സലിം അലി

0
4693

Arya A J


പക്ഷി നിരീക്ഷണ മേഖലയില്‍ പ്രതിഭ തെളിയിച്ച് ലോക ശ്രദ്ധയാര്‍ജ്ജിച്ച ഭാരതീയനാണ് സലിം അലി. ‘ഇന്ത്യയുടെ പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അലി, ഒരു തികഞ്ഞ പരിസ്ഥിതിവാദിയും കറയറ്റ പ്രകൃതി സ്‌നേഹിയുമായിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
1896 നവംബര്‍ 12ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡന്‍സിയിലാണ് സലിം മുഇസുദ്ദീന്‍ അബ്ദുള്‍ അലി ജനിച്ചത്. മുഇസുദ്ദീന്‍ സീനത്ഉന്‍നിസ്സ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു അലി. അദ്ദേഹത്തിന്റെ ഒന്നാം വയസ്സില്‍ പിതാവ് മരിച്ചു; മൂന്നാം വയസ്സില്‍ മാതാവും. മാതാപിതാക്കളുടെ മരണശേഷം, മാതൃസഹോദരനായ അമീറുദ്ദീന്‍ ത്യാബ്ജിയാണ് അലിയേയും സഹോദരങ്ങളെയും വളര്‍ത്തിയത്. പ്രഗല്ഭനായ ഒരു വേട്ടക്കാരനും പ്രകൃതി സ്‌നേഹിയുമായിരുന്നു വളര്‍ത്തച്ഛനായ അമിറുദ്ദീന്‍. ചെറുപ്പം മുതല്‍ക്കു തന്നെ വേട്ടയില്‍ താത്പര്യം പ്രകടിപ്പിച്ച അലിയ്ക്ക്, അമിറുദ്ദീന്‍ വേണ്ടത്ര പിന്തുണ നല്‍കി. അദ്ദേഹത്തിന്റെ പ്രോത്സാഹനത്താല്‍ നിരവധി പ്രാദേശിക ഷൂട്ടിങ് മത്സരങ്ങളില്‍ അലി പങ്കെടുക്കുകയും ചെയ്തു.
സലീം അലിയുടെ അമ്മാവന്‍ അബ്ബാസ് ത്യാബ്ജി, അദ്ദേഹത്തെ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ അന്നത്തെ സെക്രട്ടറിയായിരുന്ന ഡബ്ല്യൂ. എസ്. മില്ലാര്‍ഡിനെ പരിചയപ്പെടുത്തിയത് അലിയുടെ ജീവിതത്തെ മാറ്റിമറിച്ചു. തന്റെ കളിത്തോക്കുപയോഗിച്ച് അലി വെടിവെച്ചു വീഴ്ത്തിയ ഒരു കുരുവിയെ കാണുന്നതില്‍ നിന്നാണ് മില്ലര്‍ഡുമായുള്ള അലിയുടെ ബന്ധം ശക്തിപ്പെടുന്നത്. വെടിയേറ്റു വീണത് കഴുത്തില്‍ മഞ്ഞ നിറമുള്ള ഒരു പ്രത്യേകയിനം കുരുവിയാണെന്ന് മനസ്സിലാക്കിയ മില്ലാര്‍ഡ് അലിയ്ക്ക് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ സ്റ്റഫ് ചെയ്ത പക്ഷികളുടെ ശേഖരം കാണിച്ചു കൊടുത്തു. സലിം അലി എന്ന 10 വയസ്സുകാരനെ പക്ഷികളുടെ ലോകത്തിലേയ്ക്ക് പറിച്ചു നട്ടതിന് ഈ അനുഭവം വളരെ വലിയ പങ്ക് വഹിക്കുന്നു. പക്ഷി നിരീക്ഷണത്തെ കുറിച്ചുള്ള ഗൗരവ പഠനത്തിലേയ്ക്കുള്ള അലിയുടെ ആദ്യ കാല്‍വെയ്പ്പായിരുന്നു ആ കാഴ്ചകള്‍.
സെനാന ബൈബിള്‍ ആന്‍ഡ് മെഡിക്കല്‍ മിഷന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ തന്റെ രണ്ട് സഹോദരിമാരോടൊപ്പം പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ അലി, തുടര്‍പഠനത്തിനായി ബോംബെയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ചേര്‍ന്നു. എന്നാല്‍, പല കാരണങ്ങളാലും അദ്ദേഹത്തിന് കോളേജ് പഠനം ആദ്യ വര്‍ഷം തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്ന് ബര്‍മ്മയിലെ ടവോയിലേക്ക് യാത്ര തിരിച്ചു. അവിടത്തെ വനങ്ങളിലെ അനുഭവങ്ങള്‍ അലിയുടെ പക്ഷി നിരീക്ഷണ പാടവം ബലപ്പെടുത്താന്‍ സഹയകമായി.
