Tess J S
കരയിലും, കടലിലും, ശുദ്ധജലത്തിലുമായി നിരവധിയിനം ആമകളുണ്ട്. കട്ടിയുള്ള പുറംതോടിനുള്ളില്‍ കഴിയുന്ന ഈ ഉരഗജീവി, കോടിക്കണക്കിനു വര്‍ഷങ്ങള്‍ ഭൂമിയില്‍ അതിജീവിച്ചു വന്നവരാണ്. ഉരഗങ്ങളുടേത് പോലെ തന്നെ കരയില്‍ മുട്ടയിടുകയും വായു ശ്വസിക്കുകയും ചെയ്യുന്നവരാണ് ആമകള്‍. കരയാമയെ ടോര്‍ട്ടോയിസ് എന്നും കടലാമയെ ടര്‍ട്ടില്‍ എന്നും അറിയപ്പെടുന്നു.
ജീവികളില്‍ ഏറ്റവുമധികം ആയൂര്‍ദൈര്‍ഘ്യമുള്ള ആമകളുടെ ആയുസ്സ് ശരാശരി 150 വര്‍ഷമാണ്. കരയാമകള്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും ഗാലപ്പഗോസ് ദ്വീപുകളില്‍ മാത്രം ഭീമന്‍ കരയാമകളെ കാണാനാകും. ആമകള്‍ മുട്ടയിടുന്നത് രാത്രികാലങ്ങളിലാണ്. മണലില്‍ കുഴിയുണ്ടാക്കി പെണ്‍ ആമകള്‍ മുട്ടകള്‍ നിക്ഷേപിക്കുകയും ശേഷം അത് മൂടുകയും ചെയ്യുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്താണ് ഇവ ഇണ ചേരുന്നതും മുട്ടയിടുന്നതും. ഒരു തവണ 180 മുട്ടകള്‍ വരെയിടുന്ന ഇവയുടെ മുട്ട വിരിയാന്‍ മൂന്ന് മാസം വരെ സമയമെടുക്കുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന അപൂര്‍വ്വയിനം ആമകളാണ് നക്ഷത്ര ആമകള്‍. അലങ്കാരവസ്തുവായ തോടിന് വേണ്ടി ഇവയെ വലിയതോതില്‍ കൊന്നൊടുക്കുന്നു. കേരളത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ധാരളമായി കാണപ്പെടുന്നവയാണ് ഇവ.
കരയാമകളെ അപേക്ഷിച്ച് കടലാമകള്‍ക്ക് വളരെയേറെ സവിശേഷതകളുണ്ട്. വെള്ളത്തില്‍ നീന്താന്‍ സഹായിക്കുന്ന പരന്ന നീളമുള്ള കൈകാലുകള്‍ ചിറകുകള്‍ പോലെ രൂപപ്പെട്ടിരിക്കുന്നു. ആമകള്‍ പൊതുവെ നിശബ്ദ ജീവികളാണ്. ഭൂരിഭാഗം ആമകളും ശബ്ദമുണ്ടാക്കാറില്ല. സസ്യവും, മാംസവും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍.