Tess J S
ഏറ്റവും ഉയരം കൂടിയ സസ്തനിയായ ജിറാഫിന്റെ ശാസ്ത്രീയനാമം ജിറാഫ കാമിലോപാര്‍ഡാലിസ് എന്നതാണ്. അഞ്ചു മീറ്ററിലധികം ഉയരവും, നീണ്ട കഴുത്തും ഇവയുടെ സവിശേഷതയാണ്. ഇരട്ടക്കുളമ്പുള്ള ജീവികൂടിയാണ് ഇവ. ഏറ്റവും ഉയരം കൂടിയ സസ്തനിയാണ് ഇവയെങ്കിലും കഴുത്തില്‍ വെറും 7 കശേരുക്കളേയുള്ളൂ എന്നത് ശ്രദ്ധേയമാണ്.
മരങ്ങളിലെ ഉയരത്തിലുള്ള ഇലകളാണ് ഇവയുടെ ഇഷ്ടഭക്ഷണം. അയവിറക്കുന്ന ജീവികളില്‍ ഏറ്റവും വലുതും ജിറാഫ് തന്നെയാണ്. ഉയരം കൂടുതലായതിനാല്‍ ദൂരെയുള്ള കാഴ്ച്ചകള്‍ വരെ വ്യക്തമായി ഇവയ്ക്കു കാണാനാകും. ആഫ്രിക്കയിലെ സാവന്ന പ്രദേശങ്ങളിലാണ് കൂടുതലായും ഇവ കാണപ്പെടുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുവാന്‍ ഇവയ്ക്കു കഴിയും.
ഉറക്കത്തിന്റെ കാര്യത്തില്‍ വളരെ കഷ്ടമാണ് ഇവയുടെ കാര്യം. ദിവസത്തില്‍ ആകെ ഇരുപത് മിനിറ്റ് മാത്രമാണ് ഉറങ്ങുക. നിന്ന് കൊണ്ട് പ്രസവിക്കുന്ന ജീവിയാണ് ഇവ. ജനിച്ചു വീഴുന്ന കുഞ്ഞിന് ശരാശരി 2 മീറ്റര്‍ വരെ ഉയരമുണ്ടാകും. 15 മാസമാണ് ഇവയുടെ ഗര്‍ഭകാലം. ജിറാഫിഡെ കുടുംബാംഗമായ ഇവയുടെ ശരാശരി ആയുസ്സ് 25 വര്‍ഷമാണ്. ഓറഞ്ച്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. സംഘം ചേര്‍ന്ന് കഴിയുന്ന ഇവയ്ക്കിടയില്‍ വഴക്കുണ്ടാവുക പതിവാണ്. കഴുത്തും, തലയുമാണ് ഏറ്റമുട്ടലിന് ഇവ ഉപയോഗിക്കുക. സസ്യഭുക്കായ ഇവ താന്‍സാനിയയുടെ ദേശീയ മൃഗം കൂടിയാണ്.