Tess J S
ഇന്ത്യയുടെ ദേശീയമൃഗമായ കടുവയുടെ ശാസ്ത്രീയനാമമാണ് പാന്തെറ ടൈഗ്രിസ്. വനങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്ന ഇവ ഇന്ന് എണ്ണത്തില്‍ വളരെ കുറവാണ്. ലോകത്തില്‍ ഇന്ന് ആകെയുള്ള കടുവകളുടെ നാല്‍പത് ശതമാനവും ഇന്ത്യന്‍ കാടുകളിലാണുള്ളത്. കാട്ടിലെ രാജാവ് സിംഹമാണെങ്കിലും, അവയെക്കാള്‍ ഭാരത്തിലും ശക്തിയിലും മുന്‍പില്‍ നില്‍ക്കുന്നത് കടുവകളാണ്.
ഓറഞ്ച് നിറത്തില്‍ കറുത്ത വരകളോട് കൂടിയ ശരീരമാണ് ഇവയ്ക്കുള്ളത്. എട്ടടിയോളം നീളംവയ്ക്കുന്ന ഇവയ്ക്ക് 240 കിലോ വരെ ശരീരഭാരമുണ്ടാകാറുണ്ട്. മാര്‍ജ്ജാരകുടുംബത്തിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് കടുവ. മാന്‍, മ്ലാവ്, പന്നി, കാട്ടുപോത്ത് എന്നിവയാണ് പ്രധാനപ്പെട്ട ആഹാരം. 40 കിലോഗ്രാം വരെ മാംസം ഒറ്റയിരുപ്പില്‍ കടുവകള്‍ അകത്താക്കാറുണ്ട്. വേഗത്തില്‍ ഓടാനും, വെള്ളത്തില്‍ അനായാസം നീന്താനും ഇവയ്ക്കാകും. പതുങ്ങിയിരുന്ന് ഇരകളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഇവ അടുത്തെത്തുമ്പോള്‍ മാത്രമെ ഇരയുടെ കണ്ണില്‍പെടുകയുള്ളു. രാത്രികാലങ്ങളില്‍ വേട്ടയാടാന്‍ ഇഷ്ടപ്പെടുന്നവരാണ് കടുവകള്‍. കൂര്‍ത്ത പല്ലുകള്‍ ഇരയെ കീറിമുറിക്കാന്‍ സഹായിക്കുന്നു. ജലാശയത്തോട് ചേര്‍ന്ന് ഉള്‍വനത്തില്‍ താമസിക്കാനാണ് കടുവകള്‍ ഇഷ്ടപ്പെടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയാകുന്ന ഇവയുടെ ശരാശരി ആയുസ്സ് 25 വര്‍ഷമാണ്. ഗര്‍ഭകാലം 100 മുതല്‍ 115 ദിവസം വരെ നീണ്ടുപോകുന്നു. 4 കുഞ്ഞുങ്ങള്‍ വരെയണ് ഒരു പ്രസവത്തില്‍ പതിവ്. കാഴ്ച്ചശക്തിയുടെ കാര്യത്തില്‍ വളരെ പിന്നിലാണെങ്കിലും കേള്‍വിശക്തിയും, മണം പിടിച്ച് ഇരയെ കണ്ടെത്താനുള്ള കഴിവും കൂടുതലാണ്.
ഏറ്റവും വലിയ ഇനം കടുവ സൈബീരിയന്‍ കടുവയാണ്. ബാലിയന്‍ കടുവ, ജാവ കടുവ തുടങ്ങിയവ വംശനാശം സംഭവിച്ച കടുവ ഇനങ്ങളാണ്. ഒറ്റയ്ക്കു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ വേട്ടയ്ക്കിറങ്ങുന്നതും ഒറ്റയായാണ്. കടുവകളുടെ സംരക്ഷണാര്‍ത്ഥം ഇന്ത്യയില്‍ ആരംഭിച്ച ആദ്യത്തെ നാഷണല്‍ പാര്‍ക്കാണ് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്.