന എട്ട് കിലോമീറ്റര്‍ വരെയാണ് തേന്‍ ശേഖരിക്കുവാനായി ഒരു തേനീച്ച യാത്രചെയ്യുക. തേനീച്ചകള്‍ ഉല്‍പാദിപ്പിക്കുന്ന ഗുണപ്രദമായ മറ്റൊരു പദാര്‍ത്ഥമാണ് റോയല്‍ ജെല്ലി. മനുഷ്യരുടെ ആരോഗ്യത്തിന് ഗുണകരമായ ഇവയില്‍ ജീവകങ്ങള്‍, ധാതുക്കള്‍, കൊഴുപ്പുകള്‍, നിരവധി മൂലകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഒരു തേനീച്ച കോളനിയില്‍ ആയിരക്കണക്കിന് തേനീച്ചകളുണ്ടായിരിക്കും. റാണി, വേലക്കാരി, ആണ്‍തുമ്പി എന്നിങ്ങനെ മൂന്ന് തരം തേനീച്ചകളാണുണ്ടാകുക. റാണിതേനീച്ചയുടെ ആയുസ്സ് ശരാശരി മൂന്ന് വര്‍ഷമാണ്. നിരവധി ചെറിയ നേത്രങ്ങള്‍ ചേര്‍ന്ന സംയുക്തനേത്രമാണ് തേനീച്ചകള്‍ക്കുള്ളത്. വലിപ്പം കുറഞ്ഞ ഇനം തേനീച്ചകളായ ചെറുതേനീച്ചയുടെ തേനിനാണ് ഔഷധ ഗുണം കൂടുതല്‍.
സസ്യങ്ങളുടെ പരാഗണത്തില്‍ തേനീച്ചകള്‍ വളരെയധികം സഹായിക്കാറുണ്ട്. തേനീച്ചക്കൂട്ടിലെ ആണ്‍ തേനീച്ചകള്‍ അലസന്മാരാണ്. റാണിയുമായി ഇണചേരലാണ് പ്രധാന ജോലി. പകുതി ക്രോമസോം മാത്രമുള്ള ഉള്ള ഇവരുടെ ആയുസ്സും കുറവാണ്. ചെറുതേനീച്ച, വന്‍തേനീച്ച, കോല്‍തേനീച്ച എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍.