ദൈവവിളി ഒരു തീർത്ഥാടനമാണ്. ബെത്‌ലഹെം സന്ദർശിച്ചിട്ട് യോർദ്ദാൻ, ജറുസലേം, യൂദയാ, സമരിയാചുറ്റി കാൽവരിയിൽ അവസാനിക്കുന്ന ഒരു സ്വപ്നയാത്ര. പിച്ചവച്ച് നടന്ന കുടുംബത്തിൽ നിന്നും ദൈവാലയത്തിലൂടെ, സമൂഹത്തിന്റെയും സെമിനാരിയുടെയും പാഠശാലയിലൂടെ സഞ്ചരിച്ച് ബലിപീഠത്തിൽ പൂർത്തിയാക്കുന്ന ഒരു യാഗയാത്ര. ”എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്” (സങ്കീ 105:15). ദൈവം നൽകുന്ന ഈ ആജ്ഞയാണ് പുരോഹിതരുടെ ഏക ബലവും സങ്കേതവും. വ്യക്തമായ കാഴ്ചപ്പാടും പക്വമായ തീരുമാനവുമാണ് ഒരു നല്ല ദൈവവിളിയുടെ അടിസ്ഥാനം. മദ്ബഹായുടെ പരിശുദ്ധമായ സ്വർഗീയ പശ്ചാത്തലത്തിൽ നിൽക്കുന്ന അൾത്താര ബാലന്റെ നിഷ്‌കങ്കമായ തീരുമാനത്തിൽ നിന്നും അവസാനതുള്ളി ചോരയും സ്‌നേഹിതനുവേണ്ടി ചൊരിഞ്ഞ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരാനുള്ള യാഗമൃഗത്തിന്റെ മൗനത്തിലേയ്ക്ക് വളരുന്നതാണ് പൗരോഹിത്യം.
ആർച്ചുബിഷപ്പ് ഫുൾട്ടൺ ഷീൻ തന്റെ പുസ്തകത്തിൽ പറയുന്ന ആശയം എത്രയോ ധന്യമാണ്. “The Priest is Not His Own.” ക്രിസ്തുവിന്റെ വിലാപ്പുറത്തുനിന്നും ഒഴുകിയ ജീവരക്തത്തിൽ ജീവൻ നിലനിർത്തുന്നവളാണ് സഭ. സമർപ്പിക്കപ്പെടുന്ന ബലിവസ്തുവിനെ ബലിയർപ്പിക്കുന്ന പഴയനിയമ ബലിയർപ്പകൻ ക്രിസ്തുവിന്റെ പൗരോഹിത്യത്തോടുകൂടെ സ്വയം ബലിവസ്തുവും ബലിയർപ്പകനുമായി. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യത്തിൽ പങ്കുചേരുന്ന ഓരോ വൈദികനും മറ്റൊരു ക്രിസ്തുമായി മാറുന്നു (അഹലേൃ ഇവൃശേൌ)െ. പുതിയ വീഞ്ഞ പഴകുമ്പോൾ മേൽത്തരമാകുന്നതുപോലെ ഒരു വൈദികൻ തന്റെ ജീവിതാനുഭവങ്ങളുടെ ആലയിൽ ശുദ്ധീകരിക്കപ്പെട്ട ”ക്രിസ്തുഭാവം സ്വാംശീകരിക്കുന്നു. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്” ക്രിസ്തു. ”കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി 2:7-8). ദരിദ്രരുടെ സ്‌നേഹിതനാണ് നമ്മുടെ ദൈവം. യജമാനനായിരിക്കെ ദാസനായി സ്വയം താഴ്ത്തി സ്വർഗം ചായിച്ചിറങ്ങിയ ദൈവപുത്രന്റെ മാതൃക മാത്രമാണ് വൈദികൻ അനുകരിക്കേണ്ടത്. അധികാര പൗരോഹിത്യത്തിന്റെ മേമ്പൊടി തട്ടിക്കളഞ്ഞ് ശുശ്രൂഷാ പൗരോഹിത്യം മനസ്സിൽ നിറയ്ക്കണം. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യവെളിച്ചം വി. കുർബാനയിലൂടെ മാനവരിൽ വ്യാപിക്കണം.
വി.കുർബാന തക്‌സായിലെ പ്രാർത്ഥനകൾ പൗരോഹിത്യത്തിന്റെ ഈ മഹനീയതയെ തുറന്നുകാട്ടുന്നുണ്ട്. ”രോമം കത്രിക്കുന്നവന്റെ മുമ്പിൽ ചെമ്മരിയാടെന്നപോലെ ക്രിസ്തു മൗനം പാലിച്ചു. താഴ്മ നിമിത്തം അവൻ വായ് തുറന്നില്ല.” പുരോഹിതൻ വികാരങ്ങൾക്കടിമപ്പെടേണ്ടവനല്ല. പ്രകോപനങ്ങളിൽ വീണുപോകാനും പാടില്ല. ഒരു വൈദികന്റെ താഴ്മയും മൗനവും ദൈവസ്വരം കേൾക്കാനുള്ള കാത്തിരിപ്പാണ്. വൈദികൻ മദ്ധ്യസ്ഥനാണ്; ദൈവത്തിനും മനുഷ്യനും മദ്ധ്യേ നിൽക്കുന്ന ദൈവമനുഷ്യൻ. ക്രിസ്തുവിന്റെ ഭൂമിയിലെ ”അംബാസിഡർ മാരാണ് പുരോഹിതർ. വി.കുർബാനയ്ക്ക് വൈദികൻ കാപ്പ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ്; ”നിന്റെ പുരോഹിതന്മാരെ രക്ഷയും നിന്റെ നീതിമാന്മാരെ മഹത്വവും ധരിപ്പിക്കേണമേ” (സങ്കീ132:16). പുരോഹിതന്റെ രക്ഷയും മഹത്വവും ദൈവം മാത്രമാണ്. ഇത് ഒരു വലിയ പൗരോഹിത്യ ചിന്തയാണ്. പുരോഹിതൻ തന്റെ മനസ്സും മസ്തിഷ്‌കവും ക്രിസ്തുവിന് വേണ്ടി തുറന്നുകൊടുക്കുമ്പോൾ അതിന്റെ ശൂന്യത പരിശുദ്ധാത്മാവ് പരിഹരിക്കുന്നു. നാൽപത് ദിവസത്തെ ക്രിസ്തുവിന്റെ ധ്യാനവും ഒരുക്കവും ശൂന്യതയുടെയും നിശബ്ദതയുടെയും അകമ്പടിയോടുകൂടിയാണ് നടന്നതെങ്കിൽ പരസ്യജീവിതം സംഭവബഹുലവും ആരവം നിറഞ്ഞതുമായിരുന്നു. വൈദിക ജീവിതവും ഇതിന് സമാനമാണ്. സക്രാരി മുന്നിൽ അടർന്ന് വീഴുന്ന കണ്ണുനീരാണ് വൈദികനെ ശുദ്ധീകരിക്കുന്നത്. ചിരിക്കുന്ന മുഖത്തിന് പിന്നിലെ ചിന്തിക്കുന്ന ഹൃദയവും കർമ്മോത്സുകതയ്ക്ക് പിന്നിലെ പൊട്ടിയ മുട്ടുകളും ഒക്കെ പൗരോഹിത്യ സാക്ഷ്യങ്ങളാണ്.
