എന്റെ കഥ ആരോടെങ്കിലും ഒന്നും പറയണമെന്നാഗ്രഹം തുടങ്ങിയിട്ട് കാലം കുറെയായി. ആത്മകഥയാകുമ്പോള്‍ ആരെയും ഭയക്കാതെ പല സത്യങ്ങളും വിളിച്ചു പറയാമല്ലോ- പക്ഷേ, സത്യത്തെ നഗ്നമാക്കിയാല്‍ അവര്‍ക്കതിഷ്ടപ്പെടുമോ? അവരുടെ മുഖം മൂടികള്‍ തെറിക്കപ്പെടുമെന്നതിനാല്‍ അവരെന്നെ വെറുത്തേക്കാം. അല്ല! ഒരുപിടി ചാരമായി മാറിയ(മാറ്റപ്പെട്ട) എനിക്കിനി എന്തു സംഭവിക്കാന്‍. എന്തായാലും ഞാനില്ലാത്ത ജീവിതം അവര്‍ക്ക് ദുഷ്‌ക്കരമായിരിക്കും.
ഒരു ശരത്ക്കാല സൂര്യോദയ സമയത്താണ് എന്റെ അമ്മയുടെ കൈകളില്‍ നിന്നും ഞാന്‍ താഴെവീണത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതനായി ഉറങ്ങിക്കിടന്ന എന്നെ കാറ്റിന്റെ അസൂയയാണ് നിലം പതിപ്പിച്ചത്. അങ്ങനെ ഭൂമീദേവിയെ ഞാനെന്റെ പോറ്റമ്മയായ് സ്വീകരിച്ചു. അവളുടെ മാറില്‍ നിന്നും ഞാന്‍ യഥേഷ്ടം പാല്‍ നുകര്‍ന്നു. മുകളില്‍, പടര്‍ന്നു പന്തലിച്ചു നിന്നെന്റെയമ്മ എനിക്കു തണലേകി. വഴിയാത്രക്കാരായ കാറ്റും മഴയുമൊക്കെ ഒത്തിരി സമ്മാനങ്ങള്‍ തന്നു. ഞാന്‍ തഴച്ചു വളര്‍ന്നു.
ആടിയും പാടിയും ബാല്യകാലം പിന്നിട്ട ഞാന്‍ കൗമാര സ്വപനങ്ങള്‍ കണ്ടുതുടങ്ങി. എന്റെ കാമുകിമാര്‍ പ്രേമാഭ്യര്‍ത്ഥനയുമായ് ശലഭങ്ങളെ എന്റെ അടുക്കലേക്കയച്ചു. വാര്‍ദ്ധക്യം ബാധിച്ച എന്റെ അമ്മയുടെ തോളൊപ്പമെത്തി ഞാനും. വല്ലപ്പോഴുംമെങ്കിലും തണലേകികൊണ്ട് അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ എനിക്കു കഴിഞ്ഞു.
ഞാന്‍ കച്ചേരികള്‍ സംഘടിപ്പിച്ചു. സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി. കുയിലുകള്‍ എന്റെ തോളത്തിരുന്ന് സംഗീതമാലപിച്ചു. മനുഷ്യര്‍ എന്റെ ചുവട്ടിലിരുന്ന് ലോകവിജ്ഞാനം പങ്കുവെച്ചു. പഥികരുടെ മിച്ചഭക്ഷണം എനിക്ക് ഓണസദ്യകളായി. എന്നാല്‍, അവരുപേക്ഷിച്ച പ്ലാസ്റ്റിക് കവറുകള്‍ എന്നെ ശ്വാസം മുട്ടിച്ചു. പ്രതികരിക്കണമെന്ന് എനിക്കു തോന്നി. മുഷ്ടിചുരുട്ടി വായുവിലൊന്നു പ്രഹരിക്കാന്‍ മാത്രമെ എനിക്കു സാധിച്ചുള്ളൂ.
ഒരിക്കല്‍ നഗത്തിലെ പള്ളിയില്‍ നിന്നും വന്നവര്‍ എന്നില്‍ നിന്നും ഒരു കുമ്പസാരക്കൂടും കുരിശുമുണ്ടാക്കാന്‍ ആഗ്രഹിച്ചു. എന്റെ തടിച്ച് ഉരുണ്ട ഒരു കൈ സന്തോഷത്തോടെ ഞാന്‍ നല്‍കി. പോളിഷ് ചെയ്യപ്പെട്ട് രൂപാന്തരം പ്രാപിച്ച ഞാന്‍ കുമ്പസാരക്കൂടും കുരിശുമായി മാറി. ‘വിശുദ്ധ പാപി’കളുടെ പാപങ്ങള്‍ എന്റെ കാതടപ്പിച്ചു. അവഹേളനത്താല്‍ ഞാന്‍ മാനം കെട്ടു. മറ്റൊരിക്കല്‍ ഞാനൊരു യോഗിയുടെ കൊരണ്ടിയായ് മാറി. ഭോഷത്തരങ്ങളും, ലജ്ജാവഹങ്ങളായ കാഴ്ചകളും കണ്ട് ഞാന്‍ തകര്‍ന്നുപോയി. പിന്നീടൊരിക്കല്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്നാരംഭിച്ച പുതിയ വായനശാലയിലെ ബഞ്ചായി ഞാന്‍ മാറി. അറിവിന്റെ കാര്യത്തില്‍ ശിശുക്കളായിരുന്നുവെങ്കിലും നിഷ്‌ക്കളങ്കത നിറഞ്ഞ അവരുടെ ചര്‍ച്ചകളെന്നെ സന്തോഷിപ്പിച്ചു.
യുവത്വം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചു. കലയിലെന്നപോലെ കായികമേഖലയിലും ഞാനെന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. എന്റെ തള്ളവിരല്‍ മുറിച്ചുണ്ടാക്കിയ ബാറ്റ്, എത്ര സിക്‌സറുകളാണ് പായിച്ചിട്ടുള്ളത്. ഹാട്രിക്കുകള്‍ എനിക്കൊരു ഹരമായിരുന്നു. മൈതാനങ്ങളില്‍ ഞാന്‍ മിന്നിത്തിളങ്ങി ഇപ്പോള്‍, ഏതാണ്ട് നിര്‍ജ്ജീവമായ ക്ലബ്ബ് റൂമിന്റെ ഏതെങ്കിലും ഒരൊഴിഞ്ഞ കോണില്‍ വിശ്രമിക്കുന്നുണ്ടാകാം എന്റെ സുവര്‍ണ്ണ ദിനകള്‍.
അഴുക്കുചാല്‍ നിറഞ്ഞ് ഒഴുകിയ മാലിന്യ വെള്ളത്തില്‍ കാലൂന്നി നില്‍ക്കുന്ന മൃതപ്രായനായ മുറുക്കാന്‍ കട ചക്രശ്വാസം വലിക്കുന്നു. ക്ഷീണം കൊണ്ട് താണുപോയ തലയ്ക്കു താങ്ങായി നില്‍ക്കുന്ന ഏക ആശ്രയം എന്റെ കയ്യാണെന്നതില്‍ എനിക്കഭിമാനമുണ്ട്. എങ്കിലുമെന്റെ നടുവൊടിയാറായി. കാലമൊത്തിരിയായില്ലെ ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്.
കാലത്തിനൊപ്പമോടിയ ഞാന്‍ കിതച്ചു. നരബാധിച്ച എന്റെ ശരീരത്തില്‍ നിന്നും ഇലകള്‍ കൊഴിയന്‍ തുടങ്ങി. എന്റെ കൈകള്‍ ഉണങ്ങി. ആഞ്ഞടിച്ച കാറ്റില്‍ ഒരു ദിവസം ഞാനും കടപുഴകി വീണു. എന്റെ വളര്‍ച്ചയ്ക്ക് സഹായമായവര്‍തന്നെ എന്റെ മരണത്തിനും ആക്കം കൂട്ടി. മറിഞ്ഞുവീണെങ്കിലും എന്റെ ഹൃദയമിടിപ്പ് തുടര്‍ന്നു; എന്നാലത് ദിനം പ്രതി നേര്‍ത്തു വന്നു.
ഓണത്തിന്, എന്റെയരികിലായാണ് അത്തപ്പൂവിട്ടത്. അവരുടെ സന്തോഷം എന്റെയും സന്തോഷമായി. ആദ്യമായാണ് ഇത്രയുമടുത്ത് നിന്ന് ഞാന്‍ അത്തം കാണുന്നത്; അവരുടെ സന്തോഷമനുഭവിക്കുന്നത്. എന്റെ മരണത്തിന് ആക്കം കൂട്ടിയത് ഇറച്ചിവെട്ടുകാരാണ്. അവര്‍ മൂന്നുപേര്‍ ചേര്‍ന്ന് എന്നെ മൂന്നായി മുറിച്ചെടുത്തു. മൃഗങ്ങളുടെ ചോര കൊണ്ടെന്നയവര്‍ കുളിപ്പിച്ചു. വെട്ടുകത്തികള്‍ കൊണ്ട് എന്നെ നിരന്തരം വെട്ടിപ്പരുേക്കല്‍പ്പിച്ചു. ഞാനിഷ്ടപ്പെടാതിരുന്നിട്ടും സസ്യഭുക്കായ എന്റെ ശരീരത്തില്‍ മാംസക്കഷണങ്ങള്‍ തുളച്ചുകയറി. എനിക്കൊന്നു ഛര്‍ദിക്കണമെന്നു തോന്നി. എന്നാല്‍ കഴിഞ്ഞില്ല. എന്തൊരു ജീവിതമാണിത്. സ്വതന്ത്ര്യമായി കാറ്റിലാടി വിലസിയിരുന്ന എനിക്ക് സ്വതന്ത്ര്യമില്ലെന്ന പച്ചപ്പരമാര്‍ത്ഥം ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. ആരോടു പറയാന്‍. ചലിക്കുന്നവനും ചലിക്കാത്തവനും സ്വാതന്ത്ര്യമെന്നും ഒരു മരീചികയാണ്! അല്ലേ!?
സുപ്രഭാതകീര്‍ത്തനങ്ങളാലെ ദിനവും എന്നെ വിളിച്ചുണര്‍ത്തിയിരുന്ന അമ്പലത്തിലെ ഉത്സവം പതിവുപോലെ സര്‍വ്വാഢംബരങ്ങളോടും കൂടി നടത്താന്‍ തീരുമാനിച്ചു. ഉത്സവ വിരാമം പൊങ്കാലയോടു കൂടിയായിരുന്നു. പൊങ്കാലയ്ക്ക് വിറകിനായി അവര്‍ തെരഞ്ഞു പിടിച്ചത് എന്റെ ഹൃദയമായിരുന്നു. അങ്ങനെ ഈ ഭൂമുഖത്ത് അവശേഷിച്ചിരുന്ന എന്നെ നൂറുകണക്കിന് കഷണങ്ങളാക്കി വെട്ടിക്കീറി. ആചാരങ്ങളെന്ത്യമായിക്കൊള്ളട്ടെ; സത്യമോ? മിഥ്യയോ? പൊങ്കാലഭക്ഷിക്കാന്‍ വരുന്ന ‘കാലിവയറു’കളെയോര്‍ത്തപ്പോള്‍ ജീവിതത്തിനൊരര്‍ത്ഥം കിട്ടിയതുപോലെ തോന്നി.
മരണമെന്നെ മടുപ്പിച്ചില്ല. ചാരക്കൂമ്പാരം എന്നില്‍ പ്രതീക്ഷയുടെ കണികകള്‍ അവശേഷിപ്പിച്ചു. ഞാനാകുന്ന ചാരം ഇനിയും ജീവിക്കും; തലമുറകളിലൂടെ. അകലങ്ങളിലേയ്ക്ക് കണ്ണുംനട്ട് ഞാന്‍ കാത്തിരിക്കുന്നു, ഒരു പുനര്‍ജനിക്കായി…