Sheen Thankalayam
കേരളീയരെയൊന്നാകെ ആനന്ദലഹരിയിലാഴ്ത്തുന്ന വിരുന്നുകാരനാണ് ഓണം. മലയാളിക്ക് ഉന്മാദത്തിമിര്‍പ്പിനൊരവസരം ലഭിക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന ഓണത്തിലൂടെയാണ് ജാതി-മത ഭേദമന്യേ കൊണ്ടാടുന്ന ആഘോഷമായതിനാല്‍ ഓണത്തെ ഉത്സവങ്ങളുടെ ഉത്സവം എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.
ഓണാഘോഷങ്ങള്‍ക്ക് പിന്നിലുള്ള ഐതിഹ്യം ആബാലവൃദ്ധം കേരളീയര്‍ക്കും മനഃപാഠമാണ്. ഓണത്തെക്കുറിച്ച് നമുക്ക് ലഭ്യമായ ചരിത്രത്തെളിവ്, കൊല്ല വര്‍ഷം 36 (1 കി. ശേ.861) ന് പുറപ്പെടുവിക്കപ്പെട്ട ഒരു ശാസനയാണ്. കേരളത്തിന്റെ പരമ്പരാഗതമായ ഈ ദേശീയോത്സവം വിളവെടുപ്പ് ഉത്സവമെന്നും അറിയപ്പെടുന്നു. ചിങ്ങമാസ അത്തം നക്ഷത്രം മുതല്‍ പത്തു ദിവസമാണ് ഓണാഘോഷം നടക്കുന്നത്. തിരുവോണദിനത്തില്‍ ‘മഹാബലി’ പ്രജകളെ കാണാന്‍ എത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അന്നേ ദിവസം രാവിലെ എല്ലാവരും കുളിച്ച് മോടിയായി പുത്തന്‍ ഓണകോടികള്‍ ധരിക്കുന്നു. കാരണവര്‍ ഇളം തലമുറക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. കുട്ടികള്‍ക്ക് ഓണക്കോടി കൊടുക്കുന്നു.
പ്രാചീനമരങ്ങള്‍ ഉണ്ണുന്നതിനും, ഒരുങ്ങുന്നതിനുമെല്ലാം വരുത്തിതീര്‍ത്ത അനുഷ്ഠാന സ്വഭാവമായിരിക്കാം ഓണസദ്യയുടെ പ്രാധാന്യത്തിന് കാരണം. ”കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴമൊഴി നമുക്ക് ചിരപരിചയമാണല്ലോ. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ ഓണാഘോഷം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന ധാരണ ഇത് നമുക്ക് നല്‍കുന്നു. ഓണാഘോഷം വിഭവ സമൃദ്ധമാക്കാന്‍ പാവപ്പെട്ടവര്‍പോലും ശ്രമിക്കുന്നു. അന്യദേശത്തുള്ള കുടുംബാംഗങ്ങള്‍ സ്വന്തം വീട്ടില്‍ എത്തിചേരാനും സദ്യയില്‍ പങ്ക് ചേരാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. തിരുവോണദിവസം മത്സ്യമാംസാദികള്‍ ഉപയോഗിക്കാറില്ല. ഓണസദ്യക്ക്മുമ്പ് ഒരു വിളക്ക് കൊളുത്തിവച്ച് അതിനുമുമ്പില്‍ ഒരു നാക്കില (തുമ്പില) യില്‍ ചോറും മറ്റ് വിഭവങ്ങളും വിളമ്പി വയ്ക്കുന്നു. ഇത് ഗണപതിക്ക് വേണ്ടിയാണെന്നാണ് സങ്കല്പം. ചോറും കറികളും ഉപ്പേരിയും പായസവും പഴനുറുക്കും പപ്പടവും പ്രഥമനുമൊക്കെ അടങ്ങുന്ന ഓണസദ്യയെക്കുറിച്ച് കൂടുതലറിയുന്നത് ആശ്വാസകരമാകും.
തുമ്പിലയിലാണ് സാധാരണയയി ഓണസദ്യ കഴിക്കുന്നത്. നാരങ്ങ, ഇഞ്ചി, പച്ചടി, കിച്ചടി, തുവരന്‍, അവിയല്‍, ഉപ്പേരി, വറ്റല്‍, പപ്പടം, പഴം, എന്നീ വിഭവങ്ങളാണ് ആദ്യം വിളമ്പുന്നത്. ആദ്യത്തെതവണ ചോറിന്റെകൂടെ പരിപ്പ്കറിയും സാമ്പാറും. ഓണ സദ്യയുടെ വിശിഷ്ടയിനമായ പായസത്തിന്റെ ഊഴമാണ് അടുത്തത്. പായസം രണ്ടോ മൂന്നോ ഇനം ഉണ്ടായിരിക്കും. പായസത്തിനുശേഷം ചോറും പുളിശ്ശേരിയും വിളമ്പുന്നു. തുടര്‍ന്ന് ചോറും രസവും. ചോറും മോരും വിളമ്പുന്നതോടുകൂടി ഓണസദ്യയ്ക്ക് വിരാമമായി. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം തമാശപറയാനും ‘സമൃദ്ധി’യുടെ കഥപറഞ്ഞ് രസിക്കുവാനുമായി സമയം മാറ്റിവയ്ക്കുന്നു. ഓണകളികളും തുമ്പിതുള്ളലുമൊക്കെയായി ഒരോണംകൂടി വഴിമാറുന്നു. അടുത്ത ഓണത്തിനുവേണ്ടി അപ്പോഴും നമ്മെ ചിന്തിപ്പിക്കുന്നതിന് പഴമകാര്‍ നല്‍കുന്ന ഒരു പഴമൊഴി നമ്മെ നോക്കി ചിരിക്കുന്നു.
”ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കുമ്പിളില്‍ തന്നെ കഞ്ഞി.”