കിണറ്റിൻകരയിലെ സുവിശേഷം

0
1562

Sheen Palakkuzhy
എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം ഡ്രൈവർ ഔസേപ്പേട്ടൻ തെല്ലു ദേഷ്യത്തിൽ ഇങ്ങനെ പറഞ്ഞു തുടങ്ങി:
“എന്റച്ചോ, പിള്ളേർക്കു കളിക്കാൻ കോർട്ടുണ്ടാക്കുന്നതൊക്കെ നല്ലതാ. പക്ഷെ ഈ മുറ്റം മുഴ്വൻ നിങ്ങളു സിമന്റിട്ടു നെറച്ചാ, ഒരു തുള്ളി മഴോള്ളം ഈ മണ്ണീ താഴത്തില്ല. ഒരിക്കലും വറ്റത്തില്ലാന്നു പറഞ്ഞ ഈ കെണറും വറ്റീല്ലേ? കാരണം അതന്നെ! ഒരു സംശയോം വേണ്ട!”
“എന്റെ പൊന്നൗസേപ്പേട്ടാ… അതൊന്ന്വല്ല കാരണം! ഇത്തവണ മഴ കുറവല്ലാരുന്നോ!തുള്ളിക്കൊരു കൊടം പെയ്യണ്ട കാലവർഷം ഇത്തവണ എവിടാരുന്നു?” മർമ്മത്തിൽ കുത്തിയ ഔസേപ്പേട്ടനെ അങ്ങനെ വിടാൻ ഞാനും ഒരുക്കമല്ലായിരുന്നു.

ആറുമാസം മുമ്പാണ്. നസ്രത്ത് ഹോം സ്കൂൾ മുറ്റത്തെ വറ്റിപ്പോയ വലിയൊരു കിണറ്റിൻ കരയിലായിരുന്നു ചൂടുപിടിച്ച ആ ചർച്ച. മുൻ വർഷം ജൂലൈ മാസത്തിൽ നിറഞ്ഞു കിടന്ന കിണറ്റിൽ പിറ്റേത്തവണ ഒരു തുള്ളി വെള്ളമില്ല. സ്കൂൾ ആവശ്യത്തിനു വെള്ളവുമായി നെയ്യാറ്റിൽ നിന്നു ടാങ്കറുകൾ വന്നു പൊയ്ക്കൊണ്ടിരിക്കുന്നു; കീശ കാലിയായിക്കൊണ്ടുമിരിക്കുന്നു!

രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പ് വരൾച്ച തീ പോലെ കത്തിയെരിഞ്ഞൊരു വേനൽക്കാലത്താണ് രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്കൂളിൽ ഒരു കിണറു കുത്താൻ രക്ഷാകർതൃ സമിതി തീരുമാനിച്ചത്.

എല്ലാം പെട്ടെന്നായിരുന്നു. സ്കൂളങ്കണത്തിന്റെ വടക്കു പടിഞ്ഞാറേ അറ്റത്ത് സ്ഥാനം കണ്ടു. അജിയെന്നു പേരുള്ള ഒരാൾ പണിയേറ്റെടുത്തു. പത്തടി വ്യാസമുള്ള ഒരു കിണർ. അൻപതടി ആഴം. അതായിരുന്നു ലക്ഷ്യം. പകുതി ദൂരമെത്തിയപ്പോൾത്തന്നെ ഭൂമീദേവിയുടെ മാറു ചുരന്നു. ഇഷ്ടം പോലെ നല്ല ശുദ്ധമായ വെള്ളം. എങ്കിലും പണി നിർത്തിയില്ല. അൻപതടി നീളത്തിൽ കുത്തനെയൊരു തുരങ്കം പോലെ കിണറിന്റെ പണിതീർന്നു. ഒരിക്കലും വറ്റാനിടയില്ലാത്ത പോലെ ഊർന്നു നിറഞ്ഞ ജലസമൃദ്ധിയിൽ എല്ലാവരുടെയും മനസ്സു തണുത്തു. ഇനിയൊരിക്കലും മടങ്ങി വരരുതെന്ന താക്കീതനുസരിച്ച് കുടിവെള്ള ടാങ്കറുകൾ പടികടന്നു പോയി. ടാപ്പുകളിൽ ക്ലോറിൻ മണമില്ലാത്ത പരിശുദ്ധമായ വെള്ളം! നാടു മുഴുവൻ കരിഞ്ഞുണങ്ങിയ അന്നത്തെ കരിവേനലിലും സ്കൂൾ മുറ്റത്ത് പൂക്കൾ ചിരിച്ചു തന്നെ നിന്നു. എല്ലാ മുഖങ്ങളിലും നിറഞ്ഞ സന്തോഷം, അഭിമാനം!

എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല.

പതിവുപോലെ ഇക്കഴിഞ്ഞ ജൂണിൽ കാലവർഷം വന്നു പോയി. പെരുമഴയത്തു തുറന്നു വച്ച പാത്രം കണക്കെ കിണർ നിറഞ്ഞു കവിഞ്ഞു. ജൂൺ മാസം കഴിഞ്ഞു. മഴ നിലച്ചു. സൂര്യൻ കത്തിപ്പടരാൻ തുടങ്ങി. ജൂലൈ മാസം പകുതി പിന്നിട്ടപ്പോഴേക്കും പമ്പ് ഓപ്പറേറ്റർ ബാബുവണ്ണന്റെ മുഖം കറുത്തു തുടങ്ങി. എന്തോ പ്രശ്നമുണ്ട്! മിന്നൽ വേഗത്തിൽ കിണർ കാലിയാവുന്നു. വെള്ളം മുഴുവൻ എവിടേക്കോ പിൻവലിയുന്ന പോലെ. ജൂൺമാസത്തിൽ നിറഞ്ഞു കിടന്ന കിണർ ഒറ്റ മാസം കൊണ്ട് വറ്റി വരണ്ടു. ഒരു തുള്ളി വെള്ളമില്ല. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഭീമൻ ടാങ്കറുകൾ മടങ്ങി വന്നു. മുറ്റത്തെ പൂക്കൾ വെള്ളം കിട്ടാതെ ദാഹിച്ചു കരിഞ്ഞു.