”വിശുദ്ധ സഭയിൽ സത്യത്തിന്റെ ചെടിയായി നട്ട് വളർത്തപ്പെടുന്നത് മുതൽ” ആരംഭിക്കുന്ന ഭൗമികജീവിതം കർത്താവിന്റെ സ്വരം തിരിച്ചറിഞ്ഞുകൊണ്ടുള്ള ജീവിതമാണ്. മാതാപിതാക്കളുടെ വിശ്വാസം, സഹോദരങ്ങളുടെ പ്രോത്സാഹനം, കുടുംബപ്രാർത്ഥന, കുടുംബഐക്യം, സുകൃദ ജീവിതം എന്നിവയൊക്കെ ദൈവവിളിക്ക് കാരണങ്ങളാകാം. ഒരു വ്യക്തിയുടെ ആദ്യ ആത്മീയ കളരി കുടുംബമാണ്. ”പരിശുദ്ധ മദ്ബഹായിലേക്കുള്ള കുസുമങ്ങൾ ശേഖരിക്കാനുള്ള തോട്ടങ്ങൾ യഥാർത്ഥ കത്തോലിക്കാ കുടുംബങ്ങളാണ്” (പതിനൊന്നാം പീയൂസ് പാപ്പ). ഒരു പക്ഷേ ഇടവക വികാരി അച്ചനാകാം ഒരു ബാലനിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്. അനുദിന വി. കുർബാന, വി. കുമ്പസാരം, കുർബാനയുടെ ആരാധന, അനുദിന പ്രാർത്ഥന, വൈദികരുടെ മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയോടുള്ള ഭക്തി, ഇടവകയിലെ ആദ്ധ്യാത്മിക മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ, നല്ല പുസ്തകങ്ങളുടെ വായന, ആത്മീയ ഉപദേശങ്ങൾ, സജ്ജനസംസർഗം, ദൈവവിളി ലഭിച്ചവരുടെ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം ദൈവവിളിയിലേയ്ക്ക് നമ്മെ അടിപ്പിക്കുന്ന മുഖ്യ ഘടകങ്ങളാണ്. കുടുംബ-മനുഷ്യ-സമൂഹ ബന്ധം ഒരു വ്യക്തിയെ കൂടുതൽ പക്വതയോടുകൂടി ദൈവവിളിയെ സമീപിക്കാൻ പ്രാപ്തനാക്കും.
വൈദികൻ…..
”ലോകത്തിൽ ലോകത്തിന്റേതല്ലാതെ
ഒരു കുടുംബത്തിന്റേതുമല്ലാതെ എല്ലാ കുടുംബത്തിനും വേണ്ടി
സകല സഹനവും ഏറ്റുവാങ്ങി
സ്വയം മുറിഞ്ഞ് മുറിവുണക്കുന്നവൻ
ദൈവം തിരഞ്ഞെടുത്ത ദൈവാനുഭവ സ്രോതസ്സ്
ദൈവവചനത്തിന്റെ അദ്ധ്യാപകൻ
ദൈവജനത്തിന്റെ ഇടയൻ
ദൈവത്തിന്റെ പ്രതിപുരുഷൻ
ബലിയർപ്പണത്തിനായി അഭിഷിക്തൻ
ജനത്തിന്റെ മോചന ദ്രവ്യം
പ്രാർത്ഥനയുടെ മനുഷ്യൻ
അനീതിക്കെതിരെ മുഴങ്ങുന്ന പ്രവാചക ശബ്ദം
സത്യത്തിന്റെ ശംഖൊലി
വിശുദ്ധിയുടെ നിറകുടം
സ്‌നേഹത്തിന്റെ ഗായകം
വിശ്വാസത്തിന്റെ കോട്ട
ക്രിസ്തുവിന്റെ ധീര പടയാളി…..”
വൈദികനെ കുറിച്ചുള്ള വിശേഷങ്ങൾ ഇങ്ങനെ പോകുന്നു.
അലംഘനീയമായിരിക്കേണ്ട ദൈവീക ഗുണങ്ങളിൽ ചിലതെങ്കിലും ലംഘിക്കപ്പെടുന്നതായി വൈദികർക്കെതിരെ ചിലർ പരാതി പറയുന്നുണ്ട്.
വൈദികൻ ചെറുപ്പക്കാരനാണെങ്കിൽ അപക്വമതിയും ‘ചുള്ളൻ’ പയ്യനുമാണ്; പ്രായമായ വൈദികനാണെങ്കിൽ ഇനി Clergy Home-ൽ വിശ്രമിക്കുന്നതാണ് നല്ലത്. ‘ഫെയ്‌സ്ബുക്കിൽ’ അംഗമായാൽ ”അച്ചന്മാർക്ക് ഇതൊക്കെവേണോ’ എന്ന പരാതി; അല്ലെങ്കിൽ അച്ചൻ ‘അപ്‌ഡേറ്റ്ഡ്’ അല്ല എന്ന പരിഭവം. ‘ഈ അച്ചനെക്കാൾ മെച്ചമായ എത്രയോ മനുഷ്യരുണ്ട് എന്ന ഡയലോഗ് അച്ചന്റെ മരണശേഷം ‘നികത്താനാകാത്ത വിടവ്’ ആയി മാറുന്നു. ഈ വിധമുള്ള കമന്റുകൾ പുഞ്ചിരിയോടെ നേരിടാനും എല്ലാവരോടും ക്ഷമിച്ച് അവരെ സ്‌നേഹിക്കുവാനും ഒരു നല്ല വൈദികനു കഴിയും.
നിഷ്പാദുകരായി നടന്ന് വീടുവീടാന്തരം കയറിയിറങ്ങി വചനം പങ്കുവച്ച വല്യച്ചന്മാരുടെ വചനജീവിത തീക്ഷ്ണത ”3ജി അച്ചന്മാർക്ക് ഇല്ല” എന്നതാണ് മുഖ്യമായ ഒരു പരാതി. പരാതികൾക്കൊപ്പം കാലത്തിന്റെ മാറ്റവും സാംസ്‌കാരിക പരിണാമങ്ങളും നാം ചേർത്തുവായിക്കണം. കൂട്ടുകുടുംബത്തിന്റെ സ്‌നേഹോഷ്മളതയിൽ പൊട്ടിവിടർന്ന ദൈവവിളികളും, ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ തുരുത്തുകളിൽ നിന്നും വരുന്ന ദൈവവിളികളും തീർച്ചയായും ഒരുപോലെ ആകില്ല. പൗരോഹിത്യ വിമർശനം ചിലർക്ക് ഒരു കലാപരിപാടി പോലെയാണ്. ”വിളി”യ്ക്കു ഏല്‌ക്കേണ്ടിവരുന്ന ”വെല്ലുവിളികൾ” വലുതാണെങ്കിലും വൈദികർക്ക് വേണ്ടി വിശ്വാസികൾ പൊഴിക്കുന്ന പ്രാർത്ഥനയുടെ അശ്രുബിന്ധുക്കൾ വൈദികർക്ക് ആത്മധൈര്യം നല്കുന്നു. തിരിച്ചറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്ന പൗരോഹിത്യ നന്മകൾ എല്ലാവരുടെയും നന്മയ്ക്കായി ദൈവമുമ്പിൽ നിരന്തരം പ്രാർത്ഥനയായി ഉയരുന്നു.
ഉള്ളതിൽ നിന്നും കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം ഉള്ളം കൊടുക്കുന്നതാണ്. ആറ്റുനോറ്റതും ഓമനിച്ചതും ദൈവത്തിന് സമർപ്പിക്കുമ്പോൾ പൗരോഹിത്യം പതിന്മടങ്ങ് ശോഭയോടെ വിളങ്ങും. രണ്ടായിരം വർഷങ്ങൾക്കിപ്പുറം തിരുസഭ പുരോഹിതരിലൂടെ ക്രിസ്തുവിനെ അനുഭവിക്കുന്നു. തിരുസഭയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലൂടെ പിതാവിന്റെ നിരന്തര പ്രീതിയ്ക്ക് പാത്രമായി ജീവിക്കാം. സ്വർഗീയ തീർത്ഥയാത്രയിലെ പഥികരായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പിന്നിൽ നമുക്ക് അണിചേരാം.