Tess J S
മനുഷ്യന്‍ വളരെയധികം പേടിയോടെ നോക്കിക്കാണുന്ന ഉരഗജീവിയാണ് പാമ്പ്. ലോകത്തിലാകെ മൂവായിരത്തോളം ഇനങ്ങളില്‍ വിവിധതരം പാമ്പുകള്‍ കാണപ്പെടുന്നു. അണലി, ശംഖുവരയന്‍, മൂര്‍ഖന്‍ എന്നിവയാണ് ഇന്ത്യയിലെ വിഷമേറിയ പാമ്പുകള്‍. വിഷമുള്ള പാമ്പുകളില്‍ ഏറ്റവും നീളം കൂടുതലുള്ള രാജവെമ്പാലയാണ് കൂടുണ്ടാക്കുന്ന ഏക പാമ്പും. നീളത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന പെരുമ്പാമ്പ് മുന്‍പില്‍ നില്‍ക്കുന്നുവെങ്കില്‍ തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ആനക്കോണ്ടയാണ് ഭാരത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പാണ് അണലി. കരയിലെ പാമ്പുകളെക്കാള്‍ കടല്‍പ്പാമ്പുകള്‍ക്കാണ് വിഷം കൂടുതല്‍. പാമ്പുകളുടെ വിഷത്തിന് മഞ്ഞനിറമാണ്. പാമ്പ് കടിയേറ്റ വ്യക്തിക്ക് കുത്തിവയ്ക്കുന്ന ആന്റിവെനം എന്ന ഔഷധം പാമ്പുകളുടെ ശരീരത്തല്‍ നിന്ന് തന്നെയാണ് ഉല്പാദിപ്പിക്കുന്നത്. ചത്ത ജീവികളെ സാധാരണയായി പാമ്പുകള്‍ ആഹാരമാക്കാറില്ല.
ഇന്ത്യയില്‍ 250-ല്‍ അധികം ഇനം പാമ്പുകളുണ്ടെങ്കിലും ഇവയില്‍ വിഷമുള്ള പാമ്പുകള്‍ വളരെ കുറവാണ്. റാറ്റ് സ്‌നേക്ക് എന്നറിയപ്പെടുന്ന ചേരകള്‍ക്ക് വിഷമില്ല. വലിയ ഇനം പാമ്പായ പെരുമ്പാമ്പുകള്‍ക്കും വിഷമില്ല. ഇവ ഇരയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാറാണ് പതിവ്.
കേള്‍വിശക്തിയില്ലാത്ത പാമ്പുകള്‍ക്ക് മണ്ണിലെ തരംഗങ്ങളെ തിരിച്ചറിഞ്ഞു മുന്നേറാന്‍ കഴിയുന്നു. ഏറ്റവും കൂടുതല്‍ വാരിയെല്ലുള്ള ജീവിയാണ് പാമ്പ്. വിഷപാമ്പുകളുടെ ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്നാണ് വിഷം പുറത്തേക്ക് വരുന്നത്. പാമ്പുകളെക്കുറിച്ചുള്ള പഠനം ഓഫിയോളജി എന്നറിയപ്പെടുന്നു.