Class – 6
നമ്മൾ എല്ലാവരും ക്യാമറയെ പറ്റി സംസാരിക്കുമ്പോൾ ഏറ്റവും അധികം ചോദിച്ചറിയുന്നത് “ആ ക്യാമറ എത്ര മെഗാപിക്‌സലാ” എന്നണ്, ശരിയല്ലേ! എന്താണ് പിക്ക്സൽ? ഓരോ ഫോട്ടോയും ഒരുപാടു സമചതുരങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. ഒരു ഫോട്ടോയെടുത്ത് ഫോട്ടോഷോപ്പിലോ മറ്റേതെങ്കിലും എഡിറ്റിംഗ് സോഫ്റ്റ് വെയറിലോ ഓപ്പൺചെയ്ത് സൂം ചെയ്ത് നോക്കിയാൽ നമുക്ക് ഒരുപാട് കള്ളികൾ കാണാം. ചിത്രം f നോക്കു. ഇതുപോലെയുള്ള സമചതുരക്കള്ളികൾ എല്ലാ ഫോട്ടോകളിലും ഉണ്ട്. ഇങ്ങനെയുള്ള ചതുരങ്ങളിൽ ഒന്നിനെയാണ് പിക്ക്സൽ എന്ന് വിളിക്കുന്നത്. അപ്പോൾ മെഗാപിക്‌സലോ? ഒരു മില്യൺ പിക്‌സലുകളെയാണ് ഒരു മെഗാപിക്‌സൽ എന്ന് വിളിക്കുന്നത്.
അതുപോലെ തന്നെയാണ് ക്യാമറയിലെ സെൻസർ. ഒരുപാട് സമചതുരങ്ങൾ ചേർന്നതാണ് ക്യാമറയുടെ സെൻസർ. സെൻസറിലെ പിക്ക്സലുകളുടെ എണ്ണം നോക്കിയാണ് ക്യാമറയുടെ പിക്‌സൽ നിർണയിക്കുന്നത്. അതുമാത്രമല്ല സെൻസറിന്റെ പ്രത്യേകത. എടുക്കുന്ന ഫോട്ടോകൾക്ക് കളർ ഉണ്ടാകുന്നതിനും സെൻസറിലെ ഈ കള്ളികളാണ് സഹായിക്കുന്നത്. സെൻസറിലെ ഈ കള്ളികൾ മൂന്ന് നിറങ്ങളെയാണ് ആഗിരണം ചെയ്യുന്നത്. ചുവപ്പ്, പച്ച, നീല എന്നിവയാണ് അവ. നമ്മൾ പഠിച്ചിട്ടുണ്ട് ഈ മൂന്ന് നിറങ്ങൾ കൊണ്ട് എല്ലാ നിറങ്ങളും ഉണ്ടാക്കാൻ കഴിയും എന്ന്. ചിത്രം g നിങ്ങളെ അത് ഓർമിപ്പിക്കും.
സെൻസറിൽ ഈ നിറങ്ങൾ എങ്ങിനെ ഒരുക്കിയിരിക്കുന്നു എന്ന് ഇനി നമുക്ക് നോക്കാം.
ഇമേജ് സെൻസറിൽ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ ഇടവിട്ടാണ് ഒരുക്കിയിരിക്കുന്നത്. ലെൻസിലൂടെ കടന്നുവരുന്ന നിറങ്ങളെ ഷട്ടർ അനുവദിച്ച സമയതിനനുസൃതമായി ആഗിരണം ചെയ്യുകയും അതിനെ പ്രൊസസ്സർ വഴി ഫോട്ടോ ഇമേജ് ആക്കി മാറ്റുകയും ചെയ്യുന്നു. ഇതുമൂലം നമുക്ക് വ്യക്തതയുള്ള കളർ ഫോട്ടോകൾ ലഭിക്കുന്നു.
Source: http://slrstudy.blogspot.com