വറ്റിയ കിണർ ഒരു ദുരന്ത സ്മാരകമായി മുറ്റത്തു പൊടി പിടിച്ചു കിടന്നു. കിണറ്റിൻ കരയിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നു. കിണർ വറ്റാൻ എന്താണു കാരണം? ഇനി എന്തുചെയ്യും? കൂടിയാലോചനകൾക്കൊടുവിൽ തീരുമാനമായി. കിണർ വീണ്ടും കുഴിക്കുക!

പഴയ പണിക്കാർ തന്നെ സർവ സന്നാഹങ്ങളുമായി വീണ്ടുമെത്തി. എട്ടടി വ്യാസത്തിൽ ഇരുപതടി കൂടി കുഴിച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ ജലനിരപ്പുയർന്നില്ല. അടുത്തൊരു മഴക്കാല പരീക്ഷണത്തിനായി കിണർ ബാക്കിയാക്കി അവർ പണിയവസാനിപ്പിച്ചു മടങ്ങി. ഇടയ്ക്ക് അത്ര മോശമല്ലാത്ത ചില മഴകൾ പെയ്തു പോയെങ്കിലും അതൊന്നും കിണറിനെ വേണ്ടതു പോലെ സ്വാധീനിച്ചില്ല.

അങ്ങനെ വെറുതെ മാനം നോക്കിയിരിക്കുന്നതിനിടയിലാണ് കിണറ്റിൻ കരയിലെ ചർച്ചയും ഔസേപ്പേട്ടന്റെ കമന്റും ഓർമ്മയിൽ വന്നത്!

അന്നത് പുച്ഛിച്ചു തള്ളിയെങ്കിലും ആ വാക്കുകൾ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. ഔസേപ്പേട്ടൻ പറഞ്ഞതിൽ കാര്യമില്ലാതില്ല. കിണർ കുഴിച്ച ശേഷമാണ് ആ ഇത്തിരി മുറ്റത്ത് ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ കോർട്ടുകൾ പണിതത്. സിമന്റിടാതെ ഇനി ഇത്തിരി മുറ്റമേ അവശേഷിക്കുന്നുള്ളൂ! മഴ പെയ്തു ചുറ്റും വീഴുന്ന വെള്ളം മുഴുവൻ നിമിഷ നേരം കൊണ്ട് ഓടയിലേക്കൊഴുകിപ്പോകും. ഒരു തുള്ളി വെള്ളം മണ്ണിൽ താണിറങ്ങുന്നില്ല! അതാവുമോ കിണർ വറ്റാൻ കാരണം? എങ്ങനെയും മഴവെള്ളം മണ്ണിലിറക്കിയാൽ രക്ഷപെടുമോ?

രണ്ടും കൽപ്പിച്ച് ആരുമറിയാതെ ഒരു ചെറിയ പണിയൊപ്പിച്ചു. നാലിഞ്ചു കനത്തിലെങ്കിലും ചരൽ വിരിച്ച നിരപ്പുള്ള മുറ്റമാണ്. ഒരു മേസ്തിരിയെ വിളിച്ച് മുറ്റത്തു നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ഓവിന്റെ വായ്ഭാഗത്തിന് അരയടി പൊക്കം കൂട്ടി. ഇനി മഴ പെയ്താൽ വെള്ളം മുറ്റത്തു നിൽക്കും. അത്ര പെട്ടന്ന് ഒഴുകിപ്പോകുന്നതൊന്നു കാണണമല്ലോ! ആരോടും ഒന്നും പറയാതെ അടുത്ത മഴയ്ക്കു വേണ്ടി കാത്തിരുന്നു.

അദ്ഭുതകരമായിരുന്നു അടുത്ത മഴയ്ക്കു ശേഷമുള്ള റിസൽറ്റ്. മുറ്റത്തു വീണ വെള്ളം പെട്ടന്ന് ഒഴുകിപ്പോകാതെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി. പിന്നെ ദിവസങ്ങൾ കൊണ്ട് കിണറ്റിലേക്കും. തുടർന്നുള്ള മഴപ്പെയ്ത്തുകളിലെല്ലാം ഇതാവർത്തിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ വെള്ളമില്ലാതെ ചക്രശ്വാസം വലിച്ച കിണറ്റിൽ ഇപ്പോൾ അൻപതടിയിലേറെ പൊക്കത്തിൽ വെള്ളം! ലാബിൽ ടെസ്റ്റു ചെയ്തു. നല്ലൊന്നാന്തരം കുടിവെള്ളം!

ഇവിടെ കുറിച്ചിട്ട അനുഭവത്തിന് ശാസ്ത്രീയമായ സ്ഥിരീകരണമൊന്നുമില്ല. ഒരു കാര്യമേ പറയാനുള്ളൂ. കുടിവെള്ളത്തിന് പെട്രോളിനേക്കാൾ വിലയുള്ള ഒരു കാലം വരും. അതുകൊണ്ട് വെള്ളം ഒരു തുള്ളി പോലും പാഴാക്കരുത്; അത്ര അമൂല്യമാണത്!

LEAVE A REPLY

Please enter your comment!
Please enter your name here