കരുണ തേടുന്ന മാതൃത്വം

0
1198
old woman

       സമയം രാത്രി പതിനൊന്ന്. പുത്തനങ്ങാടിയിലെ സ്‌നേഹഭവനിലെ നിശബ്ദമായ അന്തരീക്ഷം. പാതിമയക്കത്തോടെ കാത്തുനിന്ന സമീപവാസികളുടെ മദ്ധ്യത്തിലേക്ക് ഒരു ആംബുലന്‍സ് വന്നു നിന്നു. പുരുഷന്മാരില്‍ ചിലര്‍ സ്‌നേഹാലയത്തിനുള്ളിലേയ്ക്ക് കയറിച്ചെന്ന് ഒരു മൃതശരീരവും എടുത്തുകൊണ്ട് പുറത്തേയ്ക്കു വന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി സ്‌നേഹാലയത്തിലെ അന്തേവാസിയായിരുന്ന മേരിയമ്മയുടെ ചേതനയറ്റ ശരീരം പുഷ്പഗിരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അലമുറയിടാന്‍ മക്കളോ ബന്ധുക്കളോ ഇല്ല, സഹതപിക്കാന്‍ നാട്ടുകാരില്ല…ഇത് നമുക്കിടയിലെ പതിവുകാഴ്ചകള്‍.

      അമ്മയെ ദേവിയായി കാണാന്‍ പഠിപ്പിച്ച ഭാരതീയ സംസ്‌കാര തനിമ നിലനിര്‍ത്താന്‍ കഴിയാതെ ഇന്ന് വൈരുദ്ധ്യ സംസ്‌കാരങ്ങള്‍ക്കു നടുവില്‍ പകച്ചുനില്‍ക്കുന്നു. സ്ത്രീത്വത്തിന്റെ മഹനീയത പ്രസംഗവേദികള്‍ക്കും പഠനക്ലാസ്സുകള്‍ക്കും വേണ്ടി മാത്രമുള്ള ഒരു ‘നോബിള്‍ സബ്ജക്ട് ‘ ആയി മാറുന്നു.

    കേരളത്തിലെ ചാരിറ്റബിള്‍ സൊസൈറ്റികളില്‍ ഏറിയ പങ്കും വൃദ്ധസദനങ്ങളാണ്. ഉപഭോഗസംസ്‌കാരത്തിന്റെ കറുത്ത മുഖമാണ് ഈ വൃദ്ധസദനങ്ങള്‍. കൊടിയ ദാരിദ്ര്യത്തിലും സ്വന്തം പരിമിതികളെ മറച്ചുവച്ച് താന്‍ പോറ്റി വളര്‍ത്തിയ മക്കള്‍തന്നെ വൃദ്ധസദനങ്ങളിലെ ഏകാന്തതയിലേക്ക് നയിക്കുമ്പോള്‍ ഒരമ്മയ്ക്ക് പ്രതികരിക്കാന്‍ ഭാഷകളില്ലാതാകുന്നു. മൗനത്തെ ഗ്രസിച്ച് ഈ ദുരിതജീവിതം അവസാനിക്കുന്നതും കാത്ത് കിടക്കാനേ കഴിയൂ. അമ്മിഞ്ഞപാലിനൊപ്പം ഭാഷയില്ലാതെ പകര്‍ന്നുകൊടുത്ത ”അമ്മ” എന്ന വാക്കിന്റെ അര്‍ത്ഥം സ്വാര്‍ത്ഥത ഇല്ലാത്തവള്‍ എന്ന് ആണ്. ആദ്യ പാഠശാലയായ വീട്ടില്‍നിന്നു ആദ്യ അദ്ധ്യാപികയായ അമ്മയില്‍നിന്നും പഠിക്കാത്ത സ്വാര്‍ത്ഥതയുടെ പുതിയ പാഠങ്ങള്‍ ഈ ലോകത്തില്‍ നിന്നും പഠിക്കുന്ന മക്കളുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനുള്ള കെല്‍പുപോലും അമ്മമാര്‍ക്ക് ലഭിച്ചെന്നു വരില്ല.

      ശൈശവം മുതല്‍ അനുഭവിച്ചുവരുന്ന ഒരുതരം ‘രണ്ടാം പൗരത്വം’ മരണം വരെ അനുഭവിക്കാന്‍ പല അമ്മമാരും വിധിയ്ക്കപ്പെട്ടിരിക്കുന്നു. സ്ത്രീത്വം കുടുംബങ്ങളില്‍ ‘ശ്രീത്വം’ ആണെന്ന് സാഹിത്യകൃതികളില്‍ പാടിപ്പുകഴ്ത്തുകയും ജീവിതത്തില്‍ ഉപഭോഗവസ്തുവായി സ്ത്രീയെ കാണുകയും ചെയ്യുന്ന കപടസംസ്‌കാരത്തിന്റെ നടുവിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. മൂന്നുവയസ്സുള്ള കുരുന്നുജീവിതം മുതല്‍ എഴുപത് വയസ്സുള്ള വൃദ്ധകള്‍വരെ അരക്ഷിതത്വഭീഷണിയിലാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിലക്കുകളുടെയും വിലങ്ങുകളുടെയും ശാരീരിക-മാനസിക അവസ്ഥകള്‍ അനുഭവിക്കുന്ന സ്ത്രീ, വാര്‍ദ്ധക്യത്തില്‍ അവഗണനയുടെയും വേദനയുടെയും പാരമ്യതയില്‍ എത്തുന്നു.

    വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. നിറഞ്ഞു നിന്ന സമൂഹത്തില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടി വരുമ്പോഴുണ്ടാകുന്ന ഉള്ളിലെ ശൂന്യത നികത്താന്‍ ആര്‍ക്കു കഴിയും? പൂര്‍ണ്ണമായി ഫലം കാണാന്‍ കഴിയുന്നില്ലെങ്കിലും ചില ശ്രമങ്ങള്‍ അങ്ങിങ്ങായി നടക്കുന്നുണ്ടെന്നത് വിസ്മരിക്കാന്‍ പാടില്ല. ഓര്‍മ്മയുടെ ഓളങ്ങള്‍ നിലയ്ക്കുന്നതിന് മുമ്പ് സംതൃപ്തമായ ഒരു യാത്രയ്‌ക്കൊരുങ്ങാനെങ്കിലും നാം സാഹചര്യം കൊടുക്കേണ്ടതല്ലേ. മനസ്സില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ ചിത്രീകരണങ്ങളില്‍ പലതും ജീവിതത്തില്‍ എത്തിപ്പിടിക്കാനാകാത്ത മോഹങ്ങളായിത്തന്നെ അവശേഷിപ്പിക്കേണ്ടിവരുന്നു. വിവാഹത്തോടുകൂടെ ഭര്‍ത്താവ് എന്ന സുരക്ഷിതത്വത്തിന്റെ ചിറകുകള്‍ ലഭിക്കുകയും ഭര്‍തൃമരണത്തോടുകൂടെ ചിറകറ്റ കിളിയെപ്പോലെ പിരിത്യക്തയാകുന്നതും നമ്മുടെ അമ്മമാരെ നിരാശയുടെ ആഴങ്ങളിലെത്തിക്കുന്നു. താങ്ങും തണലുമായി നില്‍ക്കേണ്ട മക്കള്‍ ജോലിത്തിരക്കുകാരണം അന്യദേശങ്ങളിലേക്ക് പോകുന്നതും അമ്മാരെ നിരാലംബരാക്കുന്നു.

‘സ്റ്റാറ്റസ്’നിലനിര്‍ത്താന്‍ പഴകിയ മാതാപിതാക്കളെ വലിയവീട്ടിലെ ഒഴിഞ്ഞ കോണുകളില്‍ ഒതുക്കുന്നവരും ഇന്നേറെയുണ്ട്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെ ഫലമായി കിടക്കയില്‍ത്തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് ഒഴിവാക്കാന്‍ നല്ല ആഹാരം കൊടുക്കാതെ ലിക്വിഡ് ഫുഡ് മാത്രം മാതാപിതാക്കന്മാര്‍ക്ക് കൊടുക്കുന്ന മക്കളുടെ ഇടയിലാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് ഓര്‍ക്കണം. കാച്ചിലും ചേമ്പും ചക്കയും മാങ്ങയുമൊക്കെ ഏതോ കഥകളില്‍ പണ്ട് കേട്ട് മറന്ന വാക്കുകളിലായിത്തീരുന്നു. വേണമെങ്കില്‍ ഈ മരുന്ന് കഴിച്ചോളൂ എന്ന ലാഘവത്തോടെ ‘യൂസ്‌ലെസ് പേരെന്റ്‌സി’നെ നോക്കുന്നവരും ഇവിടുണ്ട്.

        പുരാണങ്ങളിലും ഭാരതീയ കഥകളിലും നിറഞ്ഞു നിന്ന അമ്മയും ദേവിയും ഒക്കെയായ സ്ത്രീ വെറും കെട്ടുകഥകളായി അവശേഷിക്കുന്നു. രാവിലെ സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ച് സ്‌കൂള്‍ ബസില്‍ കുഞ്ഞിനെ കയറ്റിവിട്ട് ‘റ്റാറ്റാ’ പറഞ്ഞു നില്‍ക്കുന്ന വീട്ടമ്മമാരെ നമുക്കറിയാം. അതുപോലെത്തന്നെ വൃദ്ധരായ അപ്പനെയും അമ്മയെയും ദിവസക്കരാര്‍ അടിസ്ഥാനത്തില്‍ രാവിലെ വാട്ടര്‍ബോട്ടിലും ടിഫിന്‍ ബോക്‌സും കൊടുത്ത് വണ്ടികയറ്റിവിടുന്നത് നമ്മുടെ നാട്ടിലെ അവിശ്വസനീയമായ കാഴ്ചയാണ്. പാശ്ചാത്യസംസ്‌കാരത്തെ അനുകരിക്കുകയും അനുവദിക്കുകയും ചെയ്യുന്ന മലയാളികള്‍ പുതിയതരം ‘മലയാളി ഹൗസുകള്‍’ക്ക് പിന്നാലെ പോകുന്നു. ഒരു പക്ഷേ നമ്മുടെ അമ്മമാര്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ പരിഭവത്തോടെ ഉള്ളില്‍ പറയുന്നുണ്ടാകാം ”ഇവരുടെ കുസൃതികള്‍ അല്പം കൂടുന്നുണ്ട്”. കാലം കാത്തുവച്ച കൈവിളക്കെങ്കിലും നമ്മുടെ വൃദ്ധജനങ്ങള്‍ക്ക് നല്‍കാന്‍ നാം കരുണ കാണിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here