കിഴക്കിന്‍ ഉന്നതത്തില്‍ സൂര്യപ്രഭ
പൊട്ടി വിടര്‍ന്ന നേരത്തീ ഭൂവിന്
ഭാരമേകുവാനോ ഒരു ജന്മം കൂടി
ഉച്ചസ്തരം കരഞ്ഞുകൊണ്ടവതരിച്ചു
അശുദ്ധി നിറഞ്ഞയീ ലോകത്തിന്‍
വിസ്തൃതി കൂട്ടുവാനോ, കുറയ്ക്കുവാനോ
അറിഞ്ഞിടുവാന്‍ കഴിയില്ലയീ നേരം
അറിയാവുന്നതൊരു കരച്ചില്‍ മാത്രം.
ആദം ഹവ്വ ഇവരുടെ പാപത്തിന്‍
ഫലമാം പഴത്തിന്‍ കറയാലോ
ഇവന്‍ കണ്ണീര്‍ വഴി ഒഴുകുന്നു ബിന്ദുക്കളായ്;
ഒഴുകുന്നു തന്‍ കളങ്കമെന്ന പോല്‍
ആദി പിതാവിനേകി പറുദീസ
കരുണാമയന്‍ തന്‍ കാരുണ്യം
അതുപോലെല്ലയോ മാമോദീസാ
വഴിയവനെനിക്കുമേകിയൊരു പറുദീസ.
തുണയേകുവാന്‍ നിയോഗിക്കപ്പെട്ട നാരി
കുടില ഹൃദയത്തിനവകാശിയാം
സര്‍പ്പത്തിനടിമയായതില്‍
നഷ്ടഹൃദയ ആയി മാറി
പാപത്തിന്‍ ഫലം നുണഞ്ഞ നാരി
നരനോടുരച്ച തിതല്ലോ
എന്തു രസമീയമര്‍ത്യഫലം
ആസ്വദിച്ചിടൂ ഇതിലൊരു ഭാഗം.
ശിശുവായ് ജന്മമിടുന്നവനും
സത്യമായുമിതല്ലോ ലഭിപ്പത്
തിന്മയുടെ കൂരിരുളല്ലോ കാട്ടുന്നു
മര്‍ത്യ ഭൂരിഭാഗം സര്‍പ്പ സദൃശ്യമായ്
നിപതിച്ച ജീവിതത്തോണി തന്‍
നിയന്തിത വ്യഥപരിശ്രമത്തിന്‍
ആവര്‍ത്തനമായ് എന്നിലും നിന്നിലും
മറ്റൊരു കായേനും ഹാബേലും
ഇഴഞ്ഞുനീങ്ങുന്നു ജീവിതം
പാപപുണ്യസമ്മിശ്രമായ്
നിദര്‍ശനത്തിനുണ്ടൊരു നിരയും
ഇസ്രായേല്‍ ജനത്തിനുള്ളംപോല്‍
അജ്ഞതാ കവാടത്തിലൊളിച്ച
ജനത്തിനു വെളിച്ചം പകരാന്‍
ഉദിച്ച സൂര്‍നല്ലോ ക്രിസ്തുനാഥന്‍
ജ്ഞാനി പകര്‍ന്ന ജ്ഞാനം സുഭിക്ഷം
അനുരജ്ഞനത്തിന്‍ കൂദാശയില്‍ നേടുന്ന
പാപമോചനത്തിന്‍ ഉറവിടം
കരുണാ സാഗരമാം പിതാവല്ലോ;
വിമോചകനാം പുത്രനല്ലോ.
പൂവില്‍ നിന്നും തേന്‍ നുകര്‍ന്നും
ഉന്മത്തനായ് വഴിപിഴച്ചും
സഞ്ചരിക്കുന്ന വണ്ടിന്‍ പ്രവര്‍ത്തി
വരച്ചു കാട്ടുവതും മനുഷ്യനെയൊ?
പൂര്‍ണ്ണതാ പൂരണത്തിനായെത്‌നിക്കും
ശലഭത്തിന്‍ മാറ്റം എന്തൊരാശ്ചര്യം
സാവൂളിനേകി കര്‍ത്തനിതുപോല്‍
ആശ്ചര്യമാം വിധമൊരു രൂപമാറ്റം
എനിക്കും നിനക്കുമുണ്ടിതുപോല്‍
ഒരു മാറ്റമതിനു പേര്‍ ദൈവവിളി
ദൈവസ്വരം നന്നായ് ശ്രവിക്കൂ
കണ്ടെത്തൂ സ്വര്‍ഗ്ഗത്തിന്‍ പാത
ആനന്ദിക്കൂ സ്വന്തം പാതയിന്‍
നിന്‍ വിളിതെറ്റിയതെങ്കിലതു മറക്കൂ
ക്ഷണിക്കപ്പെടാതെ വിരുന്നിനുപോയ്
വിലകൊടുത്തൂ വാങ്ങുവതെന്തിനപമാനം
ഇന്നലെയുടെ താളുകള്‍ നീക്കി നീക്കി
ഇന്നിലെത്തി നില്‍ക്കുന്നു ഞാന്‍
ധരയിലെ ജീവിതം മനുഷ്യ നിയന്ത്രിതമെങ്കില്‍
ജനനമരണങ്ങള്‍ കര്‍ത്തനില്‍ പൂര്‍ണ്ണം
ഇന്നെയെന്നെയാരു നടത്തി
ഇന്നാരെന്നെ നയിക്കുന്നു
ഉത്കണ്ഠയകറ്റി നിന്‍ ജീവിതം
ദൈവ സമര്‍പ്പിതമാക്കിയാനന്ദിക്കൂ
ചിന്തിക്കൂ നിന്‍ കര്‍മ്മങ്ങളൊന്നായ്
സ്‌നേഹമോ വെറുപ്പോ നിഴലിച്ചിടുവതിലായ്
എല്ലാറ്റിനുമായ് ചോദ്യമൊന്നുമാത്രം
നിനക്ക്, സ്വര്‍ഗ്ഗമോ……..?നരകമോ……..?