1917ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അലി, പഠനം പൂര്‍ത്തീകരിച്ച് സുവോളജിയില്‍ ബിരുദം നേടി. അടുത്ത വര്‍ഷം, തന്റെ ഒരകന്ന ബന്ധു കൂടിയായിരുന്ന തെഹ്മിനയെ വിവാഹം ചെയ്തു. ജീവിതത്തിലും തൊഴിലിലുമുടനീളം ഒരു ഉത്തമ പങ്കാളിയായിരുന്നു തെഹ്മിന. 1939ല്‍ ഒരു ശസ്ത്രക്രിയയ്ക്കിടെ അവര്‍ മരിച്ചത് അലിയെ ഏറെ തളര്‍ത്തുകയുണ്ടായി.
ബിരുദ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഒരു തൊഴില്‍ നേടുക അലിയ്ക്ക് ശ്രമകരമായിരുന്നു. പ്രയത്‌നങ്ങള്‍ക്കൊടുവില്‍ 1926ല്‍ അദ്ദേഹം പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയത്തിലെ പ്രകൃതി ചരിത്ര വിഭാഗത്തില്‍ ഗൈഡ് അധ്യാപകനായി സേവനം അനുഷ്ഠിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ പോയ അലി, ബര്‍ഹാര്‍ഡ് റെഞ്ച്ഷ്, ഓസ്‌കര്‍ ഹീന്റോത്, ചെമ്പകരാമന്‍പിള്ള തുടങ്ങി അനേകം പ്രശസ്ത പക്ഷി നിരീക്ഷകരെ കണ്ടുമുട്ടി. ശേഷം ഇന്ത്യയില്‍ മടങ്ങി വന്ന അദ്ദേഹം നാട്ടുരാജ്യങ്ങളായിരുന്ന ഹൈദരാബാദ്, കൊച്ചി, തിരുവിതാംകൂര്‍, ഭോപാല്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ക്രമാനുസൃതമായ രീതിയില്‍ പക്ഷി നിരീക്ഷണ സര്‍വേകള്‍ നടത്തി. ഇന്ത്യയില്‍ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഈ സര്‍വേകള്‍ അലിയെ പ്രശസ്തിയുടെ പടവുകളിലേയ്ക്കുയര്‍ത്തുകയും ചെയ്തു. ‘ഇന്ത്യയുടെ പക്ഷി മനുഷ്യന്‍’ എന്ന വിശേഷണവും അദ്ദേഹത്തിന് ചാര്‍ത്തപ്പെട്ടു. 1930ല്‍ പ്രസിദ്ധീകൃതമായ തുന്നാരന്‍ പക്ഷിയെക്കുറിച്ചുള്ള അലിയുടെ ഗവേഷണപഠനങ്ങള്‍ ഈ പ്രസിദ്ധിയ്ക്ക് മാറ്റു കൂട്ടുകയുണ്ടായി.
പക്ഷി നിരീക്ഷണത്തെ കുറിച്ചുള്ള അലിയുടെ രചനകള്‍ അനുഭവജ്ഞാനത്തിന്റെ വേറിട്ട വശങ്ങള്‍ കാഴ്ചവയ്ക്കുന്നവയാണ്. ‘ദ ബുക്‌സ് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്’, ‘പിക്ടോറിയല്‍ ഗൈഡ് ടു ദ ബേഡ്‌സ് ഓഫ് ഇന്ത്യന്‍ സബ് കോണ്ടിനന്റ്’, ‘ഹാന്റ് ബുക്ക് ഓഫ് ദ ബേഡ്‌സ് ഓഫ് ഇന്ത്യ ആന്റ് പാക്കിസ്ഥാന്‍’ എന്നീ ഗ്രന്ഥങ്ങളും ആത്മകഥയായ ‘ദ ഫാള്‍ ഓഫ് എ സ്പാരോ’യുമെല്ലാം സലിം അലി എന്ന പ്രകൃതി സ്‌നേഹിയുടെ ജീവിതം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി. പക്ഷി നിരീക്ഷണ മേഖലയില്‍ അലിയോട് താരതമ്യം ചെയ്യാന്‍ മറ്റൊരു ഇന്ത്യക്കാരന്‍ ഇല്ല എന്നു തന്നെ പറയാം. അദ്ദേഹം നല്‍കിയ സംഭാവനകളോടുള്ള ബഹുമാനാര്‍ത്ഥം ഇന്ത്യാ ഗവണ്‍മെന്റ് 1958ല്‍ ‘പത്മഭൂഷണും’ 1976ല്‍ ‘പത്മവിഭൂഷണും’ നല്‍കി അലിയെ ആദരിച്ചു.
ലോകത്തെ വിസ്മയിപ്പിച്ച ഈ ‘പക്ഷി മനുഷ്യന്‍’ 1987 ജൂണ്‍ 20ന്, തന്റെ 90ാം വയസ്സില്‍ അര്‍ബുദത്തെത്തുടര്‍ന്ന് ഈ ഭൂമിയില്‍ നിന്ന് പറന്നകന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, എല്ലാ വര്‍ഷവും നവംബര്‍ 12 ‘ദേശീയപക്ഷി നിരീക്ഷണ ദിനം’ ആയി ഇന്ത്യയില്‍ ആചരിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here