വൈകാരികതയുടെ നിശ്ശബ്ദ വിസ്ഫോടനങ്ങൾ

0
1080

Sheen Thankalayam
ശ്രവ്യ ദൃശ്യ മാധ്യമങ്ങളുടെ ചിന്താസരണികളെയും പ്രവർത്തനരീതികളെയും മാറ്റിമറിക്കുന്ന നവമാധ്യമങ്ങളുടെ നവീന രൂപഭാവങ്ങളെ ഒപ്പിയെടുക്കാൻ ജനസമൂഹം കച്ചകെട്ടി നിൽക്കുന്നു. പുസ്തകം വായിക്കാതെ പുസ്തക നിരൂപണവും സിനിമ കാണാതെ സിനിമയുടെ വിലയിരുത്തലും ഇന്ന് സർവ്വസാധാരണം. ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ സ്വന്തമായി ഫ്ലാറ്റ് ഉണ്ടായിരുന്ന പലരും ഇന്ന് അത് ഉപേക്ഷിച്ച് ഏകാന്ത തീരങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു… എഴുത്തും ചിത്രങ്ങളും ഇല്ലാത്ത, മനസമാധാനം ഉള്ള ഒരു പുതിയ ലോകത്തേക്ക്.

വിഷാദ രോഗികളുടെ എണ്ണത്തിലെ വർദ്ധനവിന്പിന്നിലെ മുഖ്യകാരണങ്ങളിലൊന്ന് ആൾക്കൂട്ടത്തിൽ തനിയെ വസിക്കേണ്ടിവരുന്ന സാങ്കല്പിക സങ്കേതങ്ങളാണ്. കിട്ടുന്ന പോസ്റ്റുകളുടെ അർത്ഥം പോലും നോക്കാതെ അറിയാതെ സുഹൃത്തുക്കളുടെ ചുവരിൽ പതിക്കുന്ന നവീന മരണ സംസ്കാരത്തിന്റെ ഇരകളായി ദിനംപ്രതി നിപതിക്കുന്നവർ അസംഖ്യമാണ്. എനിക്ക് തോന്നി, ഞാൻ പറഞ്ഞു… ഇതാണ് ഇന്നത്തെ രീതി അഥവാ ആയിക്കൊണ്ടിരിക്കുന്ന രീതി. സത്യാസത്യങ്ങളെ വിലയിരുത്താനോ കീറിമുറിച്ചു പരിശോധിക്കനോ ഇവിടെ ആർക്ക് സമയം. കള്ളങ്ങൾ പറഞ്ഞില്ലെങ്കിലും സത്യം പറയാതിരിക്കുന്ന പുതിയ ശൈലി നമ്മളെ ബൗദ്ധിക ക്യാൻസർ പോലെ ബാധിച്ചിരിക്കുന്നു.

വായിക്കുന്നതും കാണുന്നതും കേൾക്കുന്നതും ഒക്കെ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി വളച്ചൊടിക്കുന്ന ദുരന്ത ദൂതന്മാരായി നാം താരംതാണ് പോകുന്നു. കണ്ടിട്ടും കാണാത്ത, കേട്ടിട്ടും കേൾക്കാത്ത, മനസ്സാക്ഷി മരവിച്ച മര പ്രതിമപോലെ ചലനമറ്റു നിൽക്കുന്നു. ഈ തലമുറയുടെ ധർമ്മപുരാണത്തിന്റെ ഏടുകൾ എഴുതപ്പെടുന്നത് മുഖപുസ്തകത്തിന്റെ താളുകളിലാണ്, ധർമ്മവീര്യം പ്രകടിപ്പിക്കുന്നതാകട്ടെ ക്ലിക്കുകളിലൂടെയും. വായനയും ചിന്തയും കൂടിയാലോചനകളും അന്യം നിൽക്കുന്ന ഈ 4G ട്രെന്റ് നമ്മളെ എവിടെ കൊണ്ടെത്തിക്കും?

ഏകപക്ഷീയവും ചായ്വു നിറഞ്ഞതുമായ ചില ഓൺലൈൻ സൈറ്റുകളും മൊബൈൽ ആപ്പുകളും നമ്മളറിയതെതന്നെ നമ്മുടെ ആറാം സുവിശേഷമായി മാറുന്നു. മണ്ണിന്റെ മണമറിയാത്ത ഭൗമ – ജീവ ശാസ്ത്രജ്ഞന്മാരും, പത്രം വായിക്കാത്ത പത്രപ്രവർത്തകരും, കാറ്റും കോളും തിരിച്ചറിയാത്ത കാലാവസ്ഥാ നിരീക്ഷികരും, വിദ്യയുടെ മാഹാത്മ്യമറിയാത്ത അദ്ധ്യാപകരും ഒക്കെ നിറഞ്ഞ ഈ ലോകം അസ്ഥിത്വത്തപരമായ ഒരു അപായത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മടക്കയാത്രക്കുള്ള ഉൾവിളിയുണ്ടെങ്കിൽ അവഗണിക്കരുത്‌… കാതോർക്കുക. ബുദ്ധിമുട്ടാണെങ്കിൽ പിന്നാലെ വരിക!

LEAVE A REPLY

Please enter your comment!
Please enter your name here